മാതളനാരങ്ങ കടയില്‍ നിന്ന് വാങ്ങേണ്ട; വീട്ടുപറമ്പില്‍ വിളയിക്കാം

എല്ലാത്തരം മണ്ണിലും വളരുമെങ്കിലും നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് മാതളക്കൃഷിക്ക് ഏറ്റവും യോജിച്ചത്

anar
Pomegranate Farming Guide: Health Benefits, Planting & Care TipsSource by : AI Generated Image
Last Updated :9 October 2026, 2:35 pm IST

വിപണിയില്‍ മാതളനാരങ്ങ നിറഞ്ഞിരിക്കുന്ന സീസണാണിപ്പോള്‍. ഔഷധ, പോഷക ഗുണങ്ങളും മികച്ച രുചിയും സമ്മേളിച്ചിരിക്കുന്ന ഈ ഫലത്തിന് എപ്പോഴും വന്‍ ആവശ്യക്കാരാണുള്ളത്. അനാര്‍, ഉറുമാന്‍, റുമ്മാന്‍ എന്നിങ്ങനെ പ്രാദേശികമായി വിവിധ പേരുകളില്‍ ഈ പഴം പരിചിതമാണ്. ഇറാനിലാണ് മാതളത്തിന്റെ ഉത്ഭവം. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് തുടങ്ങിയ വന്‍കരകളുടെ ചരിത്രത്തില്‍ തന്നെ ഇടംപിടിച്ച ഈ ഫലം ഏതാണ്ട് ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പല പുരാതന ഗ്രന്ഥങ്ങളിലും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

പൊതുവെ വരണ്ട കാലാവസ്ഥയെ ഇഷ്ടപ്പെടുന്ന ഒരു വിളയാണിത്. എല്ലാത്തരം മണ്ണിലും വളരുമെങ്കിലും നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് മാതളക്കൃഷിക്ക് ഏറ്റവും യോജിച്ചത്. സ്വപരാഗണം നടക്കുന്ന ചെടിയായതിനാല്‍ ഒരൊറ്റ ചെടി മാത്രം നട്ടാലും അതില്‍ പഴങ്ങള്‍ ഉണ്ടാവുമെന്ന പ്രത്യേകതയുമുണ്ട്. വിത്തുകള്‍ നേരിട്ട് നട്ട് വളര്‍ത്തിയാല്‍ കായ്ക്കാന്‍ കൂടുതല്‍ സമയമെടുക്കും. അതിനാല്‍ മികച്ച ഗുണനിലവാരമുള്ള തൈകള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

നിലം നന്നായി കിളച്ചൊരുക്കി കളകള്‍ നീക്കം ചെയ്യുക. തൈകള്‍ തമ്മില്‍ 10 അടി അകലത്തില്‍ 2 അടി ആഴമുള്ള കുഴികള്‍ എടുക്കണം. മേല്‍മണ്ണും ട്രൈക്കോഡെര്‍മയും ചേര്‍ത്ത് സമ്പുഷ്ടമാക്കിയ 10 കിലോ ചാണകപ്പൊടിയും ഒരു കിലോ വേപ്പിന്‍പിണ്ണാക്കും എല്ലുപൊടിയും ചേര്‍ത്ത് കുഴി മൂടുക. ഒരാഴ്ചയ്ക്ക് ശേഷം കുഴിയില്‍ 5 ഗ്രാം 'വാം' (VAM) ചേര്‍ത്തിളക്കി തൈ നട്ട് ആവശ്യത്തിന് നനച്ചു കൊടുക്കുക.

കൃത്യമായി പരിപാലിച്ചാല്‍ രണ്ടാം വര്‍ഷം മുതല്‍ ചെടി കായ്ച്ചു തുടങ്ങും. ചെടി നാലടി ഉയരമെത്തുമ്പോള്‍ ചുവട്ടില്‍ നിന്ന് വരുന്ന ആവശ്യമില്ലാത്ത ശിഖരങ്ങള്‍ മുറിച്ചു മാറ്റേണ്ടതാണ്. പൂക്കള്‍ ഉണ്ടായി കഴിഞ്ഞ് ഏകദേശം 7 മാസത്തിനുള്ളില്‍ പഴങ്ങള്‍ വിളവെടുക്കാന്‍ പാകമാകും. കായ്കള്‍ വളരെ ചെറുതായിരിക്കുമ്പോള്‍ തന്നെ കീടങ്ങളുടെയും പ്രാണികളുടെയും ആക്രമണത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനായി താഴ്ഭാഗം തുറന്നുവെച്ച് കവറുകളോ കവറേജ് നെറ്റുകളോ ഉപയോഗിച്ച് പൊതിഞ്ഞു കെട്ടുന്നത് പഴങ്ങളുടെ ഗുണമേന്മ വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ആരോഗ്യ ഗുണങ്ങള്‍

  • ഡയറ്റ് ചെയ്യുന്നവര്‍ക്ക് ഉത്തമം: കുറഞ്ഞ കലോറിയും ഉയര്‍ന്ന നാരുകളും അടങ്ങിയതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

  • തലച്ചോറിന്റെ ആരോഗ്യം: ഓര്‍മശക്തി വര്‍ധിപ്പിക്കുന്നതിനും തലച്ചോറിന്റെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നതിനും സഹായിക്കുന്നു.

  • രോഗപ്രതിരോധം: അര്‍ബുദം, വൃക്ക രോഗങ്ങള്‍ എന്നിവയെ പ്രതിരോധിക്കാന്‍ മാതളത്തിലെ ആന്റിഓക്‌സിഡന്റുകള്‍ക്ക് കഴിവുണ്ട്.

  • ഹൃദയാരോഗ്യം: വൈറ്റമിന്‍ സി, ഇ, കെ, മഗ്‌നീഷ്യം എന്നിവയാല്‍ സമ്പന്നമായതിനാല്‍ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

News Now

Summary

Complete Guide to Pomegranate Cultivation: Health Benefits, Planting Tips, and Care

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates