ഹോര്‍മുസ് തുറന്നാലും എല്‍പിജി പ്രതിസന്ധി ഉടന്‍ അവസാനിക്കില്ല; മുന്നറിയിപ്പുമായി സര്‍ക്കാര്‍

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ക്രൂഡ് വില 9 ശതമാനം താഴ്ന്ന്, ബാരലിന് 80 ഡോളറിനരികെ എത്തിയിട്ടുണ്ട്

LPG
Representational ImageFile
Edited by :Bijeesh
Last Updated :17 ജൂൺ 2026, 12:44 pm IST

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാനായി യുഎസും ഇറാനും സമാധാനക്കരാറില്‍ ഒപ്പുവെച്ചാലും ഇന്ധന പ്രതിസന്ധി ഉടന്‍ നീങ്ങില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. ഹോര്‍മുസ് കടലിടുക്ക് തുറന്നാലും ഇന്ത്യയിലെ എല്‍പിജി ലഭ്യതയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരും. ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ ഉല്‍പാദന കേന്ദ്രങ്ങളില്‍ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് എത്രത്തോളം നാശമുണ്ടായി എന്നതിനെ ആശ്രയിച്ചാകും തുടര്‍ന്നുള്ള ലഭ്യത ഉറപ്പാക്കാനാകുക. ഇത് എല്‍പിജി വിലയേയും ബാധിക്കും.

എന്നാല്‍ ഹോര്‍മുസ് തുറക്കുന്നതോടെ ക്രൂഡ് വില താഴുമെന്നും ഇത് പെട്രോള്‍, ഡീസല്‍ വിലയില്‍ പ്രതിഫലിക്കുമെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തിങ്കളാഴ്ച വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ക്രൂഡ് വില 9 ശതമാനം താഴ്ന്ന്, ബാരലിന് 80 ഡോളറിനരികെ എത്തിയിട്ടുണ്ട്.

ഫെബ്രുവരി 28ന് സംഘര്‍ഷം തുടങ്ങിയ ശേഷം ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക വില 89 രൂപ കൂടിയിട്ടുണ്ട്. മാര്‍ച്ച് ആദ്യവാരം 60 രൂപയും ജൂണില്‍ 29 രൂപയുമാണ് കൂടിയത്. ഡല്‍ഹിയില്‍ 942 രൂപയ്ക്കാണ് വീടുകളില്‍ ഗ്യാസ് എത്തിക്കുന്നത്. വാണിജ്യ സിലിണ്ടറുകള്‍ക്ക് 3,100 രൂപയാണ് വില. മാര്‍ച്ചില്‍ ഇത് 1,884 രൂപയായിരുന്നു. വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തില്‍ സര്‍ക്കാര്‍ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പശ്ചിമേഷ്യയില്‍ നിന്ന് ഇന്ധന വരവ് നിലച്ചതോടെ ഇന്ത്യ ഇറക്കുമതിക്കായി നിലവില്‍ വ്യത്യസ്ത രാജ്യങ്ങളെ ആശ്രയിക്കുന്നുണ്ട്. യുഎസ്, നോര്‍വെ, കാനഡ, അള്‍ജീരിയ, റഷ്യ എന്നിവിടങ്ങളില്‍ നിന്ന് എല്‍പിജി ഇറക്കുമതി ചെയ്യുന്നുണ്ട്. ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത് യുഎസില്‍ നിന്നാണ്. ഫെബ്രുവരിയില്‍ 14 ശതമാനമായിരുന്നത് മേയില്‍ 55 ശതമാനമായി ഉയര്‍ന്നു. നേരത്തെ പാചക വാതകം 60 ശതമാനവും ഗള്‍ഫ് രാജ്യങ്ങളായ ഖത്തര്‍, യുഎഇ, സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നായിരുന്നു ഇറക്കുമതി ചെയ്തിരുന്നത്.

News Now

Summary

LPG availability unlikely to ease soon, warns govt official

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates