റോഡ് അപകടങ്ങളില് ഇരയാകുന്നവര്ക്ക് നിര്ദിഷ്ട ആശുപത്രികളില് ഒന്നരലക്ഷം രൂപ വരെ അടിയന്തര കാഷ്ലെസ് ചികിത്സ ഉറപ്പാക്കുന്ന പദ്ധതി നിലവില് വന്നു.രാജ്യവ്യാപകമായി സര്ക്കാര്- സ്വകാര്യമേഖലയിലെ ആശുപത്രികളില് പണം അടയ്ക്കാതെ അടിയന്തര ചികിത്സ ഉറപ്പാക്കുന്നതാണ് സ്കീം.അപകടം ഉണ്ടായി ഏഴുദിവസം വരെയാണ് പദ്ധതിയുടെ ആനുകൂല്യം..അപകടം ഉണ്ടായതിന് ശേഷമുള്ള ആദ്യ ഒരു മണിക്കൂറിനെ സൂചിപ്പിക്കുന്ന ഗോള്ഡന് അവറില് മികച്ച ചികിത്സ ഉറപ്പാക്കാന് കഴിഞ്ഞാല് ഒരുപരിധി വരെ പരിക്ക് പറ്റിയവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന് കഴിയുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് പുതിയ സ്കീം..പട്ടികയില് ഉള്പ്പെട്ട ആശുപത്രികളിലാണ് ചികിത്സ ഉറപ്പാക്കുക. മറ്റു ആശുപത്രികളിലാണ് പ്രവേശിപ്പിക്കുന്നതെങ്കില് പ്രാഥമികമായ സൗജന്യചികിത്സ ലഭിക്കും. തുടര്ന്ന് പട്ടികയിലുള്ള ആശുപത്രിയിലേക്ക് രോഗിയെ മാറ്റണം..പദ്ധതിക്കുള്ള ചെലവ് അതത് സംസ്ഥാനങ്ങളില് ജനറല് ഇന്ഷുറന്സ് സേവനങ്ങള് നല്കുന്ന കമ്പനികളില് നിന്ന് കണ്ടെത്തും. പദ്ധതിയുടെ നടത്തിപ്പിന് ദേശീയതലത്തില് 11 അംഗ സ്റ്റിയറിങ് കമ്മിറ്റി പ്രവര്ത്തിക്കും.നാഷണല് ഹെല്ത്ത് അതോറിറ്റിയാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രാഥമിക ഏജന്സി..സംസ്ഥാന റോഡ് സുരക്ഷാ കൗണ്സിലാണ് നോഡല് ഏജന്സി. ആശുപത്രികളുടെ പേരുവിവരപ്പട്ടിക സംസ്ഥാന റോഡ് സുരക്ഷാ കൗണ്സിലിന്റെയോ ദേശീയ ആരോഗ്യ അതോറിറ്റിയുടെയോ പോര്ട്ടലില് ലഭിക്കും..ആശുപത്രികള് നാഷണല് ഹെല്ത്ത് അതോറിറ്റിയുമായി ബന്ധപ്പെട്ട് രോഗികളുടെ ക്ലെയിം സെറ്റില്മെന്റ് നടപടികള് സ്വീകരിക്കും.