'വൈഭവ് സൂര്യവംശിയുടെ ബാറ്റിങ്'... 'wow'!!!

കൗമാര വിസ്മയത്തിന്റെ ബാറ്റിങിനെക്കുറിച്ച് ഇന്ത്യയുടെ പുതിയ ടെസ്റ്റ് സ്പഷെലിസ്റ്റ് ധ്രുവ് ജുറേൽ

Vaibhav Sooryavanshi batting
Vaibhav Sooryavanshi x
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :27 സെപ്റ്റംബർ 2026, 11:53 am IST

വൈഭവ് സൂര്യവംശി ഇതുവരെ ഇന്ത്യൻ പ്ലെയിങ് ഇലവനിൽ സ്ഥാനം ഉറപ്പിച്ച പേരായിരിക്കില്ല. എന്നാൽ കേവലം 15ാം വയസിൽ തന്നെ ഐപിഎല്ലിൽ 700നു മുകളിൽ റൺസടിച്ചും ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ ദീർഘകാലം തകരാതെ നിന്ന വയസിന്റെ റെക്കോർഡ് പൊളിച്ചെഴുതി ഇന്ത്യയുടെ സീനിയർ‌ ടീമിൽ അരങ്ങേറിയും വൈഭവ് ക്രിക്കറ്റിനും അപ്പുറം പടർന്നു പന്തലിച്ച ഒരു പ്രതിഭാസമായി മാറി. ഇന്ത്യയുടെ ടി20 ലോകകപ്പ് നേടിയ പ്രമുഖ താരങ്ങൾക്കൊപ്പം ഈ കൗമാരക്കാരൻ ഇതിനോടകം ഡ്രസിങ് റൂം പങ്കിടുന്നുമുണ്ട്. അദ്ദേഹത്തിന്റെ ഈ അതിവേ​ഗ വളർച്ച ടീമിലെ സ്ഥാനങ്ങൾക്കായുള്ള മത്സരത്തെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയർത്തുന്നു. ടി20 ലോകകപ്പ് ഇന്ത്യ നിലനിർത്തുന്നതിൽ നിർണായക പങ്കുവഹിച്ച മലയാളി ഓപ്പണർ സഞ്ജു സാംസൺ‌ അടക്കമുള്ള താരങ്ങളുടെ സ്ഥാനങ്ങൾക്കാണ് വൈഭവ് ഭീഷണിയായി നിൽക്കുന്നത്.

എന്നാൽ, ടീമിനുള്ളിലെ ഈ വിഷയങ്ങളെ അത്ര ​ഗൗരവത്തിൽ കാണേണ്ടതില്ലെന്നാണ് ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ അനിവാര്യനായി തീർന്ന ധ്രുവ് ജുറേൽ പറയുന്നത്. സഞ്ജുവിനേയും വൈഭവിനേയും താരതമ്യം ചെയ്യുന്നതിൽ അർഥമില്ലെന്നും ജുറേൽ ചൂണ്ടിക്കാട്ടുന്നു. മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുടെ പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് ജുറേൽ ഇക്കാര്യം പറഞ്ഞത്. കളിക്കാർ തമ്മിൽ സമാന കഴിവുകളോ ശൈലികളോ ഉള്ളപ്പോഴാണ് താരതമ്യങ്ങൾക്ക് പ്രസക്തിയുള്ളത്. എന്നാൽ സൂര്യവംശിയുടെ ബാറ്റിങ് നമുക്ക് ഉൾക്കൊള്ളാൻ പോലും പ്രയാസമുള്ള മറ്റൊരു തലത്തിലാണെന്നു രാജസ്ഥാൻ റോയൽസിൽ വൈഭവിനൊപ്പം കളിക്കുന്ന ജുറേൽ പറയുന്നു.

