15 വയസ്, സമ്പാദ്യം 10 കോടി! വൈഭവിന്റെ ആസ്തിയിൽ വളർച്ച

ബ്രാൻഡ് മൂല്യം കുത്തനെ ഉയരുന്നു, താരത്തിന്റെ മറുപടി കാത്ത് വൻ കമ്പനികൾ

Vaibhav Sooryavanshi
Vaibhav Sooryavanshi source: bcci
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :11 ഓഗസ്റ്റ് 2026, 1:13 pm IST

15ാം വയസിൽ ഇന്ത്യൻ ടീമിലെത്തി ചരിത്രമെഴുതിയ വൈഭവ് സൂര്യവംശിയുടെ വളർച്ച അതിവേ​ഗമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ചെറിയ പ്രായത്തിൽ തന്നെ തന്റെ ഇടം കസേരയിട്ട് ഉറപ്പിച്ച വണ്ടർ കിഡ് മിന്നും ബാറ്റിങുമായി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുന്നത് തുടരുന്നു. ഒപ്പം താരം പരസ്യ വിപണിയിലും അത്ഭുതമായി മാറുകയാണ്. മൈതാനത്തെ പ്രകടനങ്ങൾ പ്രമുഖ ബ്രാൻഡുകളുടെ ശ്രദ്ധ കൗമാരക്കാരനിൽ എത്തിച്ചിട്ടുണ്ട്.

ചില ബ്രാൻഡുകൾ ​ദീർഘകാലത്തേക്ക് താരവുമായി ഇപ്പോൾ തന്നെ കരാറിൽ എത്തിയിട്ടുണ്ട്. മറ്റ് ചില ബ്രാൻഡുകൾ താരത്തിന്റെ മറുപടിക്കായി കാത്തു നിൽക്കുന്നു.

2026ലെ ഐപിഎൽ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനായി മിന്നും ഫോമിൽ ബാറ്റ് വീശിയതോടെയാണ് വൈഭവിന്റെ ബ്രാൻഡ് മൂല്യം ഉയർന്നത്. ഇതോടെ താരത്തിന്റെ ബ്രാൻഡ് എൻഡോഴ്സ്മെന്റ് ഫീസ് വർധിക്കുകയും ചെയ്തു. ഒരു വാണിജ്യ ഡീലിന്റെ മൂല്യം ഒരു കോടി രൂപ കടന്നതായാണ് റിപ്പോർട്ട്. നിലവിൽ താരത്തിന്റെ ആസ്തി ഏകദേശം 7 കോടി മുതൽ 10 കോടി വരെയാണ്. ഐപിഎൽ ശമ്പളം, മാച്ച് ഫീസ്, ആഭ്യന്തര ക്രിക്കറ്റ്, വളരുന്ന ബ്രാൻഡ് എൻഡോഴ്സമെന്റ് കരാറുകൾ തുടങ്ങിയവയെല്ലാം വരുമാന വർധനവിന്റെ സ്രോതസുകളാണ്.

അതേസമയം 15 വയസ് മാത്രം പ്രായമുള്ള കരിയറിന്റെ തുടക്കത്തിൽ മാത്രമായ മകനെ അമിതമായ പരസ്യങ്ങളിലേക്ക് വിട്ടുകൊടുക്കാൻ മാതാപിതാക്കൾ ആ​ഗ്രഹിക്കുന്നില്ല. എന്നാൽ താരത്തിന്റെ വാണിജ്യപരമായ വളർച്ച ഇപ്പോൾ തന്നെ ഉയർന്ന ​ഗ്രാഫിലാണ് നീങ്ങുന്നത്.

വൈഭവുമായി കരാറിലുള്ള കമ്പനികൾ

എസ്എസ് ബാറ്റ്സ് (സരൺ സ്പോർട്സ്): സച്ചിൻ ടെണ്ടുൽക്കർ തന്റെ ഐക്കണിക്ക് 'എംആർഎഫ് ബാറ്റ്' സ്പോൺസർഷിപ്പിലൂടെ പ്രസിദ്ധനായതു പോലെ വൈഭവ് ഇതുവരെ ഒരു കോർപറേറ്റ് ഭീമനുമായി വലിയ കരാറിലൊന്നും എത്തിയിട്ടില്ല. എന്നാൽ പ്രതിവർഷം ഏതാണ്ട് 50 ലക്ഷം രൂപ വിലമതിക്കുന്ന സരൺ സ്പോർസുമായി (എസ്എസ്) ഒരു എക്വിപ്മെന്റ് കരാറുണ്ട്. എസ്എസ് ഇതിനോടകം തന്നെ വിപണിയിൽ സ്പെഷ്യൽ വൈഭവ് സൂര്യവംശി ബാറ്റുകളും പുറത്തിറക്കിയിട്ടുണ്ട്.

കോംപ്ലാൻ: സച്ചിനും ധോനിയുമൊക്കെ കരാറിലെത്തിയ കോംപ്ലാൻ കമ്പനിയുമായി വൈഭവും നിലവിൽ കാരാറിലെത്തിയിട്ടുണ്ട്. 'തോഡ പ്ലാൻ, തോഡ കോംപ്ലാൻ' പരസ്യ പ്രചാരണ മുഖമായി വൈഭവ് മാറി. യുവ അത്‍ലറ്റിന്റെ വളർച്ചയുമായി ബന്ധപ്പെട്ടാണ് പരസ്യം.

​ഗൂ​ഗിൾ പേ: ​കൗമാരക്കാർ സുരക്ഷിതമായി പണം കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകത പ്രോത്സാഹിപ്പിക്കുന്ന ​ഗൂ​ഗിൾ പേ ക്യാംപെയ്ൻ മുഖമാണ് വൈഭവ്. മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച യുപിഐ സംവിധാനം വൈഭവ് ഉപയോ​ഗിക്കുന്നതാണ് പരസ്യം.

റെഡ‍് ബുൾ: ഐപിഎല്ലിലെ ഇക്കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസ് സഹ താരം ധ്രുവ് ജുറേലിനൊപ്പം ഒരു റെഡ് ബുൾ ചലഞ്ചിൽ വൈഭവ് പങ്കെടുത്തിരുന്നു. 30 പന്തിൽ 60 റൺസ് നേടുക എന്നതായിരുന്നു ചലഞ്ച്.

ഝാർഖണ്ഡ് ആരോ​ഗ്യ വകുപ്പ്: വൈഭവിനെ സംസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസഡറായി നിയമിക്കുമെന്നു ഇക്കഴിഞ്ഞ മെയിൽ ഝാർഖണ്ഡ് ആരോ​ഗ്യ മന്ത്രി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ യുവജനങ്ങൾക്കിടയിൽ ആരോ​ഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു പ്രഖ്യാപനം.

News Now

Summary

Vaibhav Sooryavanshi's brand value has soared rapidly after the IPL 2026 season

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics