ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'ഇതിനെല്ലാമുള്ള മറുപടി 'നിങ്ങളുടെ മകളെ സംരക്ഷിക്കുക' എന്നത് മാത്രമല്ല'

Janhvi Kapoor
Janhvi Kapoorഇൻസ്റ്റ​ഗ്രാം
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :5 ഒക്ടോബർ 2026, 1:32 pm IST

ദേവാര എന്ന ചിത്രത്തിലെ ചുട്ടമല്ലെ ഗാനത്തിലെ രംഗങ്ങള്‍ ഉപയോഗിച്ച് തന്റെ അശ്ലീല ഡീപ്പ്‌ഫെയ്ക്ക് വിഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചതിനെതിരെ ജാന്‍വി കപൂര്‍. സ്ത്രീകളെ ഒബ്‌ജെക്ടിഫൈ ചെയ്യാനായി സാങ്കേതിക വിദ്യയെ ദുരുപയോഗം ചെയ്യുകയാണെന്ന് ജാന്‍വി കപൂര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു ജാന്‍വിയുടെ പ്രതികരണം.

''സ്ത്രീകളെ ഒബ്‌ജെക്ടിഫൈ ചെയ്യുന്നതിനും അനുവാദമില്ലാതെ സാങ്കല്‍പ്പിക ഉള്ളടക്കം പ്രചരിപ്പിക്കുന്നതിനും സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നത് നിയമലംഘനവും ലൈംഗികാതിക്രമത്തിന് തുല്യവുമാണ്. എന്റെ ഇന്‍ഡസ്ട്രിയിലെ ഏതാണ്ട് എല്ലാ സ്ത്രീകളും ഇത് അനുഭവിച്ചിട്ടുണ്ട്. എല്ലാ മേഖലയിലേയും സ്ത്രീകള്‍ ഇതിന് ഇരയാകുന്നത് വര്‍ധിച്ചു വരികയാണ്'' എന്നാണ് ജാന്‍വി പറയുന്നത്.

''സമ്മതം, തെരഞ്ഞെടുപ്പ്, സ്ത്രീ ശരീരത്തോടുള്ള ആദരവ് എന്നിവ മനുഷ്യത്വത്തിന്റെ അടിസ്ഥാനതത്വങ്ങളായിരിക്കണം. എന്നിട്ടും എന്തുകൊണ്ടോ അതിനെ സങ്കീര്‍ണമായ എന്തോ ആയിട്ടാണ് സമീപിക്കുന്നത്. അങ്ങനയല്ല അത്'' എന്നും താരം പറയുന്നു. എന്ത് വേഷം ധരിച്ചിരുന്നാലും മുമ്പ് അനുവാദം നല്‍കിയിട്ടുള്ളതുകൊണ്ടും സ്ത്രീയുടെ അതിര്‍വരമ്പുകളെ ബഹുമാനിക്കാന്‍ പഠിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണെന്നും ജാന്‍വി പറയുന്നു.

ഒരു സ്ത്രീ തുടര്‍ച്ചയായ അഞ്ച് ദിവസം യെസ് പറഞ്ഞാലും ആറാം നാള്‍ നോ പറയുമ്പോള്‍ അത് മനസിലാക്കാന്‍ ചിലര്‍ക്ക് സാധിക്കുന്നില്ലെന്നത് അത്ഭുതപ്പെടുത്തുന്നു. ആ നോ ബഹുമാനിക്കപ്പെടണം. അവള്‍ മിനി സ്‌കേര്‍ട്ട് ധരിച്ചാലും, അവളുടെ പാവാടയ്ക്ക് നേരെ കാമറ വെക്കാനും, അതിരുകള്‍ ലംഘിക്കുന്ന ആംഗിളുകള്‍ പകര്‍ത്താനും, അവളുടെ ശരീരത്തെ വിഷ്വലി ചൂഷണം ചെയ്യാനുമുള്ള അവകാശം ലഭിക്കുന്നില്ല. ഒരു സ്ത്രീയുടെ കംഫര്‍ട്ടബിള്‍ എന്താണെന്നതും എവിടെയാണ് അതിര്‍ വരമ്പെന്നതും തന്റെ ശരീരം വച്ച് എന്ത് ചെയ്യണമെന്നതും അവളുടെ മാത്രം തീരുമാനമാണെന്നും ജാന്‍വി പറയുന്നു.

ഇത് കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ട എഐ വിഡിയോകള്‍ക്കും, എന്റെ കരിയറിലുടനീളം ഞാന്‍ നേരിട്ടതിലും അപ്പുറത്തുള്ള കാര്യമാണ്. ഒരു സ്ത്രീയായിരിക്കുന്നതിന്റെ യാഥാര്‍ത്ഥ്യമാണിത്. ഭൗതിക ലോകത്ത് സ്ത്രീകള്‍ നേരിടുന്ന ഭയവും സുരക്ഷാ ഭീഷണികളും ഡിജിറ്റല് ലോകത്തേക്കും വ്യാപിച്ചിരിക്കുകയാണെന്നും ജാന്‍വി പറയുന്നു.

''ഇതിനെല്ലാമുള്ള മറുപടി 'നിങ്ങളുടെ മകളെ സംരക്ഷിക്കുക' എന്നത് മാത്രമല്ല. മറ്റുള്ളവരുടെ അതിര്‍ വരമ്പുകളെ ലംഘിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് വിശ്വസിക്കുന്ന തരത്തിലേക്ക് ആളുകളെ കണ്ടീഷനിങ് ചെയ്യുന്നതാണ് തിരുത്തപ്പെടേണ്ടത്. ആ മാറ്റം വരേണ്ടത് പുരുഷന്മാരുടെ ഭാഗത്തു നിന്നു കൂടിയാണ്. എന്താണ് ശരിയെന്നും എന്താണ് തെറ്റെന്നും വ്യക്തമായി പറയാനുള്ള ധാര്‍മികബോധവും നട്ടെല്ലുമുണ്ടാകണം'' എന്നും ജാന്‍വി പറയുന്നു.

വിഷയത്തില്‍ തനിക്ക് പിന്തുണ നല്‍കിയ സഹപ്രവര്‍ത്തകര്‍ക്ക് ജാന്‍വി നന്ദി പറഞ്ഞു. ദേവാരയില്‍ തനിക്കൊപ്പം അഭിനയിച്ച ജൂനിയര്‍ എന്‍ടിആറിന് ജാന്‍വി പ്രത്യേകം നന്ദി രേഖപ്പെടുത്തി. ചിരഞ്ജീവി, വിജയ് ദേവരക്കൊണ്ട, ഖുശ്ബു തുടങ്ങിയവര്‍ക്കും ജാന്‍വി നന്ദി പറഞ്ഞു. ഒരു മനുഷ്യനായി മാത്രം പരിഗണിക്കപ്പെടാനും കാണപ്പെടാനും ഒരു സ്ത്രീ ചോദിക്കുന്നത് വളരെ കൂടുതലാണോ എന്നും ജാന്‍വി ചോദിക്കുന്നുണ്ട്. ''അവളുടെ ശരീരം, അവളുടെ ഇമേജ്. അവളുടെ അതിര്‍ വരമ്പുകള്‍. അവളുടെ തെരഞ്ഞെടുപ്പ്'' എന്നീ വാക്കുകള്‍ പങ്കുവച്ചു കൊണ്ടാണ് ജാന്‍വി പ്രസ്താവന അവസാനിപ്പിക്കുന്നത്.

News Now

Summary

Janhvi Kapoor slams chuttamalle deepfake video

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics