വിദര്‍ഭയ്‌ക്കെതിരായ രഞ്ജി ഫൈനലില്‍ കേരളത്തിനു 7 വിക്കറ്റുകള്‍ നഷ്ടം

 Sachin Baby loses century
സച്ചിന്‍ ബേബിSource by : എക്സ്
Last Updated :28 February 2025, 3:53 pm IST

News Now

നാഗ്പുര്‍: വിദര്‍ഭയ്‌ക്കെതിരായ രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തിന്റെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്ക് സെഞ്ച്വറി നഷ്ടം. 98 റണ്‍സില്‍ സച്ചിന്‍ പുറത്തായി. വിദര്‍ഭ ഒന്നാം ഇന്നിങ്‌സില്‍ 379 റണ്‍സെടുത്തിരുന്നു. നിലവില്‍ കേരളം 7 വിക്കറ്റ് നഷ്ടത്തില്‍ 332 റണ്‍സെന്ന നിലയിലാണ്. 24 റണ്‍സുമായി ജലജ് സക്‌സേനയും 5 റണ്‍സുമായി ഏദന്‍ ആപ്പിള്‍ ടോമുമാണ് ക്രീസില്‍. നിര്‍ണായക ലീഡിലേക്ക് കേരളത്തിനു ഇനി 47 റണ്‍സ് കൂടി വേണം.

ആദിത്യ സാര്‍വതെയ്ക്ക് പിന്നാലെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും ക്രീസില്‍ നിന്നു പൊരുതിയത് കേരളത്തിനു ബലമായി. അര്‍ഹിച്ച സെഞ്ച്വറിയാണ് താരത്തിനു നഷ്ടമായത്.

3 വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെന്ന നിലയിലാണ് കേരളം മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയത്. സ്‌കോര്‍ 170ല്‍ നില്‍ക്കെയാണ് നാലാം വിക്കറ്റ് നഷ്ടമായത്. ആദിത്യ സാര്‍വതെ 79 റണ്‍സുമായി മടങ്ങി. രണ്ടാം ദിനം മുതല്‍ മികവോടെ ബാറ്റ് വീശിയ താരം 10 ഫോറുകള്‍ സഹിതമാണ് അവിസ്മരണീയ ഇന്നിങ്സ് പുറത്തെടുത്തത്. പിന്നാലെ ക്രീസിലെത്തിയ സല്‍മാന്‍ നിസാര്‍ മികച്ച രീതിയില്‍ ബാറ്റ് വീശുന്നതിനിടെ പുറത്തായി. താരം 21 റണ്‍സെടുത്തു. പിന്നീടു വന്ന മുഹമ്മദ് അസ്ഹറുദ്ദീന്‍ 22 റണ്‍സുമായി മടങ്ങി.

ബാറ്റിങ് തുടങ്ങിയ കേരളത്തിനു തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടമായി. അക്ഷയ് ചന്ദ്രന്‍ 14 റണ്‍സിലും രോഹന്‍ കുന്നുമ്മല്‍ റണ്ണൊന്നുമെടുക്കാതെയും മടങ്ങി. ദര്‍ശന്‍ നാല്‍കന്‍ഡെയാണ് ഇരുവരേയും മടക്കിയത്. സ്‌കോര്‍ 107ല്‍ നില്‍ക്കെ അഹമ്മദ് ഇമ്രാന്‍ മടങ്ങിയതോടെ കേരളത്തിനു മൂന്നാം വികറ്റ് നഷ്ടമായി. അഹമ്മദ് 37 റണ്‍സ് കണ്ടെത്തി.

വിദര്‍ഭ ഒന്നാം ഇന്നിങ്സില്‍ 379 റണ്‍സില്‍ പുറത്തായിരുന്നു. ഡാനിഷ് മലേവാര്‍ (153) നേടിയ സെഞ്ച്വറിയും മലയാളി താരം കരുണ്‍ നായര്‍ നേടിയ അര്‍ധ സെഞ്ച്വറി (83)യുടേയും ബലത്തിലാണ് വിദര്‍ഭ മികച്ച സ്‌കോറിലെത്തിയത്.

പത്താമനായി എത്തിയ നചികേത് ഭൂതേയുടെ ചെറുത്തു നില്‍പ്പാണ് സ്‌കോര്‍ 350 കടത്തിയത്. താരം 32 റണ്‍സെടുത്തു.

കേരളത്തിനായി എംഡി നിധീഷ്, ഏദന്‍ ആപ്പിള്‍ ടോം എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. എന്‍ ബേസില്‍ 2 വിക്കറ്റെടുത്തു. ജലജ് സക്സേന ഒരു വിക്കറ്റും സ്വന്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates