ഐപിഎല്‍ എലിമിനേറ്റര്‍: കൊല്‍ക്കത്ത-ഹൈദരാബാദ് പോരാട്ടം ഇന്ന്

 

Edited by :migrator
Last Updated :19 ജനുവരി 2024, 11:55 pm IST

ബെംഗളൂരു: ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഇന്ന് പൊടിപാറും മത്സരം. പത്താം സീസണ്‍ ഐപിഎല്ലിന്റെ എലിമിനേറ്റര്‍ മത്സരത്തില്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദദരാബാദ്  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടുമ്പോള്‍ ആവേശകരമായ പോരാട്ടത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ പൂനെ സൂപ്പര്‍ ജയന്റ്‌സിനോട് തോറ്റ മുംബൈ ഇന്ത്യന്‍സുമായി ഈ മത്സരത്തിലെ വിജയികള്‍ ഏറ്റുമുട്ടും. 

ഡേവിഡ് വാര്‍ണര്‍ ക്യാപ്റ്റനൊത്ത പ്രകടനം കാഴ്ചവെക്കുന്ന ഹൈദരാബാദിന് മത്സരത്തില്‍ നേരിയ മുന്‍തൂക്കമുണ്ടെങ്കിലും കൊല്‍ക്കത്തയുടെ ബാറ്റിംഗ് നിര ഫോമിലേക്കുയര്‍ന്നതാണ് ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന് ആത്മവിശ്വാസം നല്‍കുന്നത്.

നിര്‍ണായക മത്സരത്തില്‍ ഗുജറാത്ത് ലയണ്‍സിനെ തോല്‍പ്പിച്ചെത്തുന്ന ഹൈദരാബാദിന് സൂപ്പര്‍ ബാറ്റ്‌സ്മാന്‍ യുവരാജ് സിംഗിന്റെ പരിക്ക് മാത്രമാണ് ആശങ്ക. ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഭുവനേശ്വര്‍ കുമാറും സ്പിന്നര്‍മാരായ മുഹമ്മദ് നബി, റഷീദ് ഖാന്‍ എന്നിവരും മികച്ച ഫോമിലാണ്. 

തോല്‍വിയില്‍ നിന്നും പോരാട്ട വീര്യം കൊണ്ട് കരകയറി വന്ന് എലിമിനേറ്ററിന് യോഗ്യത നേടിയ കൊല്‍ക്കത്തയ്ക്ക് പക്ഷെ മേലും കീഴും നോക്കാനില്ല. ഡു ഓര്‍ ഡൈ. ബാറ്റിംഗ് നിര സ്ഥിരത പുലര്‍ത്തിയാല്‍ തീരുന്ന പ്രശ്‌നമേ കൊല്‍ക്കത്തയ്‌ക്കൊള്ളൂ എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

രണ്ടാം ക്വാളിഫയറില്‍ എത്തുന്ന ടീമിന് എന്തായാലും കാത്തിരിക്കുന്നത് കടുത്ത പരീക്ഷണമായിരിക്കും. കാരണം, പോയിന്റ് പട്ടികയില്‍ ഒന്നാമതുണ്ടായിരുന്ന മുംബൈ ഇന്ത്യന്‍സ് നിര്‍ഭാഗ്യം കൊണ്ട് പൂനെയ്ക്ക് മുന്നില്‍ പരാജയപ്പെട്ടിരിക്കുകയാണ്. അവരെ നേരിടാനെത്തുമ്പോള്‍ ഭാഗ്യം മാത്രം പോര എന്നത് ഈ രണ്ട് ടീമുകള്‍ക്കും നന്നായറിയാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ഐപിഎല്‍ എലിമിനേറ്റര്‍: കൊല്‍ക്കത്ത-ഹൈദരാബാദ് പോരാട്ടം ഇന്ന്