യുപിഐയില്‍ ആളുമാറി പണം അയച്ചോ?; തിരികെ കിട്ടാന്‍ ഇതാ വഴികള്‍

മറ്റൊരാള്‍ക്ക് പണം അയക്കാനുണ്ടെങ്കിലും ഫോണ്‍ നമ്പര്‍ സെര്‍ച്ച് ചെയ്ത് വളരെ എളുപ്പം അക്കൗണ്ടിലേക്ക് പണമയക്കാനാകും

upi payment
upi paymentAi image
Edited by :Dhanoj AM
Last Updated :9 ജൂൺ 2026, 12:46 pm IST

സാധനങ്ങള്‍ വാങ്ങാനും പെട്രോള്‍ അടിക്കാനും തുടങ്ങി എന്തിനും ഏതിനും യുപിഐ വഴി ഇടപാടുകള്‍ നടുത്തുന്നവരാണ് ഭൂരിഭാഗം ആളുകളും. അത്രയും ജനകീയമായി യുപിഐ മാറി കഴിഞ്ഞു. ഒരു ചായ കുടിച്ചാല്‍ പോലും ഫോണെടുത്ത് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം നല്‍കുന്നവരാണ് ഒട്ടുമിക്ക ആളുകളും.

മറ്റൊരാള്‍ക്ക് പണം അയക്കാനുണ്ടെങ്കിലും ഫോണ്‍ നമ്പര്‍ സെര്‍ച്ച് ചെയ്ത് വളരെ എളുപ്പം അക്കൗണ്ടിലേക്ക് പണമയക്കാനാകും. എന്നാല്‍, ചിലപ്പോഴൊക്കെ അബദ്ധം സംഭവിക്കാനും സാധ്യതയുണ്ട്. യുപിഐ ആപ്പില്‍ പേരോ നമ്പറോ സെര്‍ച് ചെയ്ത് പണം അയച്ചപ്പോള്‍ മറ്റൊരാള്‍ക്കാണ് പണം പോയതെങ്കിലോ? അങ്ങനെ സംഭവിച്ചാല്‍ പണം തിരികെ ലഭിക്കാന്‍ എന്തൊക്കെ ചെയ്യാനാകുമെന്ന് നോക്കാം.

ആദ്യം ചെയ്യേണ്ടത് പണം അയച്ചതിന്റെ തെളിവ് സൂക്ഷിക്കുകയാണ്. അയച്ചതിന്റെ സ്‌ക്രീന്‍ ഷോട്ട്, തുക, സമയം, ട്രാന്‍സാക്ഷന്‍ നമ്പര്‍, യുടിആര്‍ നമ്പര്‍, അക്കൗണ്ട് നമ്പര്‍ ഉണ്ടെങ്കില്‍ അത് ഉള്‍പ്പെടെ സേവ് ചെയ്യണം. സാധാരണഗതിയില്‍ പ്രാഥമികമായി ചെയ്യേണ്ടത് പണം അയച്ചുകൊടുത്തയാള്‍ നമ്മുടെ കോണ്‍ടാക്റ്റില്‍ ഉള്ളയാളാണെങ്കില്‍ വിളിച്ച് കാര്യം പറയുക എന്നതാണ്. അതുവഴി എളുപ്പം പണം തിരികെ ലഭിക്കാം. പക്ഷേ, നമ്മുടെ കോണ്‍ടാക്റ്റില്‍ ഇല്ലാത്തയാളാണെങ്കില്‍ നമ്പര്‍ കണ്ടെത്തി ബന്ധപ്പെട്ട് കാര്യം അവതരിപ്പിക്കാം. പണം തിരികെ അയക്കാന്‍ മാന്യമായി ആവശ്യപ്പെടുകയും ചെയ്യാം.

എന്നാല്‍, ചില സാഹചര്യങ്ങളില്‍ പണം അയച്ചുപോയ അക്കൗണ്ട് ഉടമയെ ബന്ധപ്പെടാന്‍ സാധിച്ചെന്ന് വരില്ല. ഈ സാഹചര്യത്തില്‍ അടുത്ത മാര്‍ഗം യുപിഐ ആപ്പുകളുടെ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ട് കാര്യം പറയുകയാണ്. ട്രാന്‍സാക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള ഓപ്ഷനും ആപ്പുകളിലുണ്ട്. ട്രാന്‍സാക്ഷന്‍ റിവേഴ്സ് ചെയ്യാന്‍ സാധിക്കുന്നതാണെങ്കില്‍ യുപിഐ ആപ്പിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകും. കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഇതാ.

ഗൂഗിള്‍ പേ - 1800 419 0157

ഫോണ്‍പേ - 080 6872 7374

പേടിഎം - 0120 4456 456

യുപിഐ കസ്റ്റമര്‍ കെയറില്‍ വിളിച്ചിട്ടും അവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല എന്നാണ് മറുപടിയെങ്കില്‍ അടുത്ത ഘട്ടമായി യുപിഐ ഇടപാടുകളെ നിയന്ത്രിക്കുന്ന എന്‍പിസിഐയില്‍ (നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) ബന്ധപ്പെടാവുന്നതാണ്. കസ്റ്റമര്‍ കെയര്‍ -1800 120 1740, എന്‍പിസിഐയുടെ വെബ് പോര്‍ട്ടല്‍ (https://www.npci.org.in/upi-complaint) എന്നിവ വഴി പരാതിപ്പെടാം. . എന്‍പിസിഐ ബാങ്കുമായി ബന്ധപ്പെടും. ഇടപാട് പരിശോധിക്കും. അബദ്ധത്തില്‍ സംഭവിച്ചതാണ് എന്ന് കണ്ടെത്തിയാല്‍ പണം തിരികെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ബാങ്കിന് നിര്‍ദേശം നല്‍കും.

എന്‍പിസിഐയില്‍ നിന്നും പരിഹാരമായില്ലെങ്കില്‍ റിസര്‍വ് ബാങ്കിന് കീഴിലെ ബാങ്കിങ് ഓംബുഡ്സ്മാന്റെ സഹായം തേടാം. ബാങ്കിലോ എന്‍പിസിഐയിലോ പരാതി കൊടുത്ത് 30 ദിവസമായിട്ടും നടപടിയില്ലെങ്കില്‍ മാത്രമാണ് ബാങ്കിങ് ഓംബുഡ്സ്മാന്റെ സഹായം തേടാനാകുക. ഇതിനായി റിസര്‍വ് ബാങ്കിന്റെ https://cms.rbi.org.in/cms/indexpage.html എന്ന വെബ് പോര്‍ട്ടലില്‍ പരാതി രജിസ്റ്റര്‍ ചെയ്യാം. 1800 267 7955 എന്ന റിസര്‍വ് ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

News Now

Summary

accidental upi transfer to wrong account, Here are ways to get it back

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates