കോവിഡ് വൈറസ് തലച്ചോറിനെയും പാൻക്രിയാസിനെയും ബാധിക്കും ; മൃതദേഹ പഠനത്തിൽ നിർണായക കണ്ടെത്തൽ

ബ്ലഡ് ബ്രെയിൻ ബാരിയറും കടന്ന് തലച്ചോറിൽ എത്താമെങ്കിൽ കോവിഡ് വൈറസിന് ശരീരത്തിൽ എവിടെ വേണമെങ്കിലും പ്രവേശിക്കാനാകും

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:46 am IST

ന്യൂഡൽഹി: കോവിഡ് വൈറസ് പാൻക്രിയാസിനെയും തലച്ചോറിനെയും വരെ സാരമായി ബാധിക്കുന്നതായി പഠനങ്ങൾ. കുടൽ, കരൾ, ശ്വാസകോശം എന്നിവയെ മാത്രമല്ല, വൃക്ക, തൈറോയ്ഡ്, പാൻക്രിയാസ്, എല്ലുകൾ, തലച്ചോർ എന്നിവയിലും വൈറസിന്റെ ആക്രമണമുണ്ടാകുന്നുവെന്നാണ്  റിപ്പോർട്ട്. രാജ്യത്താദ്യമായി കോവിഡ് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്ത് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

ഭോപ്പാൽ എയിംസിലെ ഫൊറൻസിക് വിഭാഗം കോവിഡ് ബാധിച്ച് മരിച്ച 21 പേരുടെ മൃതദേഹങ്ങൾ പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. പകുതിയോളം മൃതദേഹങ്ങളുടെ തലച്ചോറിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയെന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ നാലംഗസംഘത്തിലെ മലയാളി ഡോ. ജെ എസ് ശ്രാവൺ പറഞ്ഞു.

ബ്ലഡ് ബ്രെയിൻ ബാരിയറും കടന്ന് തലച്ചോറിൽ എത്താമെങ്കിൽ കോവിഡ് വൈറസിന് ശരീരത്തിൽ എവിടെവേണമെങ്കിലും പ്രവേശിക്കാനാകും. പാൻക്രിയാസിനെ കോവിഡ് ബാധിക്കുമെന്നത് ആശങ്കാജനകമാണ്. കോവിഡ് മുക്തരിൽ പിന്നീട് പ്രമേഹം പിടിപെടാൻ ഇത് സാധ്യത വർധിപ്പിക്കുന്നതായി ശ്രാവൺ പറഞ്ഞു. 

ഡോ. ശ്രാവണിനു പുറമേ ഫൊറൻസിക് മെഡിസിൻ വിഭാഗത്തിലെ ഡോ. ജയന്തി യാദവ്, ഡോ. ബൃന്ദാ പട്ടേൽ, ഡോ. മഹാലക്ഷ്മി എന്നിവരാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. ബന്ധുക്കളുടെ അനുമതിയോടെ, 25 മുതൽ 84 വയസ്സുവരെ പ്രായമായവരുടെ മൃതദേങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. 

അവയവങ്ങളിൽനിന്നുള്ള സ്രവം ആർ ടി പി സി ആർ പരിശോധന നടത്തിയാണ് വൈറസ് സാന്നിധ്യം ഉറപ്പിച്ചത്. ആരോഗ്യവകുപ്പിനും അന്താരാഷ്ട്ര ജേർണലുകൾക്കും റിപ്പോർട്ട് കൈമാറി. രാജ്യത്താദ്യമായി കോവിഡ് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടംചെയ്ത് നടത്തിയ പഠനം പൂർത്തിയാവാൻ നാലുമാസമെടുത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now