വെറും രണ്ട് വർഷത്തിനുള്ളിൽ സൂര്യവംശി ദേശീയ തരം​ഗമായും അതോടൊപ്പം ആ​ഗോള കായിക ആകർണവുമായി മാറി. ഫുട്ബോളിൽ സ്പാനിഷ് താരം ലമീൻ യമാൽ മാത്രമായിരിക്കും ഇതിനേക്കാൾ വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കിയ താരം. എന്നാൽ ക്രിക്കറ്റിൽ സൂര്യവംശിയുടെ ജനപ്രീതിയ്ക്ക് മറ്റാരുമായും താരതമ്യമില്ലാത്ത ഒരു തനിമയുണ്ട്.

'സൂര്യവംശി എല്ലാ പ്രശംസകൾക്കും അർഹനായ താരമാണ്. അദ്ദേഹം ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് നമുക്കൊന്നും സ്വപ്നം കാണാൻ പോലും കഴിയാത്ത കാര്യമാണ്. എല്ലാവരേയും തല്ലിത്തകർക്കുന്ന ഒരു 15കാരൻ. അത് കാണുമ്പോൾ 'വൗ' (wow) എന്നു മാത്രമേ പറയാനാകു. സത്യസന്ധമായി പറഞ്ഞാൽ ഇവിടെ അസൂയ ഇല്ല. താരതമ്യവും ഇല്ല. ഇതിൽ താരതമ്യം ചെയ്യാൻ എന്തിരിക്കുന്നു. നമ്മുടെ ചിന്തകൾക്കും അപ്പുറമാണ് വൈഭവിന്റെ ബാറ്റിങ്.'

'നമുക്കും സമാനമായ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നു തോന്നുമ്പോഴാണ് താരതമ്യങ്ങൾ ഉണ്ടാകുന്നത്. വൈഭവ് മികച്ച ബാറ്ററാണ്. സത്യം പറഞ്ഞാൽ ഞങ്ങളൊക്കെ അദ്ഭുതത്തോടെയാണ് ഇത് നേരിൽ കാണുന്നത്. ബാറ്റർമാർ എന്ന നിലയിൽ ടീമിലെ മറ്റ് താരങ്ങളുടെ ജോലി എളുപ്പമാക്കുന്നുണ്ട് വൈഭവ്. പവർപ്ലേയിൽ അദ്ദേഹം അടിച്ചുകളിച്ചുകൊണ്ടിരിക്കും. അദ്ദേഹം അത്തരത്തിൽ ബാറ്റ് ചെയ്യുമ്പോൾ ഞങ്ങൾക്കും അതുപോലെ കളിക്കണമെന്നു തോന്നും'- ജുറേൽ വ്യക്തമാക്കി.

ടെസ്റ്റിൽ മികച്ച ഫോമിലാണ് ധ്രുവ് ജുറേൽ ബാറ്റ് ചെയ്യുന്നത്. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസെടുത്ത ഇന്ത്യൻ താരങ്ങളിൽ ദേവ്ദത്ത് പടിക്കലിനു പിന്നിൽ രണ്ടാമതായും ആകെ പട്ടികയിൽ മൂന്നാമതും ജുറേലുണ്ട്. ടെസ്റ്റ് ടീമിൽ ഋഷഭ് പന്തിനൊപ്പം ഒരു സ്ഥാനത്തിനായി ജുറേൽ പോരാടുന്നുണ്ടായിരുന്നു. എന്നാൽ മാനേജ്മെന്റ് താരത്തെ ഒരു ടെസ്റ്റ് സ്പെഷലിസ്റ്റ് ബാറ്ററായി കളിപ്പിച്ചു. ആ സ്ഥാനത്ത് താൻ മികച്ചവനെന്നു ജുറേൽ തെളിയിക്കുകയും ചെയ്തു.

News Now

Summary

Vaibhav Sooryavanshi may not yet be a guaranteed name in India’s Playing XI, but at just 15, the teenager has already grown into a phenomenon that extends far beyond Indian cricket

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates