ചർമസംരക്ഷത്തിൽ ഉപയോ​ഗിക്കുന്ന ഏറ്റവും ഫലപ്രദമായ സ്വാഭാവികവുമായ ഘടകങ്ങളിൽ ഒന്നാണ് ​ഗ്ലിസറിൻ.

Sheela beauty secrete Glycerin
Sheela beauty secrete Glycerin.Source by : Screenshort, Express photo
Last Updated :18 June 2026, 3:31 pm IST

News Now

ഇന്ന് ചർമസംരക്ഷണത്തിനായി വിലകൂടിയ പല ഉൽപന്നങ്ങളും വിപണിയിലുണ്ട്. ഏഴു മുതൽ പത്ത് ഘട്ടങ്ങളിലായി ചർമസംരക്ഷണദിനചര്യ പുരോ​ഗമിക്കുമ്പോൾ വർഷങ്ങൾക്ക് മുൻപ് ബ്ല്യൂട്ടി പാർലറിൽ പോലും പോകാതെ ഒരൊറ്റ പ്രോഡക്ട് കൊണ്ട് ചർമം തിളക്കിയ മാജിക് പഴയ നടി ഷീല പലപ്പോഴും അഭിമുഖങ്ങളിൽ പങ്കുവെച്ചിച്ചുണ്ട്. ആ മാജിക് വേറൊന്നുമല്ല, ​ഗ്ലിസറിൻ ആണ്. ​ഗ്ലിസറിനൊപ്പം വെളിച്ചെണ്ണ അല്ലെങ്കിൽ കറ്റാർവാഴയുടെ ജെല്ല് ചേർത്ത് മുഖത്തും കൈകളിലും പുരട്ടും. ഇത് മാത്രം മതി ചർമത്തിന് സ്വാഭാവിക തിളക്കം കിട്ടാനെന്നും ഷീല പറയുന്നു.

ഗ്ലിസറിനും സ്കിൻ കെയറും

ചർമസംരക്ഷത്തിൽ ഉപയോ​ഗിക്കുന്ന ഏറ്റവും ഫലപ്രദമായ സ്വാഭാവികവുമായ ഘടകങ്ങളിൽ ഒന്നാണ് ​ഗ്ലിസറിൻ. മോയിസ്ചറൈസറുകളിലും, ഫേയ്സ് ക്രീമുകളിലും സോപ്പിലുമൊക്കെ ​ഗ്ലിസറിൻ ചേർക്കാറുണ്ട്. ഇത് ചർമത്തിന് ഈർപ്പം നൽകുകയും ഒരു സംരക്ഷണ കവചമായി നിലനിൽക്കുകയും ചെയ്യുന്നു.

എന്താണ് ​ഗ്ലിസറിൻ

മണമില്ലാത്ത, ക്ലിയർ ആയ ഒരു സിറപ്പ് സ്വഭാവമുള്ള ദ്രാവകമാണ് ​ഗ്ലിസറിൻ. ഇത് സസ്യങ്ങളുടെ എണ്ണയിൽ നിന്നോ (vegetable glycerin), മൃ​ഗ കൊഴുപ്പിൽ നിന്നോ അല്ലെങ്കിൽ സിന്തറ്റിക് രീതിയിലോ നിർമിക്കാം. ​ഗ്ലിസറിൻ ഒരു ഹ്യൂമെക്ടന്റ് ആണ്. അതായത്, വായുവിൽ നിന്നോ ചർമത്തിന്റെ ആഴത്തിൽ നിന്നോ ഈർപ്പം ആകർഷിച്ച് ച‍ർമത്തിന്റെ മേൽപ്പാളിയിൽ നിലനിർത്തുന്നു.

ചർമത്തിന് ഗ്ലിസറിൻ നൽകുന്ന പ്രധാന ഗുണങ്ങൾ

ശക്തമായ മോയിസ്ചറൈസർ

​ഗ്ലിസറിൻ ചർമത്തിന് ഈർപ്പം നൽകാനും അത് ലോക്ക് ചെയ്യാനും സഹായിക്കുന്നു. ഇത് ചർമത്തെ ദിവസം മുഴുവൻ മൃദുവും ഈർപ്പമുള്ളതുമാക്കുന്നു.

വരണ്ട ചർമത്തിന് മികച്ചത്

വരണ്ട ചർമമുള്ളവർക്ക് ​ഗ്ലിസറിൻ ഉപയോ​ഗം ​ഗുണകരമാണ്. തൊലിപ്പുറത്തുണ്ടാകുന്ന അസ്വസ്ഥതകൾ, പൊട്ടൽ എന്നിവ കുറയ്ക്കാൻ ഇത് സഹായിക്കുന്നു.

ചർമത്തിന് സംരക്ഷണ കവചം

ചർമത്തിനൊരു സംരക്ഷണ കവചമില്ലെങ്കിൽ പൊടി, മലിനീകരണം പോലുള്ളവ എളുപ്പത്തിൽ ചർമത്തിൽ പ്രവേശിക്കാം. ​ഗ്ലിസറിൻ പുരട്ടുന്നതിലൂടെ ചർമത്തിന് ഒരു ശക്തമായ സംരക്ഷണ കവചം ഉണ്ടാകുന്നു.

ആന്റി-ഏജിങ് മാജിക്‌

മാത്രമല്ല, ചർമത്തിലെ വാർധക്യ ലക്ഷണങ്ങൾ തടയാനും ​ഗ്ലിസറിൻ നല്ലതാണ്. ചർമത്തിലെ ഈർപ്പം നിലനിർത്തുന്നതിലൂടെ മുഖത്തെ ചുളിവുകൾ കുറയുകയും ചർമം കൂടുതൽ യുവത്വമുള്ളതായി കാണപ്പെടുകയും ചെയ്യും.

സെൻസിറ്റീവ് ചർമമുള്ളവർക്ക്‌‌

കഠിനമായ കെമിക്കലുകൾ ഇല്ലാത്തതിനാൽ സെൻസിറ്റീവ് ചർമമുള്ളവർക്കും ഇത് സുരക്ഷിതമായി ഉപയോ​ഗിക്കാം.

ഗ്ലിസറിൻ എങ്ങനെ ഉപയോഗിക്കണം

​ഗ്ലിസറിൻ നേരിട്ട് ഉപയോ​ഗിക്കുന്നതിന് പകരം നേർപ്പിച്ച് ഉപയോ​ഗിക്കുന്നത് അവയുടെ സ്റ്റിക്കിയായ സ്വഭാവം കുറയ്ക്കാൻ സഹായിക്കും. ​ഗ്ലിസറിനിലേക്ക് വെള്ളം കലർത്തി (1:3 എന്ന കണക്കിൽ) ഫേസ് ടോണർ ആയി ഉപയോ​ഗിക്കാം.

ചർമത്തിന് സ്വാഭാവിക തിളക്കം കിട്ടുന്നതിന് ​ഗ്ലിസറിനൊപ്പം റോസ് വാട്ടർ ഉപയോ​ഗിക്കുന്നത് നല്ലതാണ്. അതുപോലെ ​ഗ്ലിസറിനിൽ കറ്റാർവാഴ ജെല്ല് ചേർക്കുന്നത് ചർമത്തിന് നല്ലതാണ്.

​എന്നാൽ ​ഗ്ലിസറിൽ അമിത അളവിൽ ഉപയോ​ഗിക്കുന്നതും ഒഴിവാക്കണം. ഇതിന് ഒരു സ്റ്റിക്കി സ്വാഭാവമുള്ളതിനാൽ അളവിൽ കൂടുന്നത്, പൊടി പോലുള്ളവ പറ്റിപ്പിടിക്കാൻ കാരണമാകും. അതുപോലെ എണ്ണമയമുള്ള ചർമക്കാർ, വളരെ കുറച്ചു മാത്രം ഉപയോ​ഗിക്കുക. അലർജി ഉണ്ടോയെന്ന് അറിയാൻ പാച്ച് ടെസ്റ്റ് ചെയ്യുന്നത് നല്ലതാണ്.

ഫേയ് ടോണർ വീട്ടിൽ തയ്യാറാക്കാം

ഒരു ടേബിൾ സ്പൂൺ ​ഗ്ലിസറിൻ, 3 ടേബിൾ സ്പൂൺ റോസ് വാട്ടർ (1:3) എന്നിവ മിക്സ് ചെയ്ത് സ്പ്രേ ബോട്ടിലിൽ സൂക്ഷിച്ച് ദിവസവും ഫേസ് ടോണർ ആയി ഉപയോഗിക്കാം. വളരെ ചെലവു കുറഞ്ഞ ചർമസംരക്ഷണ മാർ​ഗമാണ് ​ഗ്ലിസറിൻ, ശരിയായ രീതിയിൽ ഉപയോ​ഗിച്ചാൽ ഇത് ചർമത്തിന് ദീർഘകാല ഈർപ്പം, മൃദുത്വം, ആരോ​ഗ്യകരമായ തിളക്കം എന്നിവ നിലനിർത്താൻ സാധിക്കും.

Summary

Malayalam Actress Sheela Beauty secrete, Skin care tips, Glycerin for skin

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates