ഇന്ത്യക്ക് മികച്ച സ്‌കോര്‍; രാഹുലിനും ധവാനും അര്‍ധ സെഞ്ച്വറി

ശ്രീലങ്കക്കെതിരായ മൂന്നാം ടി20 പോരാട്ടത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍

Last Updated :20 January 2024, 8:17 am IST
Edited by :migrator

പൂനെ: ശ്രീലങ്കക്കെതിരായ മൂന്നാം ടി20 പോരാട്ടത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു.  

ടോസ് നേടി ശ്രീലങ്ക ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. ഓപണര്‍മാരായ കെഎല്‍ രാഹുല്‍ (54), ശിഖര്‍ ധവാന്‍ (52), എന്നിവര്‍ മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. സ്‌കോര്‍ 97ല്‍ നില്‍ക്കെയാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. ധവാനാണ് ആദ്യം മടങ്ങിയത്. 36 പന്തിലാണ് ഇരുവരും അര്‍ധ ശതകം നേടിയത്. അഞ്ച് ഫോറും ഒരു സിക്‌സും രാഹുല്‍ നേടി. ധവാന്‍ ഏഴ് ഫോറും ഒരു സിക്‌സും പറത്തി. 

Story image

പിന്നാലെ സഞ്ജു സാംസണാണ് ക്രീസിലെത്തിയത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിക്കാനിറങ്ങിയ സഞ്ജു പക്ഷേ നിരാശപ്പെടുത്തി. വണ്‍ഡൗണായി സ്ഥാനക്കയറ്റം കിട്ടി ബാറ്റിങിനിറങ്ങിയ സഞ്ജു ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തി ആവേശം നിറച്ചെങ്കിലും രണ്ടാം പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി.

പിന്നാലെ രാഹുല്‍, ശ്രേയസ് അയ്യര്‍ (നാല്) എന്നിവരും മടങ്ങി. 17 പന്തില്‍ 26 റണ്‍സെടുത്ത് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പുറത്തായി. വാഷിങ്ടന്‍ സുന്ദര്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ മടങ്ങി. 

പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന മനീഷ് പാണ്ഡെ- ശാര്‍ദുല്‍ താക്കൂര്‍ സഖ്യം ഇന്ത്യയെ 200 കടത്തുകയായിരുന്നു. ശൂര്‍ദുല്‍ താക്കൂര്‍ എട്ട് പന്തില്‍ 22 റണ്‍സാണ് അടിച്ചെടുത്തത്. രണ്ട് സിക്‌സും ഒരു ഫോറും സഹിതമാണ് ശാര്‍ദുല്‍ മികച്ച റണ്‍സ് അടിച്ചെടുത്തത്. മനീഷ് പാണ്ഡെ 18 പന്തില്‍ നാല് ഫോറും സഹിതം 31 റണ്‍സെടുത്തു. 

ശ്രീലങ്കയ്ക്കായി ലക്ഷന്‍ സന്‍ഡകന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ലഹിരു കുമാര, വനിന്ദു ഹസരംഗ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ഇന്ത്യക്ക് മികച്ച സ്‌കോര്‍; രാഹുലിനും ധവാനും അര്‍ധ സെഞ്ച്വറി