പുത്തൻ 'കോടി' കിട്ടാൻ അല്ലെങ്കിൽ പിന്നെ, നഖത്തിലെ ആ വെളുത്ത പാടുകൾക്ക് പിന്നിലെ കാരണം എന്താണ്!

ല്യൂക്കോണീകിയ (Leukonychia) എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. ഇതൊരു രോ​ഗമല്ല.

white spot on nails
white spot on nailsPinterest
Edited by :അഞ്ജു സി വിനോദ്‌
Last Updated :22 ജൂലൈ 2026, 2:38 pm IST

നഖങ്ങളിൽ ചെറിയ വെളുത്ത പാടുകൾ പ്രത്യക്ഷപ്പെടുന്നത് പുത്തൻ ഉടുപ്പ് കിട്ടാനാണെന്ന വിശ്വാസം പണ്ട് കാലങ്ങളിൽ കുട്ടികൾക്കിടയിൽ വ്യാപകമായിരുന്നു. അതുകൊണ്ട് എല്ലാ മാസവും നഖങ്ങളിൽ വെളുത്ത പാടുകൾ ഉണ്ടാകാൻ പ്രാർത്ഥിച്ചിരുന്നു. എന്നാൽ അത് വെറുമൊരു അബദ്ധധാരണയായിരുന്നുവെന്ന് ശാസ്ത്രീയ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ല്യൂക്കോണീകിയ (Leukonychia) എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. ഇതൊരു രോ​ഗമല്ല.

അപ്പോൾ നഖത്തിൽ പ്രത്യക്ഷപ്പെടുന്ന ഈ വെള്ളപ്പാടുകളുടെ കാരണം എന്താണ്?

ചെറിയ ക്ഷതങ്ങൾ

പലപ്പോഴും നഖം വളരുന്ന ഭാ​ഗത്ത് സംഭവിക്കുന്ന ചെറിയ ക്ഷതങ്ങളുടെ ഫലമായി ഇത് ഉണ്ടാകാറുണ്ട്. ഇതാണ് ഏറ്റവും സാധാരണ കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. പ്രത്യേകിച്ച് കുട്ടികളിൽ, അവർ നഖം കടിക്കുമ്പോഴോ, നഖം കട്ട് ചെയ്യുമ്പോഴോ ഓക്കെ ഇത്തരത്തിൽ ചെറിയ പരിക്കുകൾ സംഭവിക്കാം.

അലർജി

നേയിൽ പോളിഷ്, നേയിൽ പോളിഷ് റിമൂവർ, കൃത്രിമ നഖങ്ങൾ എന്നിവ ചിലരിൽ അലർജി ഉണ്ടാക്കാം. അത് നഖങ്ങളിൽ ഇത്തരത്തിൽ വെളുത്ത പാടുകൾക്ക് കാരണമാകാം.

ഫംഗസ് ബാധ

ചില ഫംഗസ് ഇൻഫെക്ഷനുകൾ നഖത്തിന്റെ നിറം മാറ്റുകയും വെളുത്ത പാടുകൾ ഉണ്ടാക്കുകയും ചെയ്യും.

ധാതുക്കളുടെ കുറവ്

സിങ്ക്, ഇരുമ്പ് പോലുള്ള ധാതുക്കളുടെ അഭാവത്തെ തുടർന്ന് നഖത്തിൻ്റെ നിറത്തിന് ചില വ്യത്യാസങ്ങൾ ഉണ്ടാകാം.

ചില രോഗാവസ്ഥകൾ

അപൂർവമായി ചില രോഗാവസ്ഥയിലൂടെ കടന്നു പോകുമ്പോൾ നഖത്തിൻറെ ആകൃതിയിലും നിറത്തിലുമൊക്കെ വ്യത്യാസം വരാം. കരൾ രോഗം, വൃക്കകൾ തകരാറിലാകുമ്പോൾ, ഹൃദ്രോഗങ്ങൾ തുടങ്ങിയ അവസ്ഥകളാണത്.

പലരും നഖത്തിൽ ഇത്തരം വെളുത്ത പാടുകൾ പ്രത്യക്ഷപ്പെടുമ്പോൾ അത് കാൽസ്യത്തിൻ്റെ കുറവാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ മിക്ക കേസുകളിലും നഖത്തിലെ വെളുത്ത പാടുകൾക്ക് കാൽസ്യം കുറവുമായി നേരിട്ട് ബന്ധമില്ല. അതുകൊണ്ട് വെളുത്ത പാടുകൾ കണ്ട ഉടൻ കാൽസ്യം ഗുളികകൾ കഴിക്കാൻ തുടങ്ങേണ്ടതില്ല.

ഡോക്ടറെ കാണേണ്ടത് എപ്പോൾ

  • എല്ലാ നഖങ്ങളിലും വെളുത്ത വരകൾ കാണുക

  • മുഴുവൻ നഖവും വെളുത്തതായി മാറുക

  • നഖം കട്ടിയാകുക

  • നഖം പൊട്ടിപ്പോകുക

  • വേദനയോ വീക്കമോ ഉണ്ടാകുക

  • പാടുകൾ മാസങ്ങളോളം മാറാതിരിക്കുക

  • ക്ഷീണം, ശരീരഭാരം കുറയൽ, മറ്റ് ആരോഗ്യലക്ഷണങ്ങൾ എന്നിവയും കൂടെയുണ്ടാകുക

നഖങ്ങൾ ആരോഗ്യകരമായി നിലനിർത്താൻ

  • സമീകൃത ഭക്ഷണം കഴിക്കുക.

  • ആവശ്യത്തിന് പ്രോട്ടീൻ ഉൾപ്പെടുത്തുക.

  • സിങ്ക്, ഇരുമ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.

  • നഖം കടിക്കുന്ന ശീലം ഒഴിവാക്കുക.

  • നഖം അമിതമായി മുറിക്കാതിരിക്കുക.

  • കഠിനമായ രാസവസ്തുക്കൾ ഉപയോഗിക്കുമ്പോൾ കൈയുറ ധരിക്കുക.

  • നഖങ്ങൾ വൃത്തിയായും വരണ്ടതായും സൂക്ഷിക്കുക.

News Now

Summary

Reason behind White Spots on Nails

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates