പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ കൂപ്പുകുത്തി ഓഹരി വിപണി; സെന്‍സെക്‌സ് 600 പോയിന്റ് ഇടിഞ്ഞു, രൂപയ്ക്കും നഷ്ടം, എണ്ണവില കുതിക്കുന്നു

പശ്ചിമേഷ്യയില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചത് ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതിഫലിച്ചു

 Sensex down 650 pts
Sensex down 650 ptsai image
Edited by :Dhanoj AM
Last Updated :8 ജൂൺ 2026, 11:20 am IST

മുംബൈ: പശ്ചിമേഷ്യയില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചത് ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതിഫലിച്ചു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 600ലധികം പോയിന്റ് ആണ് താഴ്ന്നത്. നിലവില്‍ 74000 പോയിന്റിലും താഴെയാണ് സെന്‍സെക്‌സ്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി.

പശ്ചിമേഷ്യന്‍ സംഘര്‍ഷം കനത്തതോടെ എണ്ണവിലയും ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 97 ഡോളറിന് മുകളിലാണ്. ഒറ്റയടിക്ക് നാലുശതമാനമാണ് വര്‍ധിച്ചത്. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണവിതരണം വീണ്ടും തടസ്സപ്പെടുമോ എന്ന ആശങ്കയാണ് എണ്ണവിലയില്‍ പ്രതിഫലിച്ചത്. ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷമാണ് ഇന്ന് എണ്ണവില ഉയരാന്‍ കാരണം. ഏപ്രില്‍ എട്ടിന് താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് ശേഷം ഇറാനും ഇസ്രയേലും തമ്മില്‍ നേരിട്ട് നടക്കുന്ന ആദ്യത്തെ ആക്രമണമാണിത്. ഇതോടെ യുഎസ്- ഇറാന്‍ സമാധാന ചര്‍ച്ചകള്‍ വീണ്ടും അനിശ്ചിതത്വത്തിലായി.ഇതെല്ലാമാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. ഇന്ന് എല്ലാ സെക്ടറുകളും നഷ്ടത്തിലാണ്. എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, ടിസിഎസ്, വിപ്രോ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.

അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യവും താഴ്ന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 17 പൈസയുടെ നഷ്ടമാണ് നേരിട്ടത്. 95.35ലേക്കാണ് രൂപ ഇടിഞ്ഞത്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്ന് സൂചന നല്‍കി പുറത്തുവന്ന സാമ്പത്തിക കണക്കുകളെ തുടര്‍ന്ന് ഡോളര്‍ ശക്തിയാര്‍ജിച്ചിരിക്കുകയാണ്. ഇതാണ് രൂപയ്ക്ക് വിനയായത്. കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം കനത്തതും രൂപയെ സ്വാധീനിക്കുന്നുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷം കനത്തതോടെ എണ്ണവില കുതിച്ചുയര്‍ന്നതാണ് രൂപയെ നേരിട്ട് ബാധിച്ചത്.

News Now

Summary

Rupee falls 17 paise, Sensex down 650 pts, Nifty below 23,200

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates