ഓണക്കാലത്ത് സ്വര്‍ണവില കൂടുമോ?, പത്തുഗ്രാമിന് 1.60 ലക്ഷം രൂപ വരെ ഉയരാം; വിദഗ്ധരുടെ പ്രവചനം

ഒരിടവേളയ്ക്ക് ശേഷം അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചതും പണപ്പെരുപ്പ ഭീതിയും ഭൗമരാഷ്ട്രീയ അനിശ്ചിതത്വവും സ്വര്‍ണവിലയെ വീണ്ടും ശ്രദ്ധാകേന്ദ്രമാക്കുന്നു

kerala gold rate
kerala gold ratemeta Ai image
Edited by :Dhanoj AM
Last Updated :12 ജൂലൈ 2026, 12:34 pm IST

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചതും പണപ്പെരുപ്പ ഭീതിയും ഭൗമരാഷ്ട്രീയ അനിശ്ചിതത്വവും സ്വര്‍ണവിലയെ വീണ്ടും ശ്രദ്ധാകേന്ദ്രമാക്കുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,000 ഡോളറിന് അടുത്തെത്തി. അതേസമയം ആഭ്യന്തര വിപണിയില്‍ 10 ഗ്രാമിന് 1.40 ലക്ഷം രൂപ മുതല്‍ 1.42 ലക്ഷം രൂപ വരെയാണ് വില. ഇത് നിക്ഷേപകരെയും സ്വര്‍ണ്ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവരെയും ഒരേപോലെ ആശങ്കയിലാക്കുന്നുണ്ട്.

അടുത്തകാലത്ത് വലിയ ചാഞ്ചാട്ടത്തിനാണ് സ്വര്‍ണവില സാക്ഷിയായത്. കേരളത്തില്‍ ജനുവരി 29ന് പവന് 1,31,160 രൂപയായി ഉയര്‍ന്ന സ്വര്‍ണവില നിലവില്‍ 1,05,000 രൂപയായി താഴ്ന്നിരിക്കുകയാണ്. ഏകദേശം പവന് 25000 രൂപയിലധികമാണ് ഇടിഞ്ഞത്. സ്വര്‍ണവിലയില്‍ ഇനി ഒരു വലിയ ഇടിവ് ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. വില നിലവില്‍ ഒരു സുരക്ഷിത തലത്തില്‍ എത്തിയിട്ടുണ്ടെന്നും ഇനി എന്തെങ്കിലും കുറവുണ്ടായാല്‍ തന്നെ അത് പരമാവധി അഞ്ചു ശതമാനം വരെ മാത്രമായിരിക്കുമെന്നും വിദഗ്ധര്‍ കണക്കുകൂട്ടുന്നു.

ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വീണ്ടും ശക്തമായത് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ജനപ്രീതി വര്‍ദ്ധിപ്പിച്ചു. അസംസ്‌കൃത എണ്ണവില ഉയര്‍ന്നത് പണപ്പെരുപ്പ ആശങ്കകള്‍ക്ക് വീണ്ടും തിരികൊളുത്തിയിട്ടുണ്ട്. കൂടാതെ യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് സംബന്ധിച്ച അനിശ്ചിതത്വവും നിക്ഷേപകരുടെ തീരുമാനങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. ഉയര്‍ന്ന പലിശനിരക്കുകള്‍ സാധാരണയായി സ്വര്‍ണവിലയെ ബാധിക്കാറുണ്ടെങ്കിലും നിലവില്‍ സ്വര്‍ണം ഒരു വലിയ തകര്‍ച്ചയിലല്ല എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

ആഭ്യന്തര വിപണിയില്‍ 10 ഗ്രാമിന് 1.35 ലക്ഷം രൂപ എന്ന നിരക്കില്‍ സ്വര്‍ണ്ണത്തിന് ശക്തമായ പിന്തുണയുണ്ടെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു. അതിനാല്‍, വില ഇനിയും വലിയ തോതില്‍ കുറയുമെന്ന പ്രതീക്ഷയില്‍ സ്വര്‍ണ്ണം വാങ്ങുന്നത് വൈകിപ്പിക്കരുതെന്നും വിദഗ്ധര്‍ ഉപദേശിക്കുന്നു. സ്വര്‍ണവിലയില്‍ ഉണ്ടായ നേരിയ കുറവ് ജ്വല്ലറി വിപണിയില്‍ ഡിമാന്‍ഡ് വീണ്ടെടുക്കാന്‍ സഹായിച്ചിട്ടുണ്ട്. വില റെക്കോര്‍ഡ് ഉയരത്തില്‍ ആയിരുന്നപ്പോള്‍ വില്‍പ്പനയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഉത്സവ സീസണ്‍ അടുത്തെത്തുന്നതോടെ വില ഇനിയും ഉയരാമെന്നും വിദഗ്ധര്‍ പ്രവചിക്കുന്നു. ദീപാവലി വില്‍പ്പന കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉയരുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.

ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അയയുകയാണെങ്കില്‍, ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില പത്തുഗ്രാമിന് 1.60 ലക്ഷം രൂപ വരെ ഉയര്‍ന്നേക്കാമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ അനിശ്ചിതത്വം തുടരുകയാണെങ്കില്‍ വില 1.35 ലക്ഷം - 1.45 ലക്ഷം രൂപ പരിധിയില്‍ തന്നെ തുടരാനാണ് സാധ്യത. നിക്ഷേപകരെ സംബന്ധിച്ചിടത്തോളം, വിപണിയിലെ കൃത്യമായ സമയം നോക്കി നിക്ഷേപിക്കുന്നതിനേക്കാള്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സമീപനമാണ് വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്. നിലവിലെ വില നിലവാരത്തില്‍ ഘട്ടംഘട്ടമായി സ്വര്‍ണ്ണം ശേഖരിക്കുന്നത് നല്ലൊരു തന്ത്രമായിരിക്കും. എങ്കിലും, വരുംദിവസങ്ങളിലെ വിപണിയുടെ ഗതി യുഎസ്-ഇറാന്‍ സംഘര്‍ഷം, പണപ്പെരുപ്പ നിരക്കുകള്‍, യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് തീരുമാനങ്ങള്‍ എന്നിവയെ ആശ്രയിച്ചിരിക്കുമെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

News Now

Summary

Will Gold Touch Rs 1.60 Lakh By festival season? Here's What Experts Say About Buying Now

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates