വെയിൽ കൊണ്ട ശേഷമുള്ള തലവേദന നിസാരമാക്കരുത്; ചൂടു കൂടുമ്പോൾ ശ്രദ്ധിക്കണം

ശരീരത്തിൽ ജലാംശം കുറയുമ്പോൾ രക്തത്തിലെ അളവിലും രക്തചംക്രമണത്തിലും മാറ്റമുണ്ടാകാം.

headache in summer
headache in summerPinterest
Edited by :അഞ്ജു സി വിനോദ്‌
Last Updated :4 സെപ്റ്റംബർ 2026, 5:21 pm IST

പുറത്ത് വെയിലത്ത് ഏറെനേരം ചെലവഴിച്ച ശേഷം വീട്ടിലെത്തുമ്പോൾ തലവേദന, ക്ഷീണം, തലകറക്കം, അമിതദാഹം തുടങ്ങിയ ലക്ഷണങ്ങൾ പലർക്കും സാധാരണമാണ്. വേനൽക്കാലത്ത് മാത്രമല്ല, അന്തരീക്ഷ താപനിലയും ഈർപ്പവും കൂടുതലുള്ള ദിവസങ്ങളിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. വെയിലേറ്റ ശേഷമുള്ള തലവേദനയ്ക്ക് പ്രധാന കാരണം ഡീഹൈഡ്രേഷൻ ആണ്.

ശരീരത്തിൽ ജലാംശം കുറയുമ്പോൾ രക്തത്തിലെ അളവിലും രക്തചംക്രമണത്തിലും മാറ്റമുണ്ടാകാം. ഇത് തലവേദനയിം ക്ഷീണവും ഉണ്ടാക്കാം. ഇതിനൊപ്പം ഉറക്കക്കുറവു കൂടിയുണ്ടെങ്കിൽ തലവേദന തീവ്രമാകാനും സാധ്യതയുണ്ട്.

കൂടാതെ അമിതമായ ചൂടിൽ ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്ന സംവിധാനം കൂടുതൽ പ്രവർത്തിക്കേണ്ടിവരും. ഇതിന്റെ ഭാഗമായി തലവേദന, ക്ഷീണം, ബലഹീനത, ഓക്കാനം എന്നിവ ഉണ്ടാകാം. വെയിലത്ത് ജോലി ചെയ്യുമ്പോൾ ഭക്ഷണം കഴിക്കാൻ വൈകുകയോ ഭക്ഷണം ഒഴിവാക്കുകയോ ചെയ്യുന്നത് ചിലരിൽ തലവേദനയ്ക്കും ബലഹീനതയ്ക്കും കാരണമാകും. പ്രത്യേകിച്ച് പ്രമേഹമുള്ളവർ ഭക്ഷണവും മരുന്നും സംബന്ധിച്ച് കൂടുതൽ ശ്രദ്ധിക്കണം.

തലവേദന വരുമ്പോൾ എന്തു ചെയ്യാം

  • ആദ്യം തണുത്തതും വായുസഞ്ചാരമുള്ളതുമായ സ്ഥലത്തേക്ക് മാറുക. ശരീരത്തിന് വിശ്രമം നൽകുക.

  • വെള്ളം കുടിക്കുക. ഒറ്റയടിക്ക് വലിയ അളവിൽ വെള്ളം കുടിക്കുന്നതിനു പകരം ഇടവിട്ട് ആവശ്യത്തിന് വെള്ളം കുടിക്കാം.

  • വളരെ അധികം വിയർത്തിട്ടുണ്ടെങ്കിൽ, സാധാരണ ഭക്ഷണത്തിലൂടെയോ അനുയോജ്യമായ ഇലക്ട്രോലൈറ്റ് പാനീയത്തിലൂടെയോ നഷ്ടപ്പെട്ട ലവണങ്ങൾ പുനഃസ്ഥാപിക്കേണ്ടിവരാം.

  • തണുത്ത വെള്ളത്തിൽ നനച്ച തുണി കഴുത്തിലും നെറ്റിയിലും ശരീരത്തിന്റെ ചൂട് കൂടുതലായി അനുഭവപ്പെടുന്ന ഭാഗങ്ങളിലും വയ്ക്കാം. കട്ടിയുള്ള വസ്ത്രങ്ങൾ മാറ്റി ശരീരത്തിന് വായു ലഭിക്കുന്ന രീതിയിൽ വിശ്രമിക്കുക.

  • തലവേദന കുറഞ്ഞുവെന്ന് കരുതി ഉടൻ തന്നെ പുറത്തേക്ക് പോകുന്നത് ഒഴിവാക്കുക. ശരീരത്തിന് സാധാരണ താപനിലയിലേക്കും ജലാംശ നിലയിലേക്കും തിരിച്ചെത്താൻ സമയം നൽകണം.

  • ഭക്ഷണം ഒഴിവാക്കിയിട്ടുണ്ടെങ്കിൽ പഴങ്ങൾ, കഞ്ഞി, ചോറ്, പച്ചക്കറികൾ തുടങ്ങിയ പോഷകസമൃദ്ധമായ ലഘുഭക്ഷണം കഴിക്കാം. അമിതമായി എണ്ണയും മസാലയും അടങ്ങിയ ഭക്ഷണം ഒഴിവാക്കുന്നത് നല്ലതാണ്.

വളരെ ഉയർന്ന ശരീരതാപനില, ആശയക്കുഴപ്പം, ബോധാവസ്ഥയിൽ മാറ്റം, സംസാരിക്കാൻ ബുദ്ധിമുട്ട്, നടക്കാൻ ബുദ്ധിമുട്ട്, ബോധക്ഷയം, കുഴഞ്ഞുവീഴൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഹീറ്റ് സ്ട്രോക്ക് പോലുള്ള അടിയന്തരാവസ്ഥയുടെ സൂചനയാകാം. ഇത്തരം സാഹചര്യത്തിൽ വീട്ടിൽ കാത്തിരിക്കാതെ അടിയന്തര വൈദ്യസഹായം തേടണം.

ആളെ തണുത്ത സ്ഥലത്തേക്ക് മാറ്റുകയും ശരീരം തണുപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനൊപ്പം അടിയന്തര ചികിത്സ ഉറപ്പാക്കണം. ബോധം കുറഞ്ഞിരിക്കുന്ന വ്യക്തിക്ക് വായിലൂടെ വെള്ളമോ മറ്റ് ദ്രാവകങ്ങളോ നൽകാൻ ശ്രമിക്കരുത്, ശ്വാസംമുട്ടലിന് സാധ്യതയുണ്ട്.

News Now

Summary

heatwaves health risk

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates