പരിക്കുണ്ടായിട്ടും വരുണ്‍ ചക്രവര്‍ത്തി ടീമില്‍; ആപ്പോള്‍ രോഹിതിന് വേറെ നിയമമോ; ഇന്ത്യന്‍ ക്രിക്കറ്റില്‍ മറ്റൊരു വിവാദം

Last Updated :20 January 2024, 8:32 am IST

News Now

മുംബൈ: ഇന്ത്യന്‍ ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനവുമായി ബന്ധപ്പെട്ട് മറ്റൊരു വിവാദം കൂടി. പരിക്കിന്റെ പേരില്‍ രോഹിത് ശര്‍മയ്ക്ക് സ്ഥാനം നിഷേധിച്ച സെലക്ടര്‍മാര്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരവും സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ഉള്‍പ്പെടുത്തിയതാണ് ഇപ്പോള്‍ വിവാദമായി മാറിയിരിക്കുന്നത്. തോളിനു പരിക്കുള്ളതിനാല്‍ പന്തെറിയാന്‍ ബുദ്ധിമുട്ടുള്ള വരുണിനെ എന്തിന് ടീമില്‍ ഉള്‍പ്പെടുത്തി എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. 

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന, ട്വന്റി20 ടീമുകളെ ഒക്ടോബര്‍ 26നാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ഇതില്‍ ടി20 ടീമിലാണ് വരുണിനെ ഉള്‍പ്പെടുത്തിയത്. എന്നാല്‍, താരത്തിന് പരിക്കുള്ള വിവരം ടീം തിരഞ്ഞെടുപ്പിന്റെ സമയത്ത് സെലക്ടര്‍മാര്‍ക്ക് അറിയാമായിരുന്നോ എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. 

വരുണ്‍ ചക്രവര്‍ത്തിക്ക് വലതു തോളിനാണ് പരിക്ക്. സാധാരണ ഗതിയില്‍ ശസ്ത്രക്രിയ ആവശ്യമുള്ള പരിക്കാണിത്. ഏതാണ്ട് ആറാഴ്ചയോളം വിശ്രമവും വേണ്ടിവരും. ഈ പരിക്കുമൂലം പന്തെറിയാന്‍ അദ്ദേഹത്തിന് സാധിക്കില്ല. ഐപിഎലില്‍ കളിക്കുന്നതിനാണ് മുന്‍പ് ശസ്ത്രക്രിയയ്ക്ക് തയാറാകാതിരുന്നത്. നിലവില്‍ വരുണ്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പന്തെറിയാന്‍ സാധിച്ചാല്‍ പോലും ഓസ്‌ട്രേലിയയിലെ വലിയ ഗ്രൗണ്ടുകളില്‍ ഫീല്‍ഡ് ചെയ്യാനും നീട്ടിയെറിയാനും കഴിയുമോയെന്ന് സംശയമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 

അതേസമയം, വരുണ്‍ ചക്രവര്‍ത്തിക്ക് പരിക്കുള്ള കാര്യം അദ്ദേഹത്തിന്റെ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎലിനിടെ സെലക്ടര്‍മാരെയോ ദേശീയ ക്രിക്കറ്റ് അക്കാദമിയെയോ അറിയിച്ചിരുന്നില്ലെന്നാണ് വിവരം. ടീമിന്റെ ഐപിഎല്‍ കാമ്പെയിന്‍ അവസാനിച്ച ശേഷമാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കൊല്‍ക്കത്ത ടീം ബിസിസിഐയ്ക്ക് കൈമാറിയത്.

നവംബര്‍ 12ന് ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി പുറപ്പെടുന്ന ഇന്ത്യന്‍ സംഘത്തിനൊപ്പമാണ് നിലവില്‍ വരുണ്‍. ഐപിഎലില്‍നിന്ന് പുറത്തായ ടീമുകളിലെ ഇന്ത്യന്‍ താരങ്ങള്‍ ഓസീസ് പര്യടനത്തിനു മുന്നോടിയായുള്ള ബയോ സെക്യുര്‍ ബബിളിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. മറ്റു താരങ്ങള്‍ക്കൊപ്പം വരുണും ദുബായിലെ ഐസിസി അക്കാദമിയില്‍ പരിശീലനം നടത്തുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates