മോട്ടോ എഐ കീ, വയര്‍ലെസ് ചാര്‍ജിങ്; മോട്ടോറോള എഡ്ജ് 70 മാക്‌സ് ഉടന്‍ വിപണിയില്‍, അറിയാം ഫീച്ചറുകള്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോ തങ്ങളുടെ എഡ്ജ് സീരീസിലെ അഞ്ചാമത്തെ ഫോണായി എഡ്ജ് 70 മാക്‌സ് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു

Motorola Edge 70 Pro Plus
Motorola Edge 70 Pro Plus file
Edited by :Dhanoj AM
Last Updated :8 ജൂലൈ 2026, 10:44 am IST

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോ തങ്ങളുടെ എഡ്ജ് സീരീസിലെ അഞ്ചാമത്തെ ഫോണായി എഡ്ജ് 70 മാക്‌സ് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. ഫോണിന്റെ ഡിസൈനും എഐ പ്രകടനങ്ങളും വയര്‍ലെസ് ചാര്‍ജിങ്ങും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമാക്കുന്ന സൂചനകള്‍ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ഫോണിന്റെ പൂര്‍ണ്ണമായ വിവരങ്ങളോ ലോഞ്ച് തീയതിയോ മോട്ടോറോള ഇതുവരെ പുറത്തുവിട്ടിട്ടില്ല.

നിലവില്‍ എഡ്ജ് സീരീസില്‍ എഡ്ജ് 70, എഡ്ജ് 70 ഫ്യൂഷന്‍, എഡ്ജ് 70 പ്രോ, എഡ്ജ് 70 പ്രോ+ എന്നിവയാണ് ഉള്ളത്. എഡ്ജ് 70 സീരീസിലെ മറ്റ് ഫോണുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഡിസൈനാണ് പുതിയ ഫോണിനുള്ളത്. പ്രോ മോഡലുകളിലെ കര്‍വ്ഡ് ഡിസ്പ്ലേയ്ക്ക് പകരം ഫ്‌ലാറ്റ് ഡിസ്പ്ലേയും ഫ്‌ലാറ്റ് ബാക്ക് പാനലുമാണ് ഇതിനുള്ളത്.

കൂടാതെ, മൂന്ന് കാമറകള്‍ അടങ്ങിയ ചതുരാകൃതിയിലുള്ള കാമറ മോഡ്യൂളും ഇതിലുണ്ട്. ഫോണിന്റെ ഇടത് വശത്തായി നല്‍കിയിരിക്കുന്ന അധിക ബട്ടണ്‍ 'Moto AI Key' ആകാനാണ് സാധ്യത. വയര്‍ലെസ് ചാര്‍ജിങ് പിന്തുണ ഈ ഫോണിനുണ്ടാകും. ഈ ഫോണില്‍ Snapdragon 8 ഏലി 5 ചിപ്സെറ്റ് ഉപയോഗിക്കുമെന്നാണ് സൂചന. ഇത് എഡ്ജ് 70 പ്രോ പ്ലസില്‍ ഉള്ള മീഡിയടെക് ഡിമെന്‍സിറ്റി പ്രൊസസറിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കും.

പ്രൈമറി, ടെലിഫോട്ടോ, അള്‍ട്രാ-വൈഡ് ലെന്‍സുകള്‍ അടങ്ങുന്ന ട്രിപ്പിള്‍ റിയര്‍ കാമറ സെറ്റപ്പാണ് ഇതില്‍ പ്രതീക്ഷിക്കുന്നത്. ഗ്ലേസിയര്‍ ബ്ലൂ, ഒനിക്‌സ് ബ്ലാക്ക്, സേജ് ഗ്രീന്‍ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമായേക്കും. എഐ സെര്‍ച്ച്, ഫോട്ടോ എഡിറ്റിങ് തുടങ്ങിയവയെ പിന്തുണയ്ക്കുന്ന മോട്ടോറോളയുടെ 'Qira' എന്ന എഐ അസിസ്റ്റന്റ് ഈ ഫോണില്‍ ഉണ്ടായിരിക്കും. വിലയെക്കുറിച്ചോ റിലീസ് തീയതിയെക്കുറിച്ചോ ഔദ്യോഗിക വിവരങ്ങള്‍ ഇല്ലെങ്കിലും, നിലവില്‍ 47,999 രൂപയ്ക്ക് ലഭ്യമാകുന്ന എഡ്ജ് 70 പ്രോ പ്ലസിനേക്കാള്‍ ഉയര്‍ന്ന വിലയിലായിരിക്കും ഇത് വിപണിയിലെത്തുക.

News Now

Summary

Motorola Edge 70 Max India launch confirmed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates