വീട്ടിൽ മാറാല ഉണ്ടാകാതിരിക്കാൻ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചില സിംപിൾ മുൻകരുതൽ നടപടികളിലൂടെയും ശീലങ്ങളിലൂടെയും മാറാല ശല്യം ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കും.

how to prevent Marala
how to prevent MaralaPinterest
Edited by :അഞ്ജു സി വിനോദ്‌
Last Updated :11 ജൂലൈ 2026, 4:21 pm IST

വീട്ടിലെ കോണുകളിലും ജനൽച്ചില്ലുകളിലും മേൽക്കൂരയുടെ ഭാ​ഗങ്ങളിലുമൊക്കെ മാറാലയും ചുക്കിലിയും സാധാരണമാണ്. എന്നാൽ ഇവ നീക്കം ചെയ്യാതിരുന്നാൽ വീടിന്റെ മനോഹാരിത നഷ്ടപ്പെടുമെന്ന് മാത്രമല്ല, പൊടിയും മാറാലയും കൂടി അലർജി പ്രശ്നങ്ങളും ഉണ്ടാക്കാം. ചില സിംപിൾ മുൻകരുതൽ നടപടികളിലൂടെയും ശീലങ്ങളിലൂടെയും മാറാല ശല്യം ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കും.

ആഴ്ചയിൽ ഒരിക്കലെങ്കിലും വീടിന്റെ കോണുകൾ വൃത്തിയാക്കുക

മാറാല കൂടുതലായി ഉണ്ടാകുന്നത് ആരും ശ്രദ്ധിക്കാത്ത കോണുകളിലാണ്. നീളമുള്ള ഡസ്റ്ററോ വാക്വം ക്ലീനറോ ഉപയോഗിച്ച് ആഴ്ചയിൽ ഒരിക്കലെങ്കിലും വീടിന്റെ എല്ലാ കോണുകളും മേൽക്കൂരയുടെ ഭാഗങ്ങളും വൃത്തിയാക്കുക.

പൊടി അടിഞ്ഞുകൂടാൻ അനുവദിക്കരുത്

പൊടിയും അഴുക്കും അടിഞ്ഞുകൂടുന്ന സ്ഥലങ്ങളിലാണ് ചിലന്തികൾ കൂടുതലായി ഉണ്ടാവുക. ഫർണിച്ചറുകളുടെ പിന്നിലും അലമാരകളുടെ മുകളിലും ജനൽ ഫ്രെയിമുകളിലും പൊടി അടിയാതിരിക്കാൻ ശ്രദ്ധിക്കുക.

പ്രാണികളെ അകറ്റി നിർത്താം

ചിലന്തികൾക്ക് ഭക്ഷണമാകുന്നത് കൊതുക്, ഈച്ച, ചെറുപ്രാണികൾ എന്നിവയാണ്. അതിനാൽ ഇവയുടെ എണ്ണം കുറയുമ്പോൾ ചിലന്തികളും കുറയും.

ജനലുകളും വാതിലുകളും അടച്ചുസൂക്ഷിക്കുക

പ്രത്യേകിച്ച് വൈകുന്നേരങ്ങളിലും രാത്രിയിലും ജനലുകൾ തുറന്നിടുമ്പോൾ ചെറിയ പ്രാണികൾ വീടിനുള്ളിലേക്ക് കടക്കും. അതിനാൽ കൊതുകു വല ഘടിപ്പിച്ച ജനലുകൾ ഉപയോഗിക്കുന്നത് നല്ലതാണ്.

ഉപയോഗിക്കാത്ത സാധനങ്ങൾ ഒഴിവാക്കുക

പഴയ പെട്ടികൾ, പത്രക്കെട്ടുകൾ, ഉപയോഗിക്കാത്ത വസ്തുക്കൾ എന്നിവ ചിലന്തികൾക്ക് ഒളിച്ചിരിക്കാൻ അനുയോജ്യമായ ഇടങ്ങളാണ്. ഇവ ഇടയ്ക്കിടെ മാറ്റുകയോ ഒഴിവാക്കുകയോ ചെയ്യുക.

വെളിച്ചം ശ്രദ്ധിക്കുക

രാത്രിയിൽ പുറത്തെ ലൈറ്റുകൾക്ക് ചുറ്റും ചെറിയ പ്രാണികൾ എത്തും. ഇവയെ തേടിയാണ് ചിലന്തികളും എത്തുന്നത്. അതിനാൽ അനാവശ്യമായി പുറംവെളിച്ചം കത്തിച്ചിടുന്നത് ഒഴിവാക്കാം.

ചെടികൾ വീടിനോട് ചേർത്ത് വയ്ക്കരുത്

വീടിന്റെ ചുമരിൽ ചേർന്ന് വളരുന്ന ചെടികളും കുറ്റിച്ചെടികളും ചിലന്തികൾക്ക് വീടിനുള്ളിലേക്ക് പ്രവേശിക്കാൻ സഹായിക്കും. ചെടികൾക്ക് ആവശ്യമായ അകലം പാലിക്കുക.

ചെറിയ വിള്ളലുകൾ അടയ്ക്കുക

ചുമരുകളിലോ ജനൽ ഫ്രെയിമുകളിലോ വാതിലുകളിലോ ഉള്ള ചെറിയ വിടവുകൾ വഴി ചിലന്തികൾ വീടിനുള്ളിലേക്ക് കടക്കാം. ഇത്തരം ഭാഗങ്ങൾ സീൽ ചെയ്യുന്നത് സഹായകരമാണ്.

സ്റ്റോർ റൂം ഇടയ്ക്കിടെ വൃത്തിയാക്കുക

അധികം ഉപയോഗിക്കാത്ത മുറികളിലാണ് മാറാല വേഗത്തിൽ രൂപപ്പെടുന്നത്. മാസത്തിൽ ഒരിക്കലെങ്കിലും സ്റ്റോർ റൂമും അട്ടപ്പുറവും വൃത്തിയാക്കുക.

ഈർപ്പം നിയന്ത്രിക്കുക

ചില സ്ഥലങ്ങളിൽ ഈർപ്പമുള്ള അന്തരീക്ഷം ചെറുപ്രാണികളെ ആകർഷിക്കും. അടുക്കള, ബാത്ത്റൂം തുടങ്ങിയ ഭാഗങ്ങളിൽ വായുസഞ്ചാരം ഉറപ്പാക്കുകയും വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യുക.

വീട്ടിൽ മാറാല നീക്കുമ്പോൾ

  • മാറാല നീക്കിയ ഭാഗം നനഞ്ഞ തുണി ഉപയോഗിച്ച് തുടയ്ക്കുക.

  • ഏതാനും ദിവസങ്ങൾക്ക് ശേഷം വീണ്ടും പരിശോധിക്കുക.

  • ഒരേ സ്ഥലത്ത് ആവർത്തിച്ച് മാറാല വരുകയാണെങ്കിൽ ആ ഭാഗത്ത് പ്രാണികൾ കൂടുതലുണ്ടോ എന്ന് പരിശോധിക്കുക.

ഈ അബദ്ധങ്ങൾ ഒഴിവാക്കാം

  • മാസങ്ങളോളം വീടിന്റെ കോണുകൾ വൃത്തിയാക്കാതിരിക്കുക.

  • പഴയ കാർഡ്ബോർഡ് പെട്ടികൾ കെട്ടിക്കിടത്തുക.

  • മാലിന്യങ്ങൾ വീട്ടിനുള്ളിൽ സൂക്ഷിക്കുക.

  • രാത്രി മുഴുവൻ ജനലുകൾ തുറന്നിടുക.

  • സ്റ്റോർ റൂം ദീർഘകാലം തുറക്കാതിരിക്കുക.

News Now

Summary

How to prevent cobweb, Marala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates