വാണിജ്യ എല്‍പിജി സിലിണ്ടറിന് വില കൂട്ടി; 71.50 രൂപ വരെ വര്‍ധന

ഗാര്‍ഹിക സിലിണ്ടര്‍ നിരക്കുകളില്‍ മാറ്റമില്ല

lpg price hike
Commercial LPG Cylinder Prices Hiked
Edited by :ബിജീഷ് ബാലകൃഷ്ണൻ
Last Updated :1 ഒക്ടോബർ 2026, 1:00 pm IST

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. ഉത്സവ സീസണ്‍ ആരംഭിക്കാനിരിക്കെയാണ് വില വര്‍ധന നടപ്പാക്കിയിരിക്കുന്നത്. അതേസമയം, വീടുകളില്‍ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ നിരക്കില്‍ മാറ്റമില്ലാതെ തുടരുന്നു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകള്‍ക്ക് വിവിധ നഗരങ്ങളില്‍ 71.50 രൂപ വരെയാണ് വര്‍ധന രേഖപ്പെടുത്തിയത്.

ഡല്‍ഹിയില്‍ 19 കിലോഗ്രാം സിലിണ്ടറിന് 62.50 രൂപ വര്‍ദ്ധിച്ച് 2,810 രൂപയായി. സെപ്റ്റംബറില്‍ 2,747.50 രൂപയായിരുന്നു വില. മറ്റുപല നഗരങ്ങളിലും ഇതിലും ഉയര്‍ന്നതോതിലാണ് വില കൂടിയത്. മുംബൈയില്‍ 63 രൂപ വര്‍ധിച്ച് വില 2,764 രൂപയായി. ചെന്നൈയില്‍ 66.50 രൂപ വര്‍ധിച്ച് 2,983 രൂപയിലെത്തി. ഏറ്റവും ഉയര്‍ന്ന വര്‍ധന പട്നയിലാണ് രേഖപ്പെടുത്തിയത്. 71.50 രൂപ വര്‍ധിച്ച് സിലിണ്ടര്‍ വില 3,100.50 രൂപയായി. അഹമ്മദാബാദില്‍ 2,831.50 രൂപയായും കന്യാകുമാരിയില്‍ 3,046 രൂപയായും വാണിജ്യ സിലിണ്ടറുകളുടെ നിരക്ക് ഉയര്‍ന്നു.

ഗാര്‍ഹിക ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം സിലിണ്ടറുകളുടെ നിരക്കില്‍ മാറ്റമില്ല. ഡല്‍ഹിയില്‍ 942 രൂപ, മുംബൈയില്‍ 941.50 രൂപ, ചെന്നൈയില്‍ 957.50 രൂപ, ലഖ്നൗവില്‍ 979.50 രൂപ, പട്നയില്‍ 1,031.50 രൂപ എന്നിങ്ങനെയാണ് നിലവിലെ ഗാര്‍ഹിക നിരക്കുകള്‍. അന്താരാഷ്ട്ര വിപണിയിലെ എണ്ണ വില വ്യതിയാനങ്ങളും കറന്‍സി മൂല്യവുമാണ് എല്‍പിജി നിരക്കുകളെ പ്രധാനമായും സ്വാധീനിക്കുന്നത്. നിലവിലെ വില വര്‍ധന റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയെയാണ് ബാധിക്കുക.

വിമാന ഇന്ധനവിലയിൽ വർധന

ആഭ്യന്തര വിമാന സർവീസുകൾക്കുള്ള ഇന്ധനവില ലിറ്ററിന് 121 രൂപയിൽനിന്ന് 137 രൂപയായാണ് ഉയർന്നത്. തുടർച്ചയായ മൂന്നാം മാസമാണ് വിമാന ഇന്ധന വിലയിൽ വർധനയുണ്ടാകുന്നത്. ഓഗസ്റ്റിൽ ലിറ്ററിന് അഞ്ച് രൂപയും സെപ്റ്റംബറിൽ 6.28 രൂപയും (5.46 ശതമാനം) വർധിപ്പിച്ചിരുന്നു. വിമാനക്കമ്പനികളുടെ മൊത്തം പ്രവർത്തന ചെലവിൻ്റെ 40 ശതമാനത്തോളം ഇന്ധനത്തിനായാണ് വിനിയോഗിക്കുന്നത്. അതിനാൽ പുതിയ നിരക്ക് വർധനവ് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ.

News Now

Summary

Commercial LPG Cylinder Prices Hiked, Domestic Rates Unchanged


Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates