
വെറും മടിയോ അതോ പ്രോക്രാസ്റ്റിനേഷൻ എന്ന അവസ്ഥയോ? എങ്ങനെ തിരിച്ചറിയാം
പ്രോക്രാസ്റ്റിനേഷൻ അനുഭവപ്പെടുന്നവർക്ക് ജോലി ചെയ്യണമെന്ന് ആഗ്രഹമുണ്ടാകും പക്ഷെ തുടങ്ങി കിട്ടാൻ ബുദ്ധിമുട്ടായിരിക്കും.

'കുറച്ചൂടെ കാത്തിരിക്കാം അല്ലെങ്കിൽ നാളെ ചെയ്യാം'- പ്രധാനപ്പെട്ട കാര്യങ്ങൾ ഇങ്ങനെ അവസാന നിമിഷം വരെ മാറ്റി വയ്ക്കുന്ന ശീലം വളരെ സാധാരണമായി തോന്നാമെങ്കിലും ഇത് പലപ്പോഴും പ്രോക്രാസ്റ്റിനേഷൻ (Procrastination) എന്ന മാനസിക അവസ്ഥയുടെ ഭാഗമായിരിക്കാം. പലരും ഇതിനെ വെറും മടിയായി കാണാറുണ്ടെങ്കിലും, യഥാർത്ഥത്തിൽ സമ്മർദ്ദം, ഉത്കണ്ഠ, പരാജയഭയം, ആത്മവിശ്വാസക്കുറവ് തുടങ്ങിയ നിരവധി കാരണങ്ങൾ ഇതിന് പിന്നിലുണ്ടാകാം.
എന്താണ് പ്രോക്രാസ്റ്റിനേഷൻ?
ചെയ്യേണ്ട കാര്യമാണെന്ന് വ്യക്തമായി അറിയാമെങ്കിലും അത് മനഃപൂർവം വൈകിപ്പിക്കുകയും പകരം എളുപ്പമുള്ള അല്ലെങ്കിൽ അത്ര പ്രാധാന്യമില്ലാത്ത കാര്യങ്ങളിൽ സമയം ചെലവഴിക്കുകയും ചെയ്യുന്ന പ്രവണതയാണ് പ്രോക്രാസ്റ്റിനേഷൻ. ഉദ്ദാ: പരീക്ഷയ്ക്ക് പഠിക്കേണ്ട സമയത്ത് സോഷ്യൽ മീഡിയ സ്ക്രോൾ ചെയ്യുക, ഓഫീസിലെ റിപ്പോർട്ട് അവസാന ദിവസത്തേക്ക് മാറ്റിവെക്കുക, ആരോഗ്യ പരിശോധനകൾ ആവർത്തിച്ച് നീട്ടിവെക്കുക, വീട്ടുജോലികൾ പിന്നീടാക്കുക.
മടിയും പ്രോക്രാസ്റ്റിനേഷനും തമ്മിലുള്ള വ്യത്യാസം
മടിയുള്ളവർക്ക് ജോലി ചെയ്യാനുള്ള താൽപര്യവും ചെയ്യാത്തതിലുള്ള കുറ്റബോധവും പൊതുവെ കുറവായിരിക്കും. വിശ്രമത്തിനാണ് മുൻഗണന നൽകുന്നത്, ലക്ഷ്യത്തെ കുറിച്ച് അധികം ചിന്തിക്കില്ലെന്നും മടിയുടെ സവിശേഷത.
അതേസമയം, പ്രോക്രാസ്റ്റിനേഷൻ അനുഭവപ്പെടുന്നവർക്ക് ജോലി ചെയ്യണമെന്ന് ആഗ്രഹമുണ്ടാകും പക്ഷെ തുടങ്ങി കിട്ടാൻ ബുദ്ധിമുട്ടായിരിക്കും. ജോലി മാറ്റിവെച്ചതിനാൽ കുറ്റബോധവും സമ്മർദവും ഉണ്ടാകും. വിശ്രമിച്ചാലും മനസ്സിന് സമാധാനം ഉണ്ടാകില്ല, ലക്ഷ്യം പ്രധാനമാണെന്ന് അറിയാം, പക്ഷേ പ്രവർത്തിക്കാൻ കഴിയുന്നില്ല.
സമ്മർദ്ദം എങ്ങനെ പ്രോക്രാസ്റ്റിനേഷനിലേക്ക് നയിക്കുന്നു?
അമിതമായ സമ്മർദ്ദം തലച്ചോറിന്റെ തീരുമാനമെടുക്കുന്ന ശേഷിയെ ബാധിക്കും. വലിയതോ സങ്കീർണ്ണമോ ആയ ജോലികൾ തുടങ്ങുന്നതിന് മുമ്പ് തന്നെ മനസ്സ് അവയെ കഠിനം എന്ന് വിലയിരുത്തും. ഇതോടെ തലച്ചോർ തൽക്ഷണ ആശ്വാസം നൽകുന്ന കാര്യങ്ങളിലേക്ക് തിരിയും. ഇവ താൽക്കാലിക ആശ്വാസം നൽകുമെങ്കിലും, പിന്നീട് കൂടുതൽ സമ്മർദ്ദത്തിനും കുറ്റബോധത്തിനും കാരണമാകും.
പ്രോക്രാസ്റ്റിനേഷന് പിന്നിലെ കാരണങ്ങൾ
പരാജയഭയം
ശരിയായി ചെയ്യാൻ കഴിയില്ല എന്ന ചിന്ത കാരണം പലരും ജോലി തുടങ്ങാതെ ഇരിക്കും.
പെർഫക്ട് ആകണമെന്ന അമിത ആഗ്രഹം (Perfectionism)
എല്ലാം പെർഫക്ട് ആയിരിക്കണമെന്ന അമിതമായ ചിന്ത പ്രവർത്തനം വൈകിപ്പിക്കും.
ആത്മവിശ്വാസക്കുറവ്
സ്വന്തം കഴിവിനെക്കുറിച്ചുള്ള സംശയം തുടക്കം തന്നെ തടയും.
അമിത സമ്മർദ്ദം
ജോലിയുടെ അളവ് കൂടുതലാണെന്ന് തോന്നുമ്പോൾ മനസ്സ് അത് ഒഴിവാക്കാൻ ശ്രമിക്കും.
വ്യക്തമായ പദ്ധതി ഇല്ലായ്മ
എവിടെ നിന്ന് തുടങ്ങണം എന്നറിയാത്ത അവസ്ഥയും ജോലി നീട്ടിവെക്കാൻ കാരണമാകും.
ശ്രദ്ധ തെറ്റിക്കുന്ന ശീലങ്ങൾ
സോഷ്യൽ മീഡിയ, മൊബൈൽ നോട്ടിഫിക്കേഷനുകൾ, തുടർച്ചയായ ഇടപെടലുകൾ എന്നിവ ശ്രദ്ധ കുറയ്ക്കും.
ഉറക്കക്കുറവ്
മതിയായ ഉറക്കം ലഭിക്കാത്തത് ഏകാഗ്രതയും തീരുമാനശേഷിയും കുറയ്ക്കും.
പ്രോക്രാസ്റ്റിനേഷൻ ആണെന്നതിൻ്റെ ലക്ഷണങ്ങൾ
ജോലികൾ അവസാന നിമിഷത്തേക്ക് മാറ്റിവെക്കുന്നു.
ചെറിയ കാര്യങ്ങൾ ആദ്യം ചെയ്യുന്നു.
പ്രധാന ജോലികൾ ഒഴിവാക്കുന്നു.
ജോലി തുടങ്ങാൻ തന്നെ ബുദ്ധിമുട്ടുന്നു.
സ്ഥിരമായി കുറ്റബോധം അനുഭവപ്പെടുന്നു.
ഡെഡ്ലൈൻ അടുത്താൽ മാത്രം പ്രവർത്തിക്കുന്നു.
സമ്മർദ്ദം വർധിച്ചിട്ടും മാറ്റം വരുത്താൻ കഴിയുന്നില്ല.
ഇത് ജോലിയിലെ പ്രകടനം മോശമാക്കാനും പഠനത്തിൽ പിന്നോട്ട് പോകാനും കാരണമാകാം. ഇത് ആത്മവിശ്വാസത്തെ തകർക്കാം. ബന്ധങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകാനും സ്ഥിരമായ മനാസിക സമ്മർദം ഉണ്ടാകാനും കാരണണാകും. ഇത് ഉറക്കപ്രശ്നങ്ങൾക്കും കാരണമാകാം.
പ്രോക്രാസ്റ്റിനേഷൻ ഒഴിവാക്കാനുള്ള മാർഗങ്ങൾ
ചെറിയ ഘട്ടങ്ങളാക്കുക
ഒരു വലിയ ലക്ഷ്യത്തിന് പകരം ചെറിയ ഘട്ടങ്ങൾ നിശ്ചയിക്കുക.
അഞ്ച് മിനിറ്റ് നിയമം
"അഞ്ച് മിനിറ്റ് മാത്രം ചെയ്യാം" എന്ന് തീരുമാനിച്ച് തുടങ്ങുക. പലപ്പോഴും തുടക്കം തന്നെ ഏറ്റവും ബുദ്ധിമുട്ടുള്ള ഘട്ടമാണ്.
സമയം ബ്ലോക്ക് ചെയ്യുക
ഒരു നിശ്ചിത സമയത്ത് ഒരു ജോലി മാത്രം ചെയ്യുക.
മൊബൈൽ മാറ്റിവയ്ക്കുക
മൊബൈൽ ശ്രദ്ധ തിരിക്കാതിരിക്കാൻ ക്രമീകരിക്കുക. അനാവശ്യ നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്യുക.
യാഥാർത്ഥ്യബോധമുള്ള ലക്ഷ്യങ്ങൾ നിശ്ചയിക്കുക
വളരെ വലിയ പ്രതീക്ഷകൾ വെക്കാതെ ക്രമാതീതമായി മുന്നേറുക.
പെർഫക്ഷന് പകരം പുരോഗതി നോക്കാം
പെർഫക്ഷൻ എന്ന ചിന്തയ്ക്ക് പകരം "തുടങ്ങുക" എന്ന സമീപനം സ്വീകരിക്കുക.
സ്വയം കുറ്റപ്പെടുത്താതിരിക്കുക
എല്ലാവർക്കും ചില സമയങ്ങളിൽ പ്രോക്രാസ്റ്റിനേഷൻ അനുഭവപ്പെടാം. പ്രധാനപ്പെട്ടത് അതിൽ നിന്ന് ക്രമേണ പുറത്തുവരാൻ ശ്രമിക്കുന്നതാണ്.
എപ്പോൾ വിദഗ്ധരുടെ സഹായം തേടണം?
ഇനിപ്പറയുന്ന അവസ്ഥകൾ ഉണ്ടെങ്കിൽ ഒരു മാനസികാരോഗ്യ വിദഗ്ധനുമായി സംസാരിക്കുന്നത് സഹായകരമായേക്കാം:
മാസങ്ങളായി എല്ലാ ജോലികളും മാറ്റിവെക്കുന്നു.
പഠനത്തെയോ ജോലിയെയോ ഇത് ഗുരുതരമായി ബാധിക്കുന്നു.
അമിത ഉത്കണ്ഠയോ വിഷാദലക്ഷണങ്ങളോ അനുഭവപ്പെടുന്നു.
ദിവസേനയുള്ള സാധാരണ ജോലികൾ പോലും ചെയ്യാൻ ബുദ്ധിമുട്ടുന്നു.
പ്രോക്രാസ്റ്റിനേഷൻ വെറും മടിയല്ല. പലപ്പോഴും അത് സമ്മർദ്ദം, പരാജയഭയം, പൂർണതയോടുള്ള അമിത ആഗ്രഹം, ആത്മവിശ്വാസക്കുറവ് എന്നിവയുടെ സംയോജനമായിരിക്കും. യഥാർത്ഥ കാരണം തിരിച്ചറിയുകയും ചെറിയ മാറ്റങ്ങളിലൂടെ തുടക്കം കുറിക്കുകയും ചെയ്താൽ ഈ ശീലം ക്രമേണ മാറ്റാനാകും. ജോലി മാറ്റിവെക്കുന്നതിനെക്കാൾ, ചെറിയൊരു ചുവടുവെപ്പ് പോലും നിങ്ങളുടെ ആത്മവിശ്വാസവും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കും.
WHAT TO READ NEXT

രുചിയുടെ പിന്നിലെ അപകടം; കുഴിമന്തി എപ്പോൾ വിഷമാകും?
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന് കാമറ; വണ്പ്ലസ് 16 ലോഞ്ച് ഒക്ടോബര് 12ന്

Summary
What is procrastination, difference between procrastination and laziness
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






