ഇബ്ര രക്ഷകനായി; ലീഗ് കപ്പ് യുണൈറ്റഡിന്

54 കാരനായ മൊറീഞ്ഞോയുടെ പരിശീകല കുപ്പായത്തിലുള്ള 19ാം കിരീടമാണിത്

Last Updated :19 January 2024, 11:53 pm IST

വെംബ്ലി: കളിയവസാനിക്കാന്‍ മൂന്ന് മിനുറ്റ് ശേഷിക്കേ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന്റെ ഗോളിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഈ സീസണിലെ ആദ്യ കിരീടം. ഇംഗ്ലീഷ് ലീഗ് കപ്പിന്റെ കലാശപ്പോരാട്ടത്തില്‍ ഇഞ്ചോടിഞ്ച് പോരാടി നിന്ന സതാംപ്ടണെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ചുവന്ന ചെകുത്താന്‍മാര്‍ തോല്‍പ്പിച്ചത്. 

കളിതുടങ്ങി ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ഗബ്ബിഡിനിയിലൂടെ സതാംപ്ടണ്‍ യൂണൈറ്റഡ് വല ചലിപ്പിച്ചെങ്കിലും റഫറിയുടെ തീരുമാനം പ്രതികൂലമായി. പിന്നീട് 19ാം മിനുറ്റില്‍ ആന്ദ്രെ ഹെരാരെയെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് ഈ സീസണില്‍ ഫ്രീ ട്രാന്‍സ്ഫറില്‍ യുണൈറ്റഡിലെത്തിയ ഇബ്ര വലയിലെത്തിച്ചു. സ്‌കോര്‍ 1-0. 37ാം മിനുറ്റില്‍ ശരാശരി ടീം വര്‍ക്കിലൂടെ ജെസെ ലിംഗാര്‍ഡ് സതാംപ്ടണ്‍ വലയില്‍ വീണ്ടും പന്തെത്തിച്ചതോടെ കളി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വരുതിയിലായെന്ന് തോന്നി. സ്‌കോര്‍ 2-0.

എന്നാല്‍ കടുത്ത പോരാട്ട വീര്യം പ്രകടിപ്പിച്ച സതാംപ്ടണ് ഒന്നാം പകുതിയുടെ അധിക സമയത്ത് തന്നെ ഫലം ലഭിച്ചു. ഗബ്ബിഡിനി യുണൈറ്റ് കീപ്പര്‍ ഡി ജിയയെ തോല്‍പ്പിച്ചു. സ്‌കോര്‍ 2-1. ഗോള്‍ദാഹം തീരാത്ത ഗബ്ബിഡിനി രണ്ടാം പകുതിയുടെ തുടക്കത്തിലും റിസള്‍ട്ട് നല്‍കി. സ്‌കോര്‍ 2-2.
 
കളി അധികസമയത്ത് നീളുമെന്ന് ഉറപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇബ്ര യുണൈറ്റഡിന് രക്ഷകനായെത്തിയത്. സീസണില്‍ ഇബ്രയുടെ 26ാം ഗോളായിരുന്നു അത്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ഇബ്ര രക്ഷകനായി; ലീഗ് കപ്പ് യുണൈറ്റഡിന്