കോളടിച്ച് കേന്ദ്രം, ആര്‍ബിഐയില്‍ നിന്ന് ലഭിച്ചത് 2.87 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ലാഭവിഹിതം; കേന്ദ്രബാങ്ക് വരുമാനമുണ്ടാക്കുന്നത് എങ്ങനെ?

2025-26 സാമ്പത്തിക വര്‍ഷത്തിലെ ലാഭവിഹിതമായി കേന്ദ്രസര്‍ക്കാരിന് 2.87 ലക്ഷം കോടി രൂപ കൈമാറാന്‍ റിസര്‍വ് ബാങ്ക് തീരുമാനം

reserve bank of india
reserve bank of indiaഫയൽ
Edited by :Dhanoj AM
Last Updated :23 മേയ് 2026, 9:33 am IST

ന്യൂഡല്‍ഹി: 2025-26 സാമ്പത്തിക വര്‍ഷത്തിലെ ലാഭവിഹിതമായി കേന്ദ്രസര്‍ക്കാരിന് 2.87 ലക്ഷം കോടി രൂപ കൈമാറാന്‍ റിസര്‍വ് ബാങ്ക് തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന ആര്‍ബിഐ കേന്ദ്ര ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് റെക്കോര്‍ഡ് ലാഭവിഹിതം നല്‍കാന്‍ തീരുമാനമായത്.

ഇറാന്‍ യുദ്ധം മൂലമുണ്ടായ ഊര്‍ജ്ജ പ്രതിസന്ധിയെ തുടര്‍ന്ന് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കേന്ദ്രസര്‍ക്കാരിന് ഇത് ഏറെ ആശ്വാസകരമാകുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ റെക്കോര്‍ഡ് തുകയായ 2.69 ലക്ഷം കോടി രൂപയേക്കാള്‍ കൂടുതലാണ് ഈ വര്‍ഷത്തെ ലാഭവിഹിതം. 6.7 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂലം ക്രൂഡ് വില കുതിച്ചുയരുകയും ഡോളറിനെതിരെ രൂപ റെക്കോര്‍ഡ് നിലയിലേക്ക് താഴുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ ആര്‍ബിഐയില്‍ നിന്ന് ലഭിക്കുന്ന ഈ തുക സര്‍ക്കാരിന് വലിയ ആശ്വാസമാകും.കേന്ദ്രസര്‍ക്കാരിന് തങ്ങളുടെ ധനക്കമ്മി കുറയ്ക്കാനും രാജ്യത്തെ പൊതുവികസന- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും ഈ തുക വലിയ തോതില്‍ സഹായകരമാകും.

റിസര്‍വ് ബാങ്ക് വരുമാനം ഉണ്ടാക്കുന്നത് എങ്ങനെ?

ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം കൈകാര്യം ചെയ്യുന്നത് ആര്‍ബിഐയാണ്. ഇത് യുഎസ് ട്രഷറി ബില്‍ പോലുള്ള മാര്‍ഗങ്ങളില്‍ നിക്ഷേപിച്ചതിലൂടെ കിട്ടിയ പലിശ, രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്തുന്നതിനായി ഡോളറിന്റെയും മറ്റും വ്യാപാരത്തിലൂടെ ലഭിച്ച നേട്ടം, സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ വ്യാപാരത്തിലൂടെയുള്ള ലാഭം, രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ( റിപ്പോ) തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് ആര്‍ബിഐ വന്‍തോതില്‍ ലാഭം ഉണ്ടാക്കുന്നത്. കറന്‍സി നോട്ട് അച്ചടിക്കുന്നതിനുള്ള യഥാര്‍ഥ ചെലവും അതിന്റെ മുഖവിലയും തമ്മിലുള്ള വ്യത്യാസവും ആര്‍ബിഐയുടെ വരുമാനമാണ്.

News Now

Summary

RBI board approves dividend payment of 2,86,588 crore to government 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates