വെള്ളപ്പാണ്ടിന് ഇനി ഗുളിക; സ്വാഭാവിക നിറം തിരിച്ചുവരുമോ? പുതിയ ചികിത്സയെ കുറിച്ച് അറിയാം

ശരീരത്തിന്റെ പ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ട ഒരു സങ്കീർണ രോഗാവസ്ഥയാണ് വിറ്റിലിഗോ.

Vitiligo new treatment
Vitiligo new treatmentPixels
Edited by :അഞ്ജു സി വിനോദ്‌
Last Updated :19 ഓഗസ്റ്റ് 2026, 12:36 pm IST

ലോക പ്രശസ്ത പോപ് ഗായകൻ മൈക്കിൾ ജാക്സൺ മുതൽ മലയാളത്തിൻ്റെ മമത മോഹൻദാസ് വരെ വിറ്റിലിഗോ രോഗവുമായി പോരാടിയിരുന്നു. ചർമത്തിൽ വെളുത്ത പാടുകൾ പ്രത്യക്ഷപ്പെടുമ്പോൾ പലരും ആദ്യം ചിന്തിക്കുന്നത് സൗന്ദര്യത്തെക്കുറിച്ചാണ്. എന്നാൽ വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് വെറും സൗന്ദര്യപ്രശ്നമല്ല.

ശരീരത്തിന്റെ പ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ട ഒരു സങ്കീർണ രോഗാവസ്ഥയാണ് വിറ്റിലിഗോ. രോഗം പൂർണമായി മാറ്റാൻ കഴിയുമോ, പാടുകൾ പഴയ നിറത്തിലേക്ക് തിരിച്ചുവരുമോ എന്നത് രോഗികളെ ഏറെ ആശങ്കപ്പെടുത്തുന്ന ചോദ്യമാണ്. അതിനിടെ വിറ്റിലിഗോ ചികിത്സയിൽ പുത്തൻ പ്രതീക്ഷയാവുകയാണ് യുഎഇയുടെ നടപടി.

‘നോൺ-സെഗ്‌മെന്റൽ വിറ്റിലിഗോ’ ചികിത്സയ്ക്ക് ദിവസവും വായിലൂടെ കഴിക്കാവുന്ന RINVOQ (upadacitinib) എന്ന മരുന്നിന്റെ ഉപയോ​ഗത്തിന് അനുമതി നൽകുന്ന ലോകത്തിലെ ആദ്യ രാജ്യമായി യുഎഇ മാറിയെന്നാണ് റിപ്പോർട്ട്.

ഗുളികയ്ക്ക് വെള്ളപ്പാണ്ട് പൂർണമായും മാറ്റാൻ സാധിക്കുമോ?

അത്ര എളുപ്പമായിരിക്കില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. ചർമത്തിന് സ്വാഭാവിക നിറം നൽകുന്ന മെലാനിൻ ഉൽപാദിപ്പിക്കുന്ന മെലാസൈറ്റ് കോശങ്ങളുടെ പ്രവർത്തനം തകരുകയോ അവ നശിക്കുകയോ ചെയ്യുമ്പോഴാണ് വിറ്റിലിഗോ ഉണ്ടാകുന്നത്.

ചർമത്തിന്റെ ചില ഭാഗങ്ങളിൽ നിറം നഷ്ടപ്പെടുകയും വെളുത്ത പാടുകൾ രൂപപ്പെടുകയും ചെയ്യുന്നതാണ് രോഗത്തിൻ്റെ പ്രധാന ലക്ഷണം. കൈകൾ, കാലുകൾ, മുഖം, ചുണ്ടുകൾ, കണ്ണുകൾക്ക് ചുറ്റുമുള്ള ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇത് കാണപ്പെടാം. ഇതൊരു പകർച്ചവ്യാധിയല്ല. വിറ്റിലിഗോയുടെ പല രൂപങ്ങളുണ്ട്. അവയിൽ ഏറ്റവും സാധാരണമായ വിഭാഗങ്ങളിലൊന്നാണ് നോൺ-സെഗ്‌മെന്റൽ വിറ്റിലിഗോ. ശരീരത്തിന്റെ ഇരുവശങ്ങളിലും സമാനമായി പാടുകൾ പ്രത്യക്ഷപ്പെടാൻ സാധ്യതയുള്ളതാണ് ഇതിന്റെ പ്രത്യേകത.

upadacitinib മരുന്നിൻ്റെ പ്രത്യേകതകൾ

JAK1 inhibitor വിഭാഗത്തിൽപ്പെടുന്ന മരുന്നാണ് upadacitinib. ശരീരത്തിലെ പ്രതിരോധ സംവിധാനത്തിൻ്റെ ചില സിഗ്നലിങ് പാതകളെ നിയന്ത്രിക്കുകയാണ് ഇത് ചെയ്യുന്നത്. വിറ്റിലിഗോ രോഗികളിൽ ശരീരത്തിൻ്റെ പ്രതിരോധ സംവിധാനം മെലനോസൈറ്റുകളെ ആക്രമിക്കുന്നതിൽ പ്രധാന പങ്കുണ്ടെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്.

അതുകൊണ്ട് പ്രതിരോധ സംവിധാനത്തെ ലക്ഷ്യമിടുന്ന ചികിത്സയ്ക്ക് രോഗത്തിൻ്റെ പ്രവർത്തനം നിയന്ത്രിക്കാനും ചില രോഗികളിൽ നഷ്ടപ്പെട്ട പിഗ്മെൻ്റ് തിരിച്ചു വരാനും സഹായിക്കാനാകുമോ എന്നാണ് ഇപ്പോൾ ഗവേഷകർ പരിശോധിക്കുന്നത്.

വിറ്റിലിഗോയുടെ വ്യാപ്തി, രോഗം എത്രകാലമായി തുടരുന്നു, ബാധിച്ച ശരീരഭാഗം, രോഗിയുടെ പ്രായം തുടങ്ങിയ നിരവധി ഘടകങ്ങൾ ചികിത്സയുടെ ഫലത്തെ സ്വാധീനിച്ചേക്കാം. Upadacitinib പൂർണമായും രോഗമുക്തി തരുന്ന ഗുളിക ആയി കണക്കാക്കാനാകില്ല. പ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കാനും പിഗ്മെൻ്റെഷൻ പ്രോത്സാഹിപ്പിക്കാനുമാണ് ചികിത്സ ലക്ഷ്യമിടുന്നത്.

മുതിർന്നവർക്കും 12 വയസും അതിൽ കൂടുതലുമുള്ള കൗമാരക്കാർക്കും, സിസ്റ്റമിക് തെറാപ്പി (ശരീരത്തിലാകെ പ്രവർത്തിക്കുന്ന മരുന്നുകൾ) ആവശ്യമായ നോൺ-സെഗ്‌മെന്റൽ വിറ്റിലിഗോ രോഗികളിലും മരുന്ന് ഉപയോഗിക്കാം.

News Now

Summary

How RINVOQ works for vitiligo, UAE becomes first in the world to approve pill to treat non-segmental vitiligo

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates