ക്രോം വില്‍ക്കണമെന്ന് ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന് മേല്‍ യുഎസ് നീതിന്യായ വകുപ്പ് സമ്മര്‍ദം ചെലുത്തുന്നു

Google Chrome
ഗൂഗിള്‍ ക്രോംSource by : ഫയൽ
Last Updated :20 November 2024, 10:57 am IST

News Now

വാഷിങ്ടണ്‍: ഓണ്‍ലൈന്‍ തിരച്ചിലില്‍ നിയമവിരുദ്ധമായ കുത്തക നിലനിര്‍ത്താന്‍ ശ്രമിച്ചെന്നാരോപിച്ച് ഗൂഗിളിനുമേല്‍ അമേരിക്ക പിടിമുറുക്കുന്നു. ഈ കാരണം ചൂണ്ടിക്കാട്ടി ജനപ്രിയ വെബ് ബ്രൗസറായ ക്രോം വില്‍ക്കണമെന്ന് ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന് മേല്‍ യുഎസ് നീതിന്യായ വകുപ്പ് സമ്മര്‍ദം ചെലുത്തുന്നു. ഇതനുസരിച്ച് ഗൂഗിള്‍ വികസിപ്പിച്ച ഓപ്പണ്‍ സോഴ്‌സ് വെബ് ബ്രൗസര്‍ ക്രോമും ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റവുമുള്‍പ്പെടെ വില്‍ക്കുന്ന കാര്യം ആല്‍ഫബെറ്റിനോടാവശ്യപ്പെടാന്‍ ജഡ്ജി അമിത് മേത്തക്ക് നീതിന്യായ വകുപ്പ് നിര്‍ദേശം നല്‍കിയേക്കും.

ഗൂഗിളിന്റെ നിര്‍മിതബുദ്ധി സങ്കേതങ്ങളുമായും ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റവുമായും ബന്ധപ്പെട്ട് നടപടികളെടുക്കണമെന്ന് നീതിന്യായ വകുപ്പ് ജഡ്ജിയോടാവശ്യപ്പെടും. ഓണ്‍ലൈന്‍ തിരച്ചിലില്‍ ഗൂഗിള്‍ നിയമവിരുദ്ധമായി കുത്തക നിലനിര്‍ത്താന്‍ ശ്രമിക്കുന്നെന്ന് ഇതേ ജഡ്ജി ഓഗസ്റ്റില്‍ വിധിച്ചിരുന്നു. ഗൂഗിളിന് ഡേറ്റാ ലൈസന്‍സിങ് ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെടുമെന്നാണ് വിവരം. ഒന്നാം ട്രംപ് സര്‍ക്കാരിന്റെ കാലത്താണ് ഗൂഗിളിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. കൂടുതല്‍ മത്സരാധിഷ്ഠിത വിപണി ഒരുക്കുകയാണെങ്കില്‍ പിന്നീട് വില്‍പ്പന ആവശ്യമാണോ എന്നകാര്യം സര്‍ക്കാര്‍ തീരുമാനിച്ചേക്കും.

തെരഞ്ഞെടുപ്പിന്റെ രണ്ടുമാസം മുമ്പ് ഗൂഗിളിനെ വിചാരണ ചെയ്യുമെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ നേരത്തേ പറഞ്ഞിരുന്നു. ആഗോള ബ്രൗസര്‍ വിപണിയുടെ മൂന്നില്‍ രണ്ടുഭാഗവും ഗൂഗിള്‍ ക്രോമാണ് കൈയടക്കിവെച്ചിരിക്കുന്നത്. യു എസിലെ തിരച്ചില്‍ വിപണിയിലും 61 ശതമാനം ക്രോമാണ് ആധിപത്യം പുലര്‍ത്തുന്നത്. ഗൂഗിളിന്റെ പരസ്യ വരുമാനത്തില്‍ ക്രോമിന്റെ സ്വാധീനം നിര്‍ണായകമാണ്. ബ്രൗസറിലൂടെ ആളുകള്‍ തിരച്ചില്‍ നടത്തുന്നതും പരസ്യങ്ങള്‍ കാണുന്നത് നിയന്ത്രിക്കുന്നതും ക്രോമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates