സ്ട്രെസ് ഫ്രീ ആകാൻ ചെമ്പരത്തി ചായ; പൂക്കൾ ഉണക്കി സൂക്ഷിക്കാം

നൂറ്റാണ്ടുകളായി ആയുർവേദത്തിലും നാടൻ ചികിത്സാരീതികളിലും ചെമ്പരത്തി ഒരു പ്രധാനിയാണ്

Hibiscus Flower Tea
Hibiscus Flower TeaPinterest
Edited by :അഞ്ജു സി വിനോദ്‌
Last Updated :20 ജൂൺ 2026, 5:19 pm IST

നമ്മുടെ വീട്ടുമുറ്റത്ത് സാധാരണയായി കാണപ്പെടുന്ന ചെമ്പരത്തിയെ വെറുമൊരു അലങ്കാര ചെടിയായി മാത്രം വിലയിരുത്തരുത്, നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നിറഞ്ഞ ഒരു ഔഷധസസ്യം കൂടിയാണിത്. നൂറ്റാണ്ടുകളായി ആയുർവേദത്തിലും നാടൻ ചികിത്സാരീതികളിലും ചെമ്പരത്തി ഒരു പ്രധാനിയാണ്. ചെമ്പരത്തിയും പൂവും ഇലയും പലതരത്തിൽ നമ്മുടെ ആരോ​ഗ്യസംരക്ഷണത്തിന് സഹായകരമാണ്.

ചെമ്പരത്തി പൂക്കൾ ഉണക്കി ചായ തിളപ്പിച്ചു കുടിക്കുന്നത് ഹൃദയാരോഗ്യം മുതൽ സ്ട്രെസ് ഫ്രീ ആകാൻ വരെ മികച്ചതാണ്. വിലകൂടി കേശസംരക്ഷണ ഉൽപന്നങ്ങളെക്കാൾ പണ്ട് കാലം മുതൽ പിന്തുടരുന്ന ചെമ്പരത്തി താളി എന്ന ശീലം മുടി സംരക്ഷണത്തിന് ഏറെ ഗുണകരമാണ്.

ഹൃദയാരോ​ഗ്യം

ചെമ്പരത്തിയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ ദോഷകരമായ ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും ഹൃദയാരോ​ഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. ചെമ്പരത്തി ചായ രക്തസമ്മർദം നിയന്ത്രിക്കാൻ ​ഗുണകരമാണെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുള്ളതായി ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ രക്തസമ്മർദത്തിനുള്ള മരുന്നു കഴിക്കുന്നവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഇത് ഉപയോ​ഗിക്കാവൂ.

ശരീരഭാര നിയന്ത്രണം

ശരീരത്തിലെ മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിലൂടെ ശരീരഭാര നിയന്ത്രണത്തിന് ചെമ്പരത്തി ചായ സഹായിക്കുമെന്ന് ചില ആരോ​ഗ്യവിദ​ഗ്ധർ അഭിപ്രായപ്പെടുന്നു. മാത്രമല്ല, ചെമ്പരത്തി ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ സഹായിക്കുമെന്നും ചില പഠനങ്ങൾ പറയുന്നു.

കരളിന്റെ ആരോ​ഗ്യം

ആൻ്റിഓക്സിഡന്റുകളാൽ നിറഞ്ഞ ചെമ്പരത്തി കരളിലെ കോശങ്ങളെ സംരക്ഷിക്കാനും വിഷാംശങ്ങൾ പുറത്താക്കാനും സഹായിക്കുന്നു. ഇതിലൂടെ കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യാം.

രോ​ഗപ്രതിരോധശേഷി

വിറ്റാമിൻ സി ഉൾപ്പെടെയുള്ള പോഷകങ്ങൾ ചെമ്പരത്തിയിൽ അടങ്ങിയിട്ടുണ്ട്. ഇവ രോഗപ്രതിരോധശേഷി ശക്തിപ്പെടുത്താനും അണുബാധകളെ പ്രതിരോധിക്കാനും സഹായിക്കുന്നു.

ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നു

ചെമ്പരത്തി ചായ ദഹനപ്രക്രിയ സുഗമമാക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കുകയും ചെയ്യാം. വയറിന്റെ ആരോഗ്യം നിലനിർത്താൻ ഇത് സഹായകരമാണ്.

മുടിവളർച്ചയ്ക്ക് ഗുണം ചെയ്യുന്നു

ചെമ്പരത്തി ഇലയും പൂവും മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. മുടികൊഴിച്ചിൽ കുറയ്ക്കാനും മുടിവളർച്ച പ്രോത്സാഹിപ്പിക്കാനും തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.

ചർമത്തിന്റെ ആരോഗ്യം

ചെമ്പരത്തിയിലെ ആന്റിഓക്സിഡന്റുകളും സ്വാഭാവിക ആസിഡുകളും ചർമത്തിലെ പ്രായാധിക്യലക്ഷണങ്ങൾ കുറയ്ക്കാനും തിളക്കം വർധിപ്പിക്കാനും സഹായിക്കുന്നു. മുഖക്കുരു നിയന്ത്രിക്കുന്നതിനും ഇത് ഗുണം ചെയ്യാം.

രക്തത്തിലെ പഞ്ചസാരയുടെ അളവ്

ചില പഠനങ്ങൾ പ്രകാരം ചെമ്പരത്തി രക്തത്തിലെ ഗ്ലൂക്കോസ് നില നിയന്ത്രിക്കാൻ സഹായിച്ചേക്കാം. എന്നാൽ പ്രമേഹരോഗികൾ ചികിത്സയ്ക്ക് പകരമായി ഇത് ഉപയോഗിക്കരുത്.

മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു

ചൂടുള്ള ചെമ്പരത്തി ചായ കുടിക്കുന്നത് മനസ്സിന് ആശ്വാസം നൽകുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യാം. ശരീരത്തിനും മനസ്സിനും ഉന്മേഷം നൽകുന്ന ഒരു പ്രകൃതിദത്ത പാനീയമാണിത്.

എന്നാൽ ചെമ്പരത്തി സാധാരണയായി സുരക്ഷിതമാണെങ്കിലും, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, രക്തസമ്മർദ്ദത്തിനോ പ്രമേഹത്തിനോ മരുന്ന് കഴിക്കുന്നവർ എന്നിവർ സ്ഥിരമായി ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടണം.

News Now

Summary

Hibiscus Flower in daily life; health benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates