ടോയ്‌ലറ്റിൽ പോകാൻ മടി, തിരക്ക്.., മണിക്കൂറുകളോളം മൂത്രം പിടിച്ചുവയ്ക്കുമ്പോൾ മൂത്രാശയത്തിന് എന്ത് സംഭവിക്കും

വൃക്കകൾ ഉൽപാദിപ്പിക്കുന്ന മൂത്രം മൂത്രാശയത്തിൽ ശേഖരിക്കപ്പെടുകയും നിറയുമ്പോൾ തലച്ചോറിലേക്ക് മൂത്രമൊഴിക്കണമെന്ന സന്ദേശം നൽകുകയും ചെയ്യുന്നു.

holding urine for too long
holding urine for too longAI Image
Edited by :അഞ്ജു സി വിനോദ്‌
Last Updated :25 സെപ്റ്റംബർ 2026, 4:12 pm IST

തിരക്കിനിടയിൽ ടോയ്‌ലറ്റിൽ പോകാൻ സമയം കിട്ടാത്തത്, യാത്രയിലായിരിക്കുക, ജോലിക്കിടയിൽ എഴുന്നേൽക്കാൻ മടിക്കുക തുടങ്ങിയ കാരണങ്ങൾ കൊണ്ട് പലരും മൂത്രം പിടിച്ചുവയ്ക്കുന്ന സ്വഭാവമുണ്ട്. ഇടയ്ക്കൊക്കെ ഇങ്ങനെ സംഭവിക്കുന്നത് സാധാരണയായി വലിയ പ്രശ്നമാകണമെന്നില്ല. എന്നാൽ പതിവായി മൂത്രം പിടിച്ചുവയ്ക്കുന്ന ശീലം മൂത്രാശയത്തിന്റെ ആരോ​ഗ്യത്തെ കാര്യമായി തന്നെ ബാധിക്കാം.

ശരീരം പുറന്തള്ളുന്ന മാലിന്യമാണ് മൂത്രം. വൃക്കകൾ ഉൽപാദിപ്പിക്കുന്ന മൂത്രം മൂത്രാശയത്തിൽ ശേഖരിക്കപ്പെടുകയും നിറയുമ്പോൾ തലച്ചോറിലേക്ക് മൂത്രമൊഴിക്കണമെന്ന സന്ദേശം നൽകുകയും ചെയ്യുന്നു. ആവശ്യമായ സമയത്ത് മൂത്രമൊഴിക്കാതെ നിരന്തരം പിടിച്ചുവയ്ക്കുന്നത് ഈ സ്വാഭാവിക സംവിധാനത്തെ ബാധിക്കുന്നു. പേശികൾ കൊണ്ട് നിർമിച്ചിരിക്കുന്ന സഞ്ചി പോലെയാണ് മൂത്രാശയം. വൃക്കകളിൽ നിന്ന് മൂത്രം എത്തുമ്പോൾ മൂത്രാശയം പതുക്കെ വികസിക്കുന്നു. മൂത്രാശയം നിറയുന്നതിനനുസരിച്ച് മൂത്രമൊഴിക്കണമെന്ന തോന്നൽ ഉണ്ടാകും.

എന്നാൽ ആ സമയത്ത് മൂത്രം പിടിച്ചുവയ്ക്കുമ്പോൾ മൂത്രാശയത്തിലെ പേശികൾ കൂടുതൽ നേരം വലിഞ്ഞ നിലയിൽ തുടരുന്നു. പതിവാകുമ്പോൾ മൂത്രാശയത്തിന്റെ സാധാരണ പ്രവർത്തനത്തെ ബാധിക്കാനുള്ള സാധ്യതയുണ്ട്. പതിവായി മൂത്രം പിടിച്ചുവയ്ക്കുന്നത് മൂത്രാശയത്തിലെ പേശികളെ ദുർബലമാക്കുകയും പിന്നീട് മൂത്രാശയം പൂർണമായി ഒഴിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യാം.

മൂത്രം പിടിച്ചുവയ്ക്കുന്നതു കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ

മൂത്രാശയത്തിലെ പേശികളുടെ പ്രവർത്തനം ബാധിക്കാം

മൂത്രം ഒഴിക്കാൻ തോന്നിയിട്ടും മണിക്കൂറുകളോളം പിടിച്ചുവയ്ക്കുന്ന ശീലം മൂത്രാശയത്തെ അമിതമായി വലിച്ചുനീട്ടുന്ന സാഹചര്യം സൃഷ്ടിക്കാം. കാലക്രമേണ ചിലരിൽ മൂത്രാശയത്തിന് മൂത്രം ശരിയായി പുറത്തേക്ക് തള്ളാൻ ബുദ്ധിമുട്ടുണ്ടാകാം. ഇതിനെ urinary retention അഥവാ മൂത്രം പൂർണമായി പുറത്തുപോകാതെ മൂത്രാശയത്തിൽ ശേഷിക്കുന്ന അവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. മൂത്രാശയം പൂർണമായി ഒഴിയാതെ വരുന്നത് തുടർന്നാൽ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്.

മൂത്രാശയം പൂർണമായി ഒഴിയാതെ വരാം

മൂത്രമൊഴിച്ചുകഴിഞ്ഞിട്ടും ഇനിയും മൂത്രമുണ്ടെന്ന തോന്നൽ ഉണ്ടാവുക, കുറച്ച് മാത്രം മൂത്രം പോകുക, മൂത്രം പോകാൻ ബുദ്ധിമുട്ടുക തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ, കാരണം മൂത്രം പിടിച്ചുവയ്ക്കുന്ന ശീലം മാത്രമാണെന്ന് കരുതരുത്. പ്രോസ്റ്റേറ്റ് വലുതാകൽ, മൂത്രനാളത്തിലെ തടസ്സം, അണുബാധ, നാഡീസംബന്ധമായ പ്രശ്നങ്ങൾ, ചില മരുന്നുകൾ തുടങ്ങിയ പല കാരണങ്ങളും urinary retention-ന് പിന്നിലുണ്ടാകാം.

അണുബാധ സാധ്യത കൂടാം

മൂത്രം മൂത്രാശയത്തിൽ കൂടുതൽ നേരം കെട്ടിക്കിടക്കുമ്പോൾ സാധാരണയായി മൂത്രമൊഴിക്കുമ്പോൾ പുറത്തേക്ക് ഒഴുകിപ്പോകേണ്ട ബാക്ടീരിയകൾക്ക് വളരാൻ തുടങ്ങുന്നു. അതുകൊണ്ടുതന്നെ മൂത്രം പിടിച്ചുവയ്ക്കുന്ന ശീലം UTI അഥവാ urinary tract infection ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു.

ലക്ഷണങ്ങൾ

  • മൂത്രമൊഴിക്കുമ്പോൾ പുകച്ചിലോ വേദനയോ തോന്നുക

  • ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന് തോന്നുക

  • വളരെ കുറച്ച് മൂത്രം മാത്രം പോവുക

  • മൂത്രത്തിന് അസാധാരണമായ ഗന്ധം ഉണ്ടാവുക

  • അടിവയറ്റിൽ വേദനയോ അസ്വസ്ഥതയോ ഉണ്ടാവുക

  • മൂത്രത്തിൽ രക്തം

അണുബാധ വൃക്കകളിലേക്കും വ്യാപിക്കാം

മൂത്രാശയ അണുബാധ ചികിത്സിക്കാൻ വൈകുന്നത് അണുബാധ മുകളിലേക്ക് വ്യാപിച്ച് വൃക്കകളെയും ബാധിക്കാം. ഇത് ആരോഗ്യസങ്കീർണതകൾക്ക് കാരണമാകാം.

മൂത്രം ചോർന്നുപോകാനും സാധ്യത

മൂത്രാശയം പൂർണമായി ഒഴിയാതെ മൂത്രം കെട്ടിക്കിടക്കുന്ന അവസ്ഥയിൽ ചിലർക്ക് പിന്നീട് അറിയാതെ മൂത്രം ചോർന്നുപോകാം.

എത്ര മണിക്കൂർ മൂത്രം പിടിച്ചുവയ്ക്കാം?

എല്ലാവർക്കും ബാധകമായ ഒരു കൃത്യമായ മണിക്കൂർ പരിധി പറഞ്ഞ് മൂത്രം അത്രയും സമയം വരെ സുരക്ഷിതമായി പിടിച്ചുവയ്ക്കാമെന്ന് പറയാനാകില്ല. ഒരാൾ എത്രമാത്രം വെള്ളം കുടിക്കുന്നു, വിയർക്കുന്നുണ്ടോ, പ്രായം, ആരോഗ്യസ്ഥിതി, മരുന്നുകൾ തുടങ്ങിയ പല കാര്യങ്ങളും മൂത്രമൊഴിക്കുന്ന ആവൃത്തിയെ സ്വാധീനിക്കും. അതുകൊണ്ട് മൂത്രമൊഴിക്കാൻ തോന്നിയിട്ടും സൗകര്യത്തിനായി മണിക്കൂറുകളോളം പിടിച്ചുവയ്ക്കുന്ന ശീലം ഒഴിവാക്കുന്നതാണ് പ്രധാനം.

ടോയ്‌ലറ്റ് ലഭിക്കില്ലെന്ന ഭയത്തിൽ വെള്ളം കുടിക്കുന്നത് തന്നെ കുറയ്ക്കുന്നത് നല്ല ശീലമല്ല. ആവശ്യത്തിന് ദ്രാവകം കഴിക്കുകയും ടോയ്‌ലറ്റ് ഉപയോഗിക്കാനുള്ള അവസരം ലഭിക്കുമ്പോൾ മൂത്രമൊഴിക്കുകയും ചെയ്യുക. യാത്ര പോകുന്നതിന് മുമ്പ് ടോയ്‌ലറ്റ് ഉപയോഗിക്കുക. ദീർഘദൂര യാത്രയാണെങ്കിൽ ഇടയ്ക്ക് ടോയ്‌ലറ്റ് സൗകര്യമുള്ള സ്ഥലത്ത് നിർത്താൻ ശ്രമിക്കുക. ഓഫീസിൽ ജോലി തിരക്കായാലും മൂത്രമൊഴിക്കാൻ തോന്നുമ്പോൾ സ്ഥിരമായി അവഗണിക്കാതിരിക്കുക. ശരീരത്തിന്റെ സ്വാഭാവിക സിഗ്നലുകൾ ശ്രദ്ധിക്കുന്നത് മൂത്രാശയ ആരോഗ്യത്തിന് പ്രധാനമാണ്.

News Now

Summary

What happens if you hold your urine for too long every day

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates