രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യുന്നത് ആര്? ആദ്യ മൂന്ന് പൊസിഷനുകള്‍ വെളിപ്പെടുത്തി കോഹ്‌ലി

താന്‍ മൂന്നാമനായി ബാറ്റിങ്ങിന് ഇറങ്ങുമെന്നാണ് കോഹ്‌ലി ഇപ്പോള്‍ വ്യക്തമാക്കുന്നത്

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:50 am IST
Edited by :migrator

ദുബായ്: ട്വന്റി20 ലോകകപ്പില്‍ ഇന്ത്യക്കായി രോഹിത്തിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്ന കാര്യം പരിഗണിക്കും എന്നും വിരാട് കോഹ്‌ലി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ താന്‍ മൂന്നാമനായി ബാറ്റിങ്ങിന് ഇറങ്ങുമെന്നാണ് കോഹ്‌ലി ഇപ്പോള്‍ വ്യക്തമാക്കുന്നത്.

രോഹിത് ശര്‍മയ്ക്ക് ഒപ്പം കെ എല്‍ രാഹുല്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും എന്നാണ് ഇംഗ്ലണ്ടിന് എതിരായ സന്നാഹ മത്സരത്തിന് ശേഷം വിരാട് കോഹ് ലി വ്യക്തമാക്കിയത്. ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തില്‍ മിന്നും ബാറ്റിങ് ആണ് ഇഷാന്‍ കിഷന്‍ പുറത്തെടുത്തത്. എന്നാല്‍ ഓപ്പണറുടെ സ്ലോട്ടിലേക്ക് ഇഷാന് എത്താന്‍ പ്രയാസമാവും എന്ന് വ്യക്തം. 

ഐപിഎല്ലില്‍ തുടര്‍ന്ന ബാറ്റിങ് മികവ് സന്നാഹ മത്സരത്തിലും കെ എല്‍ രാഹുല്‍ തുടര്‍ന്നിരുന്നു. ഐപിഎല്‍ സീസണിലെ റണ്‍വേട്ടയില്‍ രാഹുല്‍ മൂന്നാം സ്ഥാനം പിടിച്ചിരുന്നു. ഓപ്പണിങ്ങില്‍ രോഹിത്തിനൊപ്പം കെ എല്‍ രാഹുലിനെ അല്ലാതെ മറ്റൊരു താരത്തെ ഇപ്പോള്‍ സങ്കല്‍പ്പിക്കാന്‍ കഴിയില്ല. മൂന്നാമനായി ഞാന്‍ ഇറങ്ങും, കോഹ് ലി പറഞ്ഞു. 

റിസര്‍വ് ഓപ്പണറായാണ് ഇഷാന്‍ കിഷനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഐപിഎല്ലിന്റെ യുഎഇയില്‍ നടന്ന ആദ്യ മത്സരങ്ങളില്‍ ഫോമിലേക്ക് ഉയരാന്‍ ഇഷാന് കഴിഞ്ഞില്ല. എന്നാല്‍ മുംബൈയുടെ അവസാന ലീഗ് മത്സരത്തില്‍ സൂര്യകുമാര്‍ യാദവിനൊപ്പം ഇഷാന്‍ കിഷനും മിന്നും ബാറ്റിങ് പുറത്തെടുത്തിരുന്നു. 

ഒക്ടോബര്‍ 20നാണ് ഇന്ത്യയുടെ അവസാന സന്നാഹ മത്സരം. ഇവിടെ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി. ഒക്ടോബര്‍ 24നാണ് ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്ഥാന് എതിരെ ഇന്ത്യ ഇവിടെ ഇറുങ്ങുന്നതിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now