ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം ശക്തമാണ്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:41 am IST

News Now

ന്യൂഡല്‍ഹി: ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം ശക്തമാണ്. ജിഎസ്ടി പരിധിയില്‍ കൊണ്ടുവന്നാല്‍ പെട്രോളും ഡീസലും കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്ന് എസ്ബിഐയുടെ സാമ്പത്തിക ഗവേഷണവിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.പെട്രോള്‍ ലിറ്ററിന് 75 രൂപയ്ക്കും ഡീസല്‍ ലിറ്ററിന് 68 രൂപയ്ക്കും ലഭ്യമാക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍.

പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുന്നതിന് രാഷ്ട്രീയ ഇച്ഛാശക്തി ആവശ്യമാണ്. എന്നാല്‍ നേതൃത്വം ഇത് പ്രകടിപ്പിക്കുന്നില്ല. പെട്രോള്‍ ലിറ്ററിന് 75 രൂപയ്ക്കും ഡീസല്‍ ലിറ്ററിന് 68 രൂപയ്ക്കും വിറ്റാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരുലക്ഷം കോടി രൂപയുടെ വരുമാനനഷ്ടമാണുണ്ടാകുക. ഇത് ജിഡിപിയുടെ 0.4ശതമാനംവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അസംസ്‌കൃത എണ്ണവില ബാരലിന് 60 ഡോളര്‍ എന്ന് കണക്കാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

എക്സൈസ് തീരുവ, വാറ്റ് എന്നിവ നികുതിവരുമാനത്തിന്റെ പ്രധാന സ്രോതസ്സായതിനാല്‍ ജിഎസ്ടിക്ക് കീഴില്‍ പെട്രോളിനെയും ഡീസലിനെയും കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇതിനെല്ലാം പുറമേ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരുന്നതിന് രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവവും പ്രകടമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

കേന്ദ്രത്തെ കൂടാതെ ഓരോ സംസ്ഥാനത്തിനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് രൂപപ്പെടുത്തിയ വാറ്റ്, സെസ് എന്നിവയുണ്ട്. അതോടൊപ്പം അസംസ്‌കൃത എണ്ണവിലയും കേന്ദ്രത്തിന്റെ എക്സൈസ് തീരുവയും ഗതാഗത ചെലവും ഡീലര്‍ കമ്മീഷനുമൊക്കെ ചേര്‍ന്നാണ് ഇത്രയും വില ഈടാക്കുന്നത്. 

പെട്രോള്‍ ലിറ്ററിന് 75 രൂപയും ഡീസല്‍ 68 രൂപയുമായി അടിസ്ഥാനനിരക്ക് പരിഷ്‌കരിച്ചാല്‍ അസംസ്‌കൃത എണ്ണവില ബാരലിന് 10 ഡോളര്‍ കുറയുമ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 18,000 കോടി രൂപ ലാഭിക്കാന്‍ കഴിയും. അടിസ്ഥാന നിരക്ക് നിശ്ചയിച്ചശേഷം വിലക്കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറാതിരുന്നാലാണ് ഈനേട്ടമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates