ലയന പദ്ധതിയില്‍ നിന്ന് സോണിയുടെ പിന്മാറ്റം; സീ എന്റര്‍ടെയിന്‍മെന്റ് ഓഹരിയില്‍ 10 ശതമാനം ഇടിവ്, ലോവര്‍ സര്‍ക്യൂട്ടില്‍ 'ലോക്ക്'

ലയന പദ്ധതിയില്‍ നിന്ന് പിന്മാറിയതായി ജാപ്പനീസ് കമ്പനിയായ സോണി കോര്‍പ്പറേഷന്‍ അറിയിച്ചതിന് പിന്നാലെ സീ എന്റര്‍ടെയിന്‍മെന്റ് ഓഹരിയില്‍ കനത്ത ഇടിവ്

സീ എന്റർടെയ്ൻമെന്റ് , ഫയൽ‌
Last Updated :23 January 2024, 11:49 pm IST

ന്യൂഡല്‍ഹി: ലയന പദ്ധതിയില്‍ നിന്ന് പിന്മാറിയതായി ജാപ്പനീസ് കമ്പനിയായ സോണി കോര്‍പ്പറേഷന്‍ അറിയിച്ചതിന് പിന്നാലെ സീ എന്റര്‍ടെയിന്‍മെന്റ് ഓഹരിയില്‍ കനത്ത ഇടിവ്. ഇന്ന് വ്യാപാരം തുടങ്ങി ഉടനെ തന്നെ പത്തുശതമാനത്തിന്റെ ഇടിവാണ് സീ എന്റര്‍ടെയിന്‍മെന്റ് ഓഹരി നേരിട്ടത്. കുത്തനെ ഇടിയാന്‍ തുടങ്ങിയതോടെ, നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 208.30 എന്ന നിലയില്‍ ലോവര്‍ സര്‍ക്യൂട്ടില്‍ സീ ഓഹരി ലോക്ക് ചെയ്തു.

ഇന്നലെയാണ് ലയന പദ്ധതിയില്‍ നിന്ന് പിന്മാറിയതായി സീ എന്റര്‍ടെയിന്‍മെന്റിനെ സോണി കോര്‍പ്പറേഷന്‍ ഔദ്യോഗികമായി അറിയിച്ചത്. ലയനവുമായി ബന്ധപ്പെട്ട് രണ്ടുവര്‍ഷം നീണ്ട നടപടികള്‍ക്കാണ് അവസാനമായത്.  ലയന പദ്ധതിയില്‍ നിന്ന് പിന്മാറിയെന്ന് ഔദ്യോഗികമായി അറിയിച്ച് കൊണ്ടുള്ള കത്ത് സോണി കോര്‍പ്പറേഷന്‍ സീ എന്റര്‍ടെയിന്‍മെന്റിന് നല്‍കുകയായിരുന്നു. ഇക്കാര്യം സ്റ്റോക്ക് എക്സ്ചേഞ്ചിനെ പിന്നീട് അറിയിക്കുമെന്ന് കമ്പനിവൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. 

ലയന കരാറിന്റെ വ്യവസ്ഥകള്‍ പാലിക്കാത്തതാണ് സോണി പിന്മാറാനുള്ള കാരണമായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് സീ എന്റര്‍ടെയ്ന്‍മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ലയനത്തിലൂടെ ഒടിടി രംഗത്തെ പ്രമുഖരായ ആമസോണ്‍, നെറ്റ്ഫ്ളിക്സ് എന്നിവയെ നേരിടാന്‍ കഴിയുന്ന 1000 കോടി ഡോളര്‍ മൂല്യമുള്ള ഒരു ആഗോള ഭീമനായി മാറാനുള്ള സാധ്യതയാണ് ഇല്ലാതായതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

സീ മേധാവി പുനീത് ഗോയങ്കയുമായി ബന്ധപ്പെട്ട സെബി അന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ലയനത്തെ ബാധിച്ചതായും സൂചനകളുണ്ട്. ഗോയങ്ക സീയില്‍ നിന്ന് വിട്ടുപോയാല്‍, ലയന നിര്‍ദേശം സോണി വീണ്ടും പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞദിവസം ലയന നടപടിയില്‍ നിന്ന് സോണി പിന്മാറാന്‍ പോകുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നും സീ എന്റര്‍ടെയ്ന്‍മെന്റ് ഓഹരിയില്‍ കനത്തനഷ്ടം നേരിട്ടിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now