33ാം വയസിൽ ആദ്യമായി ഇന്ത്യൻ ടീമിൽ! ആരാണ് സാരാംശ് ജെയ്ൻ?

മധ്യപ്രദേശ് ഓൾ റൗണ്ടർ കാത്തിരുന്നത് 11 വർഷം

Who is Saransh Jain 33 year old finally earned an India Test call
Saransh Jainx
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :28 ജൂലൈ 2026, 1:05 pm IST

മുംബൈ: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യയുടെ 15 അം​ഗ ടീമിനെ പ്രഖ്യാപിച്ചപ്പോൾ അതിൽ ഉൾപ്പെട്ട സാരാംശ് ജെയ്ൻ ആരാണെന്ന കൗതുകമായിരുന്നു ആരാധകർക്ക്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ആഭ്യന്തര ക്രിക്കറ്റിൽ നിറഞ്ഞു നിൽക്കുന്ന മധ്യപ്രദേശ് ഓൾ റൗണ്ടറായ താരം 33ാം വയസിലാണ് ഇന്ത്യൻ ടെസ്റ്റ് ടീമിൽ അം​ഗമാകുന്നത്. വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിനും സ്ഥിരതയാർന്ന പ്രകടനത്തിനുമുള്ള അം​ഗീകാരം വൈകിയാണെങ്കിലും താരത്തിനു വന്നു ചേർന്നു.

ഇം​ഗ്ലണ്ട് പര്യടനത്തിനിടെ പരിക്കേറ്റ് പുറത്തായ വാഷിങ്ടൻ സുന്ദർ ടീമിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും താരം ആദ്യ ടെസ്റ്റ് കളിക്കില്ല. ഈ സാഹചര്യത്തിലാണ് വലം കൈയൻ സ്പിന്നറും ലോവർ ഓർഡറിൽ മികച്ച ബാറ്ററുമായ സാരാംശ് ജെയ്നിനു ടെസ്റ്റ് ടീമിലേക്ക് വിളിയെത്തിയത്. രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മാനവ് സുതർ എന്നീ ഇടം കൈയൻ സ്പിന്നർമാർക്ക് ഒപ്പം ഒരു സ്പെഷ്യലിസ്റ്റ് റൈറ്റ് ആം ഫിംഗർ സ്പിന്നറെ തേടിയ സെലക്ടർമാർക്ക് സമീപ കാലത്ത് ഇന്ത്യ എ ടീമിലടക്കം മിന്നും പ്രകടനം നടത്തിയ ജെയ്നിനെ അവ​ഗണിക്കാൻ സാധിച്ചില്ല.

ഇന്ത്യ എ ടീമിന്‍റെ ശ്രീലങ്കൻ പര്യടനത്തിലെ മിന്നും പ്രകടനമാണ് സാരാംശിന്റെ ടീമിലേക്കുള്ള വഴി എളുപ്പമാക്കിയത്. രണ്ട് മത്സരങ്ങളിൽ നിന്നായി 6 വിക്കറ്റുകൾ വീഴ്ത്തിയ താരം പുറത്താകാതെ 70 റൺസും നേടിയിരുന്നു. വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് സമാനമായ സാഹചര്യങ്ങളില്‍ സാരാംശ് പുറത്തെടുത്ത ഓൾറൗണ്ട് മികവാണ് ബിസിസിഐ സെലക്ഷൻ കമ്മിറ്റിക്ക് താരത്തെ ടീമിലെടുക്കാൻ ആത്മവിശ്വാസം നൽകിയത്. ഗാലെയിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ പ്ലെയിങ് ഇലവനിൽ ഇടം നേടിയാൽ 2021ൽ വാഷിങ്ടൻ സുന്ദർ അരങ്ങേറിയ ശേഷം ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്ന ആദ്യ സ്പെഷ്യലിസ്റ്റ് ഓഫ് സ്പിന്നറായി സാരാംശ് മാറും.

ഇൻഡോറിൽ ജനിച്ച സാരാംശ് 2014- 15 സീസണിലാണ് മധ്യപ്രദേശിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറിയത്. രഞ്ജി ട്രോഫി കളിച്ച മധ്യപ്രദേശ് മുൻ താരം സുബോധ് ജെയിനാണ് സാരാംശിന്റെ പിതാവ്.

ഇതുവരെ കളിച്ച 54 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 31.75 ശരാശരിയിൽ 2,000ലധികം റൺസും 27.30 ശരാശരിയിൽ 188 വിക്കറ്റുകളും നേടി ടീമിന്‍റെ വിശ്വസ്തനായ ഓൾറൗണ്ടറായി താരം മാറി. 2021-22 രഞ്ജി ട്രോഫി സീസണില്‍ മധ്യപ്രദേശ് ആദ്യമായി രഞ്ജി കിരീടം ചൂടിയപ്പോൾ ഫൈനലിൽ മുംബൈയ്‌ക്കെതിരെ നിർണായകമായ 57 റൺസുമായി സാരാംശ് തിളങ്ങി. തൊട്ടടുത്ത സീസണിൽ 360 റൺസും 35 വിക്കറ്റും നേടി ടൂർണമെന്‍റിലെ മികച്ച ഓൾറൗണ്ടർക്കുള്ള 'ലാലാ അമർനാഥ് പുരസ്കാരം' സ്വന്തമാക്കി. 2023- 24 സീസണിൽ 57.55 ശരാശരിയിൽ 518 റൺസും 20.43 ശരാശരിയിൽ 30 വിക്കറ്റുകളും വാരിക്കൂട്ടി. 2025 ദുലീപ് ട്രോഫിയിൽ സെൻട്രൽ സോണിനെ കിരീടത്തിലേക്ക് നയിച്ച താരം 16 വിക്കറ്റുകളോടെ 'പ്ലെയർ ഓഫ് ദി സീരീസ്' ആയും തിരഞ്ഞെടുക്കപ്പെട്ടു.

15 അം​ഗ സംഘത്തെയാണ് ബിസിസിഐ തിരഞ്ഞെടുത്തത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഭാ​ഗമായി ഇന്ത്യ 2 മത്സങ്ങളടങ്ങിയ പരമ്പരയാണ് ശ്രീലങ്കക്കെതിരെ കളിക്കുന്നത്. ഒന്നാം ടെസ്റ്റ് ഓ​ഗസ്റ്റ് 15 മുതൽ 19 വരെയും രണ്ടാം ടെസ്റ്റ് 23 മുതൽ 27 വരെയുമാണ്.

ഇന്ത്യൻ ടീം: ശുഭ്മാൻ ​ഗിൽ (ക്യാപ്റ്റൻ), കെഎൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സായ് സുദർശൻ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മാനവ് സുതർ, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ​ഗുർനൂർ ബ്രാർ, ദേവ്ദത്ത് പടിക്കൽ, സാരാംശ് ജെയ്ൻ.

News Now

Summary

India have rewarded years of domestic excellence by handing Saransh Jain his maiden Test call-up at the age of 33

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates