മനസ്സിനും ശരീരത്തിനും ഒരു 'റീസെറ്റ്'; വീക്കൻഡ് പാഴാക്കരുത്, ആരോഗ്യകരമായി സമയം ചെലവഴിക്കാൻ 10 വഴി

ശരീരത്തെയും മനസ്സിനെയും പുതുക്കി അടുത്ത ആഴ്ചയെ കൂടുതൽ ഊർജത്തോടെ നേരിടാൻ സഹായിക്കാൻ സെൽഫ് കെയർ ശീലങ്ങൾ നിങ്ങളെ സഹായിക്കും.

Weekend tips, selfcare tips
Weekend tips, selfcare tipsPinterest
Edited by :അഞ്ജു സി വിനോദ്‌
Last Updated :12 ജൂൺ 2026, 5:37 pm IST

വീക്കൻഡിനെ പലരും വിശ്രമത്തിനുള്ള സമയമായി കണക്കാക്കാറുണ്ട്. എന്നാൽ വിശ്രമമെന്ന പേരിൽ മുഴുവൻ സമയം വെറുതെ കിടക്കുകയോ സ്ക്രീൻ നോക്കിയിരിക്കുകയോ ചെയ്യുന്നത് ശരീരത്തിനും മനസ്സിനും ആരോ​ഗ്യകരമായിരിക്കില്ല. ശരീരത്തെയും മനസ്സിനെയും പുതുക്കി അടുത്ത ആഴ്ചയെ കൂടുതൽ ഊർജത്തോടെ നേരിടാൻ സഹായിക്കാൻ സെൽഫ് കെയർ ശീലങ്ങൾ നിങ്ങളെ സഹായിക്കും. ഈ വീക്കൻഡിൽ ചെറിയ ചില മാറ്റങ്ങൾ കൊണ്ടുവരാം.

ഉറക്കക്രമം പൂർണമായി തകർക്കരുത്

വീക്കൻഡായത് കൊണ്ട് രാത്രി വൈകി ഉറങ്ങുകയും ഉച്ചവരെ കിടന്നുറങ്ങുകയും ചെയ്യുന്നത് പലരുടെയും ശീലമാണ്. എന്നാൽ ഇത് ശരീരത്തിന്റെ സർക്കാഡിയൻ താളത്തെ ബാധിക്കും. സാധാരണ ദിവസങ്ങളിലെ ഉറക്കസമയത്തിൽ നിന്ന് ഒരു മണിക്കൂറിലധികം വ്യത്യാസം വരാതിരിക്കാൻ ശ്രദ്ധിക്കുക. നല്ല ഉറക്കം ശരീരത്തിനും തലച്ചോറിനും ആവശ്യമായ പുനരുജ്ജീവനം നൽകും.

ദിവസത്തിന് തുടക്കം വെള്ളം കുടിച്ചുകൊണ്ട്

രാവിലെ എഴുന്നേറ്റ ഉടൻ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താനും ദഹനപ്രവർത്തനങ്ങളെ ഉണർത്താനും സഹായിക്കും. വീക്കൻഡിൽ കൂടുതൽ വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കാം.

വ്യായാമം

വ്യായാമം ചെയ്യാൻ സമയം കിട്ടുന്നില്ലെന്ന പരാതിയുള്ളവർക്ക് വീക്കൻഡ് മികച്ച അവസരമാണ്. ജോഗിങ്, സൈക്ലിങ്, യോഗ, നീന്തൽ, അല്ലെങ്കിൽ ഒരു മണിക്കൂർ നടത്തം എന്നിവ ശരീരാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. വ്യായാമം മാനസിക സമ്മർദം കുറയ്ക്കുകയും സന്തോഷ ഹോർമോണുകളുടെ ഉൽപാദനം വർധിപ്പിക്കുകയും ചെയ്യുന്നു.

പോഷകസമൃദ്ധമായ ഭക്ഷണം

വീക്കൻഡിൽ ഫാസ്റ്റ് ഫുഡുകളും ജങ്ക് ഫുഡുകളും കൂടുതലായി കഴിക്കുന്ന പ്രവണതയുണ്ട്. എന്നാൽ പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയാൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കും. വീട്ടിൽ ആരോഗ്യകരമായ വിഭവങ്ങൾ തയ്യാറാക്കുന്നതും നല്ലൊരു സെൽഫ്-കെയർ രീതിയാണ്.

ഡിജിറ്റൽ ഡിറ്റോക്സ് പരീക്ഷിക്കാം

ഫോൺ, ലാപ്ടോപ്പ്, സോഷ്യൽ മീഡിയ എന്നിവയിൽ നിന്ന് കുറച്ച് മണിക്കൂറെങ്കിലും അകന്നു നിൽക്കുന്നത് മനസ്സിന് വലിയ ആശ്വാസം നൽകും. നിരന്തരമായ സ്ക്രീൻ ഉപയോഗം കണ്ണിനും തലച്ചോറിനും ക്ഷീണം സൃഷ്ടിക്കും. പകരം പുസ്തകം വായിക്കുക, കുടുംബത്തോടൊപ്പം സമയം ചെലവിടുക, പ്രകൃതിയുമായി ഇടപഴകുക എന്നിവ തിരഞ്ഞെടുക്കാം.

പ്രകൃതിയിയോടൊപ്പം

പാർക്കിലോ കടൽത്തീരത്തോ തോട്ടത്തിലോ കുറച്ച് സമയം ചെലവിടുന്നത് മാനസികാരോഗ്യത്തിന് ഗുണകരമാണ്. പ്രകൃതിയോട് അടുത്ത് നിൽക്കുന്നത് സമ്മർദം കുറയ്ക്കുകയും മനസ്സിനെ ശാന്തമാക്കുകയും ചെയ്യുന്നു.

ഇഷ്ടമുള്ള ഒരു ഹോബി

പാട്ട് കേൾക്കൽ, ചിത്രരചന, വായന, പാചകം, പൂന്തോട്ട പരിപാലനം തുടങ്ങിയ ഇഷ്ടപ്രവർത്തനങ്ങൾ ചെയ്യുന്നത് മാനസിക സന്തോഷം വർധിപ്പിക്കും. ഹോബികൾ സമ്മർദം കുറയ്ക്കുന്നതിനും ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും സഹായകമാണ്.

വീട്ടുപരിസരം വൃത്തിയാക്കുക

അലങ്കോലമായ ഇടങ്ങൾ മനസ്സിലും അസ്വസ്ഥത സൃഷ്ടിക്കാം. വീക്കൻഡിൽ ചെറിയ രീതിയിൽ വീട് വൃത്തിയാക്കുകയോ ക്രമീകരിക്കുകയോ ചെയ്യുന്നത് ഉന്മേഷം നൽകും. ശുചിത്വമുള്ള പരിസരം കൂടുതൽ ശ്രദ്ധയും ഉൽപാദനക്ഷമതയും നൽകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

മാനസികാരോഗ്യത്തിന് സമയം കണ്ടെത്തുക

മെഡിറ്റേഷൻ, ആഴത്തിലുള്ള ശ്വാസോച്ഛ്വാസ വ്യായാമങ്ങൾ, ജേർണലിങ് എന്നിവ മനസ്സിനെ ശാന്തമാക്കാൻ സഹായിക്കും. ആഴ്ച മുഴുവൻ നേരിട്ട വെല്ലുവിളികളെക്കുറിച്ചും അടുത്ത ആഴ്ചയിൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും ചിന്തിക്കാൻ കുറച്ച് സമയം മാറ്റിവെക്കാം.

അടുത്ത ആഴ്ചയ്ക്ക് ചെറിയൊരു പ്ലാൻ തയ്യാറാക്കുക

ഞായറാഴ്ച വൈകുന്നേരം കുറച്ച് സമയം ചെലവഴിച്ച് അടുത്ത ആഴ്ചയിലെ ജോലികൾ, മീറ്റിംഗുകൾ, ലക്ഷ്യങ്ങൾ എന്നിവ കുറിച്ചുവയ്ക്കുന്നത് തിങ്കളാഴ്ചയിലെ സമ്മർദം കുറയ്ക്കും. മുൻകൂട്ടി തയ്യാറെടുപ്പ് നടത്തുന്നത് കൂടുതൽ ആത്മവിശ്വാസത്തോടെ ആഴ്ച ആരംഭിക്കാൻ സഹായിക്കും.

News Now

Summary

Don't Waste Your Weekend: SelfCare Tips That Actually Work

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates