വീണ്ടും വൈഭവ് ഷോ! രണ്ടാം ടി20 അര്‍ധ സെഞ്ച്വറി

ഈ പരമ്പരയില്‍ താരം നേടുന്ന രണ്ടാമത്തെ അര്‍ധ സെഞ്ച്വറി

Vaibhav Sooryavanshi batting
Vaibhav Sooryavanshix
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :26 ജൂലൈ 2026, 5:37 pm IST

ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ മൂന്നാം ടി20 പോരാട്ടത്തില്‍ ഇന്ത്യക്കായി അര്‍ധ സെഞ്ച്വറി നേടിയ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി. ഈ പരമ്പരയില്‍ താരം നേടുന്ന രണ്ടാമത്തെ അര്‍ധ സെഞ്ച്വറിയും കരിയറിലെ രണ്ടാം ടി20 അര്‍ധ ശതകവുമാണ് താരം സ്വന്തമാക്കിയത്. 31 പന്തിലാണ് താരം 50ല്‍ എത്തിയത്. 49 പന്തിൽ 8 ഫോറും 4 സിക്സും സഹിതം സൂര്യവംശി 81 റൺസുമായി മടങ്ങി. കന്നി അന്താരാഷ്ട്ര സെഞ്ച്വറി വക്കിലാണ് താരം വീണത്. ടി20 അന്താരാഷ്ട്ര ക്രിക്കറ്റിലെ താരത്തിന്റെ ഉയർന്ന വ്യക്തി​ഗത സ്കോറും ഇതുതന്നെ.

ടോസ് നേടി ബാറ്റിങിനു ഇറങ്ങിയ ഇന്ത്യക്കായി അഭിഷേക് ശര്‍മ ഇത്തവണയും നിരാശപ്പെടുത്തി. തുടരെ നാലാം പോരാട്ടത്തിലും താരത്തിനു രണ്ടക്കം കടക്കാന്‍ സാധിച്ചില്ല. മൂന്നാം പോരില്‍ അഭിഷേക് 2 റണ്‍സുമായി മടങ്ങി.

കഴിഞ്ഞ മത്സരത്തിലെ ഹീറോ ഇഷാന്‍ കിഷന്‍ ഭേദപ്പെട്ട ബാറ്റിങ് നടത്തി മടങ്ങി. താരം 29 റണ്‍സുമായി പുറത്തായി.

ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-0ത്തിനു ഉറപ്പിച്ചാണ് മൂന്നാം പോരിനിറങ്ങുന്നത്. ഇതും ജയിച്ച് പരമ്പര തൂത്തുവാരാനാണ് ഇന്ത്യ നോക്കുന്നത്. ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായ ശേഷം ഇന്ത്യ നേടുന്ന ആദ്യ ടി20 പരമ്പര കൂടിയാണിത്. വൈറ്റ് വാഷ് വിജയത്തിന്റെ തിളക്കം കൂട്ടും.

നേരത്തെ ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് ടീമുകള്‍ക്കെതിരായ പരമ്പര ഇന്ത്യ സമ്പൂര്‍ണമായി അടിയറ വച്ചാണ് സിംബാബ്‌വെയെ നേരിടാനെത്തിയത്. ജയം ടീമിന്റെ തിരിച്ചു വരവിന് ആത്മവിശ്വാസം നല്‍കുന്നതുമാണ്. പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യ 7 വിക്കറ്റിനാണ് വിജയിച്ചത്. രണ്ടാം മത്സരത്തില്‍ ഇന്ത്യ 90 റണ്‍സിന്റെ മിന്നും ജയവും സ്വന്തമാക്കി.

ഇന്ത്യ പ്ലെയിങ് ഇലവന്‍: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, റിങ്കു സിങ്, ശിവം ദുബെ, രവി ബിഷ്ണോയ്, പ്രിന്‍സ് യാദവ്, യഷ് ഠാക്കൂര്‍, മായങ്ക് യാദവ്.

News Now

Summary

India vs Zimbabwe 3rd T20I Vaibhav Sooryavanshi hits fifty

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates