പെണ്ണുടലിലാടുന്ന ദേവക്കൂത്ത്, തെയ്യക്കോലത്തില്‍ ഒരു പതിറ്റാണ്ട് പിന്നിട്ട് അംബുജാക്ഷി

തുടര്‍ച്ചയായ പത്താം വര്‍ഷവും ദേവക്കൂത്ത് തെയ്യം കെട്ടിയാടാന്‍ ഒരുങ്ങുകയാണ് അറുപത്തിരണ്ടു കാരിയായ പഴയങ്ങാടി വേങ്ങര സ്വദേശിനി അംബുജാക്ഷി എം വി

Devakkoothu Theyyam artist Ambujakshi M V
Devakkoothu Theyyam artist Ambujakshi M V
Edited by :എന്‍ പി അനൂപ്
Last Updated :18 ഡിസംബർ 2025, 10:24 am IST

കണ്ണൂര്‍: തെയ്യക്കോലത്തിലെ സ്ത്രീ അപൂര്‍വമായ കാഴ്ചയാണ്. സ്ത്രീകള്‍ അവതരിപ്പിക്കുന്ന ഒരേയൊരു തെയ്യമാണ് ദേവക്കൂത്ത്. തുടര്‍ച്ചയായ പത്താം വര്‍ഷവും ദേവക്കൂത്ത് തെയ്യം കെട്ടിയാടാന്‍ ഒരുങ്ങുകയാണ് അറുപത്തിരണ്ടു കാരിയായ പഴയങ്ങാടി വേങ്ങര സ്വദേശിനി അംബുജാക്ഷി എം വി.

ഡിസംബര്‍ 20 ന് കണ്ണൂര്‍ ജില്ലയിലെ ചെറുകുന്ന് തെക്കുംപാട്ട് കൂലോം താഴെക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ആണ് ഇത്തവണ ദേവക്കൂത്ത് തെയ്യം അങ്ങേറുന്നത്. സ്ത്രീ അവതരിപ്പിക്കുന്ന തെയ്യം എന്ന നിലയിലുള്ള പ്രത്യേകതയ്ക്ക് ഒപ്പം ഏറെ സാംസ്‌കാരിക പ്രാധാന്യവും ദേവക്കൂത്ത് തെയ്യത്തിനുണ്ട്. അപൂര്‍വമായ ആചാരത്തിന് തെക്കുംപാട്ട് കൂലോം ഭഗതിക്കാവ് ഒരുങ്ങുമ്പോള്‍ 41 ദിവസത്തെ കഠിനമായ ഉപവാസം ഉള്‍പ്പെടെയായി കാത്തിരിക്കുകയാണ് അംബുജാക്ഷി.

പാമ്പര്യമായാണ് അംബുജാക്ഷിയെ ദേവക്കൂത്ത് തെയ്യത്തിലേക്ക് എത്തിക്കുന്നത്. കണ്ണൂര്‍ കാപ്പാട് സ്വദേശിയായ അംബുജാക്ഷി വിവാഹ ശേഷമാണ് വേങ്ങരയില്‍ എത്തുന്നത്. അംബുജാക്ഷിക്ക് മുന്‍പ് അവരുടെ ഭര്‍ത്താവിന്റെ അച്ഛന്റെ സഹോദരന്റെ ഭാര്യയായിരുന്നു തെയ്യക്കോലം കെട്ടിയാടിയിരുന്നത്. അവര്‍ക്ക് ശേഷം അനുഷ്ഠാനം തുടരാന്‍ കഴിയില്ലെന്ന സ്ഥിതിയിലാണ് നിയോഗം അംബുജാക്ഷിയിലേക്ക് എത്തിയത്. തെയ്യം കലാകാരി എന്ന നിലയില്‍ ആണ് ഇപ്പോള്‍ താന്‍ അറിയപ്പെടുന്നത് എന്നും അംബുജാക്ഷി പറയുന്നു. ഭര്‍ത്താവ് കണ്ണനും കുടുംബവും എല്ലാ പിന്തുണയും നല്‍കി കൂടെ നില്‍ക്കുകയും ചെയ്തു.

''തെയ്യം കെട്ടിയതിന്റെ പേരിലാണ് പലരും എന്നെ തിരിച്ചറിയുന്നത്, ഇപ്പോള്‍ ജീവിതം വളരെയേറെ മാറിയിരിക്കുന്നു ഇന്ന്, അപൂര്‍വവും പരമ്പരാഗതവുമായ തെയ്യത്തിന്റെ പേരില്‍ ഞാന്‍ അംഗീകരിക്കപ്പെടുന്നു. നേരത്തെ രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ ആയിരുന്നു ദേവക്കൂത്ത് തെയ്യം അവതരിപ്പിച്ചിരുന്നത്. എന്നാല്‍ 2019 മുതല്‍ എല്ലാവര്‍ഷവും തെയ്യം കെട്ടിയാടുന്നുണ്ട്.'' അംബുജാക്ഷി പറയുന്നു. നിഷ്ഠയാര്‍ന്ന വ്രതാനുഷ്ഠാനങ്ങളോടെയാണ് ഓരോ തെയ്യക്കാലത്തെയും തയ്യാറെടുപ്പ്. 41 ദിവസത്തെ വ്രതമാണ് അനുഷ്ഠിക്കുന്നത്. തെയ്യം അരങ്ങേറുന്നതിന്റെ മൂന്ന് ദിവസം മുന്‍പ് താമസം ഉള്‍പ്പെടെ കാവിലേക്ക് മാറ്റുമെന്നും അംബുജാക്ഷി പറയുന്നു.

News Now

Summary

 Sixty-two-year-old Ambujakshi M V is preparing for a rare and deeply significant ritual perform the Devakkoothu Theyyam. It is the only theyyam performed by women.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates