പ്രഗ്യാന്‍ ഓജ തുടരുമെന്ന് പലരും അവകാശപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല

bcci selection panel
A photo from BCCI's selection meeting to pick India Men's T20I squad vs New ZealandSource by : Photo | X/ @BCCI
Last Updated :15 October 2026, 1:14 pm IST

News Now

മുംബൈ: അജിത് അഗാര്‍ക്കറുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പുതിയ ചീഫ് സെലക്ടറെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ബിസിസിഐ. വെസ്റ്റ് സോണ്‍ സെലക്ടര്‍ സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ബുധനാഴ്ച അവസാനിച്ചിരുന്നു. എന്നാല്‍ മുന്‍ റിപ്പോര്‍ട്ടുകള്‍ക്ക് വിരുദ്ധമായി പാര്‍ഥിവ് പട്ടേല്‍ ഈ സ്ഥാനത്തേക്ക് അപേക്ഷിച്ചിട്ടില്ല. ഇതിനിടെ നൂറോളം ടെസ്റ്റ് കളിച്ച പ്രമുഖ മുന്‍ താരങ്ങള്‍ സെലക്ടര്‍ പദവി ഏറ്റെടുക്കാനുള്ള ബിസിസിഐയുടെ ക്ഷണം നിരസിച്ചതായാണ് പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ബിസിസിഐ സെലക്ഷന്‍ പാനലിന്റെ ശമ്പള നയങ്ങളില്‍ മാറ്റം വരുത്തുകയും മുന്‍നിര താരങ്ങളെ ഈ പദവിയിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നെങ്കിലും പ്രമുഖരായ പല താരങ്ങളും ഓഫര്‍ സ്വീകരിക്കാന്‍ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ വിവിഎസ് ലക്ഷ്മണിന്റെ വര്‍ധിച്ചുവരുന്ന സ്വാധീനവും സെലക്ഷന്‍ സമിതിയിലെ അധികാര സമവാക്യങ്ങളുമാണ് പല മുന്‍ താരങ്ങളും ഈ പദവിയില്‍ നിന്ന് പിന്‍വാങ്ങാന്‍ കാരണമെന്നാണ് സൂചന. സെലക്ഷന്‍ കമ്മിറ്റിയില്‍ പുതിയൊരു ചെയര്‍മാന്‍ വരുമ്പോള്‍ നിലവിലുള്ളവരില്‍ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടാകുമെന്നതിനാല്‍ ബിസിസിഐ കാര്യങ്ങള്‍ നിലവിലുള്ളതുപോലെ തുടരാന്‍ അനുവദിച്ചേക്കുമെന്നും വിലയിരുത്തപ്പെടുന്നു.

ജൂനിയര്‍ ടീമിന്റെ സെലക്ടറാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന രമേഷ് പവാര്‍ തന്നെ വെസ്റ്റ് സോണില്‍ നിന്ന് സീനിയര്‍ സെലക്ടറാകാന്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. നിലവില്‍ ഇടക്കാല ചെയര്‍മാനായി ചുമതലയേറ്റ പ്രഗ്യാന്‍ ഓജ തുടരുമെന്ന് പലരും അവകാശപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. 2026-27 സീസണിലേക്ക് സെലക്ഷന്‍ പാനലിന്റെ ബജറ്റ് ബിസിസിഐ ഗണ്യമായി വര്‍ധിപ്പിച്ചിരുന്നു. 3 കോടിയില്‍ നിന്ന് 19.35 കോടിയായി ബജറ്റ് പുതുക്കിയെങ്കിലും, മുന്‍ താരങ്ങളില്‍ പ്രമുഖരായ ആരും സെലക്ടര്‍ സ്ഥാനത്തേക്ക് വരാന്‍ തയ്യാറാകാത്തത് ബോര്‍ഡിന് തിരിച്ചടിയാകുകയാണ്.

Summary

India Stars Who Played Close To 100 Tests Reject BCCI's Offer To Be Selector: Report

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates