ഫിഡെ ചെസ് ലോകകപ്പ് ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും ഇന്ത്യയുടെ കൗമാര വിസ്മയം പ്രഗ്‌നാനന്ദയ്ക്ക് അഭിമാനത്തോടെ തലയുയര്‍ത്തി മടങ്ങാം

പ്രഗ്നാനന്ദ -കാൾസൻ പോരാട്ടം, ഓള്‍ ഇന്ത്യ റേഡിയോ
Last Updated :20 January 2024, 9:24 am IST

News Now

ബകു: ഫിഡെ ചെസ് ലോകകപ്പ് ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും ഇന്ത്യയുടെ കൗമാര വിസ്മയം പ്രഗ്‌നാനന്ദയ്ക്ക് അഭിമാനത്തോടെ തലയുയര്‍ത്തി മടങ്ങാം. ലോക ചെസ് വേദിയില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയ പ്രഗ്നാനന്ദ, ലോക ഒന്നാം നമ്പര്‍ താരം നോര്‍വെയുടെ മാഗ്നസ് കാള്‍സണിനെ അവസാന നിമിഷം വരെ പരീക്ഷിച്ച ശേഷമാണ് തോല്‍വി സമ്മതിച്ചത്.

ആദ്യ രണ്ട് ഗെയിമുകളും സമനിലയില്‍ അവസാനിച്ചതോടെ ടൈബ്രേക്കറിലേക്ക് നീങ്ങിയ മത്സരത്തില്‍ ഒന്നര പോയിന്റ് നേടിയാണ് കാള്‍സണിന്റെ വിജയം. ടൈബ്രേക്കറില്‍ ആദ്യ ഗെയിം കാള്‍സന്‍ നേടി. രണ്ടാമത്തെ ഗെയിം സമനിലയായതോടെ ആദ്യ ഗെയിമിലെ പോയന്റാണ് കാള്‍സണിന് വിജയം സമ്മാനിച്ചത്. 

ടൈബ്രേക്കറിന് മുൻപുള്ള ആദ്യ രണ്ടു ഗെയിമിലും കാള്‍സനെ സമനിലയില്‍ തളയ്ക്കാന്‍ പ്രഗ്നാനന്ദയ്ക്ക് സാധിച്ചിരുന്നു. രണ്ടാം ഗെയിമില്‍ 30 നീക്കങ്ങള്‍ക്കൊടുവില്‍ ഇരുവരും സമനില അംഗീകരിക്കുകയായിരുന്നു. ഇതോടെയാണ് ടൈബ്രേക്കറിലേക്ക് മത്സരം നീങ്ങിയത്. 

 ചൊവ്വാഴ്ച നടന്ന ആദ്യകളിയില്‍ 35 നീക്കങ്ങള്‍ക്കൊടുവിലാണ് സമനിലയില്‍ പിരിഞ്ഞത്. ചെസ് ലോകകപ്പിന്റെ നാലാം റൗണ്ടില്‍ ലോക രണ്ടാം നമ്പര്‍ ഹിക്കാരു നക്കാമുറയെ അട്ടിമറിച്ചാണ് പ്രഗ്നാനന്ദ ക്വാര്‍ട്ടറിലെത്തിയത്. സെമിയില്‍ ലോക മൂന്നാം നമ്പര്‍ ഫാബിയാനോ കരുവാനയെയാണ് പ്രഗ്‌നാനന്ദ കീഴടക്കിയത്.

വിശ്വനാഥന്‍ ആനന്ദിനു ശേഷം ചെസ് ലോകകപ്പിന്റെ ഫൈനല്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പ്രഗ്നാനന്ദ. ആനന്ദ് രണ്ടു വട്ടം ലോകകപ്പ് ചാംപ്യനായിട്ടുണ്ട്. 2005 ല്‍ ലോകകപ്പിന്റെ ഫോര്‍മാറ്റ് നോക്കൗട്ട് രീതിയിലേക്കു പരിഷ്‌കരിച്ചിരുന്നു. അതിനു ശേഷം ഫൈനല്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പ്രഗ്നാനന്ദ.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates