പന്ത് കൊണ്ടും ക്യാപ്റ്റന്‍സി തീരുമാനങ്ങള്‍ക്കൊണ്ടും ബുംറ മുന്നില്‍ നിന്നു നയിച്ച് ചരിത്ര വിജയമാണ് പെര്‍ത്തില്‍ ടീമിനു സമ്മാനിച്ചത്

Team's man Bumrah
ജസ്പ്രിത് ബുംറSource by : എക്സ്
Last Updated :2 December 2024, 3:34 pm IST

News Now

ന്യൂഡല്‍ഹി: ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ ജസ്പ്രിത് ബുംറയ്ക്ക് ക്യാപ്റ്റനാകാനുള്ള എല്ലാ മികവുമുണ്ടെന്നു ചേതേശ്വര്‍ പൂജാര. രോഹിത് ശര്‍മയ്ക്കു ശേഷം ബുംറ ഇന്ത്യയുടെ നായകനാകാനുള്ള എല്ലാ സാധ്യതകളുമുണ്ടെന്നും പൂജാര.

വന്‍ സമ്മര്‍ദ്ദത്തില്‍ നില്‍ക്കെയാണ് ഇന്ത്യ ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി എത്തിയത്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ടീമിനെ നയിച്ചത് വൈസ് ക്യാപ്റ്റനായ ബുംറയായിരുന്നു. പന്ത് കൊണ്ടും ക്യാപ്റ്റന്‍സി തീരുമാനങ്ങള്‍ക്കൊണ്ടും ബുംറ മുന്നില്‍ നിന്നു നയിച്ച് ചരിത്ര വിജയമാണ് ടീമിനു സമ്മാനിച്ചത്.

'കളത്തില്‍ ബുംറയ്ക്ക് ഒരു സംശയങ്ങളുമുണ്ടായിരുന്നില്ല. നാട്ടില്‍ പരമ്പര നഷ്ടമായി അത്രയും കഠിനമായ അവസ്ഥയിലാണ് ടീം കടന്നു പോയത്. അത്തരമൊരു ഘട്ടത്തില്‍ പോലും ഓസ്‌ട്രേലിയയിലെ ബുദ്ധിമുട്ടുള്ള സാഹചര്യത്തെ വരുതിയിലാക്കി കളി ജയിക്കാമെന്നു അദ്ദേഹം തെളിയിച്ചു കഴിഞ്ഞു.'

'ഇനിയും ടീമിനെ നയിക്കാന്‍ അദ്ദേഹത്തിനു കഴിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അദ്ദേഹം ടീം മാനാണ്. അദ്ദേഹം ടീമിനെ കുറിച്ചും സഹ താരങ്ങളെ കുറിച്ചുമാണ് എപ്പോഴും സംസാരിച്ചത്. എപ്പോഴെങ്കിലും തന്നെക്കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ടോ.'

'ടീമില്‍ പരിചയ സമ്പത്തുള്ള മറ്റൊരു താരമുണ്ടെങ്കില്‍ ക്യാപ്റ്റന്‍ സഹ താരങ്ങളെ ഉപദേശിക്കേണ്ടതില്ല. അപ്പോള്‍ നിശബ്ദത പാലിക്കുകയാണ് വേണ്ടത്. അതാണ് നല്ല നായകന്റെ ലക്ഷണം. സഹ താരങ്ങളെ തുല്യമായി കാണുന്നതായിരിക്കണം ക്യാപ്റ്റന്റെ സമീപനം. ബുംറ അത്തരമൊരു നായകനാണ്.'

ഡ്രസിങ് റൂമില്‍ സഹ താരങ്ങളുമായി നല്ല സൗഹാര്‍ദമുണ്ടാക്കുന്നു. അവര്‍ക്ക് തന്റെ എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. എപ്പോഴും സംസാരിക്കാന്‍ കഴിയുന്ന നല്ല വ്യക്തിയാണ് ബുംറ. എളിമയുള്ള മനുഷ്യന്‍'- പൂജാര വ്യക്തമാക്കി.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിനു മുന്നിലാണ്. ഈ മാസം 6 മുതല്‍ 10 വരെ അഡ്‌ലെയ്ഡിലാണ് രണ്ടാം ടെസ്റ്റ്. പകല്‍- രാത്രി പോരാട്ടം പിങ്ക് പന്തിലാണ് അരങ്ങേറുക. രണ്ടാം ടെസ്റ്റില്‍ രോഹിത് നായകനായി തിരിച്ചെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates