അദാനിയെ പിന്തള്ളി അംബാനി; ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു; യൂസഫലിയുടെ സമ്പത്തില്‍ വര്‍ധന, സമ്പന്നരുടെ പട്ടികയില്‍ മലയാളി തിളക്കം 

ഫോര്‍ബ്‌സിന്റെ ഇന്ത്യന്‍ സമ്പന്നന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി

മുകേഷ് അംബാനി, എം എ യൂസഫലി/ ഫയല്‍
Edited by :migrator
Last Updated :20 ജനുവരി 2024, 9:26 am IST

ന്യൂഡല്‍ഹി: ഫോര്‍ബ്‌സിന്റെ ഇന്ത്യന്‍ സമ്പന്നന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തിരിച്ചടി നേരിട്ട അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയാണ് മുകേഷ് അംബാനിയുടെ മുന്നേറ്റം. 9200 കോടി ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. ഗൗതം അദാനിയുടേത് 8200 കോടി ഡോളറില്‍ നിന്ന് 6800 കോടി ഡോളറായി താഴ്ന്നു.

കേരളത്തില്‍ പ്രമുഖ വ്യവസായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയാണ് ഒന്നാം സ്ഥാനത്ത്. 710 കോടി ഡോളറാണ് ആസ്തി. 540 കോടി ഡോളറിന്റെ ആസ്തിയുമായി കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ സമ്പന്നരില്‍ 35-ാം സ്ഥാനത്തായിരുന്നു അദ്ദേഹം. ആഗോള തലത്തില്‍ ലുലു ഗ്രൂപ്പ് വ്യാപിപ്പിക്കുന്നതിനിടെയാണ് ഇന്ത്യന്‍ സമ്പന്നരുടെ പട്ടികയില്‍ 27-ാം സ്ഥാനത്തേയ്ക്കുള്ള അദ്ദേഹത്തിന്റെ മുന്നേറ്റം. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ജോയ് ആലുക്കാസ് (44o കോടി ഡോളര്‍), ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സ് സ്ഥാപകന്‍ ഡോ. ഷംഷീര്‍ വയലില്‍ (370 കോടി ഡോളര്‍), ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ (325 കോടി ഡോളര്‍), ആര്‍പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള (320 കോടി ഡോളര്‍ ), ജെംസ് ഗ്രൂപ്പ് മേധാവി സണ്ണി വര്‍ക്കി (293 കോടി ഡോളര്‍ ) എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റ് മലയാളികള്‍. 

ഇന്ത്യന്‍ സമ്പന്നരുടെ പട്ടികയില്‍ എച്ച്‌സിഎല്‍ ടെക്‌നോളജീസ് തലവന്‍ ശിവ് നാടാര്‍ (2930 കോടി ഡോളര്‍) ആണ് മൂന്നാം സ്ഥാനത്ത്. ജിന്‍ഡാല്‍ ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ എമറിറ്റ്‌സ് സാവിത്രി ജിന്‍ഡാല്‍ (2400 കോടി ഡോളര്‍), ഡിമാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല ഉടമ രാധാകിഷന്‍ ദമാനി (2300 കോടി ഡോളര്‍), സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സൈറസ് പൂനാവാല, ഹിന്ദുജ കുടുംബം, ദിലീപ് സാങ് വി ( സണ്‍ ഫാര്‍മ്മ),കുമാര്‍ ബിര്‍ല ( ആദിത്യ ബിര്‍ല ഗ്രൂപ്പ്), ഷപ്പൂര്‍ മിസ്ത്രി ആന്റ് ഫാമിലി എന്നിവരാണ് ആദ്യ പത്തിലെ മറ്റു ധനികര്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now