വെറും രണ്ട് ദിവസം ഓട്സ് കഴിച്ചാൽ പോലും കൊളസ്ട്രോൾ കുറയും, ഹ്രസ്വകാല ഉപയോ​ഗം ​ഗുണകരമെന്ന് പഠനം

വെറും രണ്ട് ദിവസത്തേക്ക് മാത്രം ഓട്സ് കഴിച്ചവരിൽ പോലും കൊളസ്ട്രോൾ ​ഗണ്യമായ അളവിൽ കുറഞ്ഞതായി ബോൺ സർവകലാശാല നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു.

Oats Health Benefits
Oats Health BenefitsPinterest
Edited by :അഞ്ജു സി വിനോദ്‌
Last Updated :21 ഏപ്രിൽ 2026, 1:05 pm IST

ആരോ​ഗ്യകരമായ ബ്രേക്ക്ഫാസ്റ്റ് റെസിപ്പികളിൽ ഓട്സ് ഒരു പ്രധാനിയാണ്. എന്നാൽ നമ്മൾ കരുതിയതിലും വലുതാണ് ഓട്സിന്റെ ​ഗുണങ്ങളെന്നാണ് അടുത്തിനിടെ പുറത്തുവന്ന പഠനം വ്യക്തമാക്കുന്നത്. വെറും രണ്ട് ദിവസത്തേക്ക് മാത്രം ഓട്സ് കഴിച്ചവരിൽ പോലും കൊളസ്ട്രോൾ ​ഗണ്യമായ അളവിൽ കുറഞ്ഞതായി ബോൺ സർവകലാശാല നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു.

കുറഞ്ഞ കാലയളവിലേക്ക് പോലും ഭക്ഷണക്രമത്തിൽ വരുത്തുന്ന മാറ്റങ്ങൾ ​ഗുണപരമായ നേട്ടങ്ങൾ ആരോഗ്യത്തിലുണ്ടാക്കുമെന്ന് നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. മെറ്റബോളിക് സിൻഡ്രോം ബാധിച്ച ആളുകളെയാണ് പഠനവിധേയമാക്കിയത്. ഇവർക്ക് രണ്ട് ദിവസത്തേക്ക് മൂന്ന് നേരം 300 ​ഗ്രാം ഓട്സ് നൽകി. ഇതിനൊപ്പം പഴങ്ങളും പച്ചക്കറികളും ചെറിയ അളവിൽ നൽകി. രണ്ട് ദിവസം നീണ്ട പഠനശേഷം നടത്തിയ ഇവരുടെ ആരോഗ്യ പരിശോധനകളില്‍ വലിയ മാറ്റങ്ങളാണ്‌ ദൃശ്യമായത്‌.

ഇവരുടെ കൊളസ്ട്രോൾ 10 ശതമാനം കുറഞ്ഞതായും ശരീരഭാരം ശരാശരി രണ്ട് കിലോ വീതം കുറഞ്ഞതായും ​ഗവേഷകർ പറയുന്നു. രക്തസമ്മർദവും ഇവരിൽ നേരിയ തോതിൽ മെച്ചപ്പെട്ടതായി പഠനത്തിൽ കണ്ടെത്തി. ആറ്‌ ആഴ്‌ചകള്‍ക്ക്‌ ശേഷവും ഈ ആരോഗ്യ ഗുണങ്ങള്‍ ഇവരില്‍ പ്രകടമായതായും ഗവേഷണ റിപ്പോര്‍ട്ട്‌ വിലയിരുത്തുന്നു. ശരീരത്തിന്‌ ഗുണകരമായ നിലയില്‍ വയറില്‍ പ്രവര്‍ത്തിക്കുന്ന ബാക്ടീരിയയില്‍ മാറ്റം വരുത്തി കൊണ്ടാണ്‌ ഓട്‌സ്‌ കൊളസ്‌ട്രോള്‍ തോത്‌ മെച്ചപ്പെടുത്തുന്നതെന്ന്‌ ഗവേഷകര്‍ നിരീക്ഷിക്കുന്നു.

ഓട്‌സ്‌ അധിഷ്‌ഠിത ഭക്ഷണക്രമം ഗുണകരമായ ബാക്ടീരിയയുടെ എണ്ണം വര്‍ധിപ്പിക്കുന്നത്‌ മെറ്റബോളിക് പ്രവർത്തനത്തെ പിന്തുണയ്‌ക്കുന്ന സംയുക്തങ്ങള്‍ പുറന്തള്ളാന്‍ കാരണമാകുന്നു. അത്തരത്തിലൊരു സംയുക്തമായ ഫെറൂലിക്‌ ആസിഡും കൊളസ്‌ട്രോളിനെ നിയന്ത്രിക്കുന്നു. ഇന്‍സുലിന്‍ പ്രതിരോധവുമായി ബന്ധപ്പെട്ട ശരീരത്തിലെ വസ്‌തുക്കളെ കുറയ്‌ക്കാനും ഓട്‌സ്‌ സഹായിക്കുന്നു.

ദീര്‍ഘകാലം മിതമായ തോതില്‍ കഴിക്കുന്നതിലും പ്രഭാവം ചെലുത്തുന്നത്‌ ഹ്രസ്വകാലത്തേക്കുള്ള തീവ്രമായ ഓട്‌സ്‌ ഭക്ഷണക്രമമാമെന്നും പഠനം വിലയിരുത്തുന്നു. ആറാഴ്‌ചത്തേക്ക്‌ ദിവസവും 80 ഗ്രാം ഓട്‌സ്‌ കഴിച്ചവര്‍ക്ക്‌ രണ്ട്‌ ദിവസത്തേക്ക്‌ 300 ഗ്രാം വീതം പ്രതിദിനം ഓട്‌സ്‌ കഴിച്ച വരെ അപേക്ഷിച്ച്‌ നിസ്സാരമായ ഗുണങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. ചിട്ടയായ രീതിയില്‍ ഹ്രസ്വകാലത്തേക്ക്‌ നടപ്പാക്കുന്ന ഓട്‌സ്‌ ഭക്ഷണക്രമമാകും കൂടുതല്‍ പ്രയോജനകരമെന്ന്‌ പഠനറിപ്പോര്‍ട്ട്‌ നിര്‍ദേശിക്കുന്നു.

News Now

Summary

Oats helps to reduce cholestrol

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates