കഴുത്തിൽ മുറുകിയ വളയവുമായി വർഷങ്ങൾ നീണ്ട നരക യാതന; മാംസത്തിനുള്ളിലേക്ക് ഇറങ്ങി; ഒടുവിൽ നീർനായക്ക് മോചനം

കഴുത്തിൽ മുറുകിയ വളയവുമായി വർഷങ്ങൾ നീണ്ട നരക യാതന; മാംസത്തിനുള്ളിലേക്ക് ഇറങ്ങി; ഒടുവിൽ നീർനായക്ക് മോചനം

ഫോട്ടോ/ ട്വിറ്റർ
Last Updated :20 January 2024, 8:42 am IST

കഴുത്തിൽ ഇറുകി നിൽക്കുന്ന പ്ലാസ്റ്റിക്ക് റിങ്ങുമായി രണ്ട് വർഷം മുൻപ് കണ്ടെത്തിയ നീർനായയ്ക്ക് ഒടുവിൽ നരക യാതനയിൽ നിന്ന്  മോചനം. സമുദ്ര മലിനീകരണം കടൽ ജീവികളെ എത്രത്തോളം ബാധിച്ചിരിക്കുന്നു എന്നതിന്റെ നേർചിത്രമായി ആഗോള തലത്തിൽ ശ്രദ്ധ നേടിയ വികർ എന്ന പെൺ നീർനായയുടെ ശരീരത്തിൽ നിന്നാണ് കഴിഞ്ഞ ദിവസമാണ് വളയം മുറിച്ചു നീക്കിയത്.  

കഴുത്തിൽ ഇറുകിയ പ്ലാസ്റ്റിക് വളയവുമായി രണ്ട് വർഷം മുൻപ് നോർഫോക് തീരത്താണ് നീർനായയെ ആദ്യമായി കണ്ടെത്തിയത്. അതിനും ഏറെ കാലം മുൻപ് റിങ് നീർനായയുടെ കഴുത്തിൽ കുടുങ്ങിയതെന്നാണ് നിഗമനം.

നീർനായകളുടെ സംരക്ഷണത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഫ്രണ്ട്സ് ഓഫ് ഹോഴ്സി സീൽസ് എന്ന സംഘടനയിലെ അംഗങ്ങളാണ് വികറിന്റെ രക്ഷയ്ക്കായി മുൻകൈയെടുത്തത്. രണ്ട് വർഷം കൊണ്ട് പ്ലാസ്റ്റിക് വളയം നീർനായയുടെ കഴുത്തിൽ ഇറുകി മാംസത്തിനുള്ളിലേക്ക് കയറിയ നിലയിലായിരുന്നു. വളയം മുറിച്ചു നീക്കുന്നതിനായി നീർനായയെ റോയൽ സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു ആനിമൽസ് എന്ന സംഘടനയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെ മൃഗ രോഗ വിദഗ്ധരാണ് വളയം മുറിച്ചു നീക്കിയത്.

Story image

വളയം മാംസത്തിൽ ഇറുകിയതിനെ തുടർന്ന് നീർനായയുടെ കഴുത്തിൽ ഏഴ് സെന്റീമീറ്ററോളം ആഴത്തിലുണ്ടായ മുറിവ് പഴുത്ത നിലയിലായിരുന്നുവെന്ന് മൃഗരോഗ വിദഗ്ധർ വ്യക്തമാക്കി. വളയം മുറിച്ചു നീക്കപ്പെട്ടെങ്കിലും ഇപ്പോഴും വികർ ആരോഗ്യം  വീണ്ടെടുത്തിട്ടില്ല.  ഉപ്പുലായനിയിൽ കുളിപ്പിക്കുന്നതടക്കം നീർനായയ്ക്ക് പ്രത്യേക പരിചരണം നൽകി വരുന്നതായി ആശുപത്രി അധികൃതർ വിശദീകരിച്ചു.

മുറിവേറ്റ ഭാഗങ്ങൾ തുന്നികെട്ടാനാവാത്ത നിലയിലാണ്. അതിനാൽ 25 കിലോഗ്രാം ഉപ്പ് കലക്കിയ വെള്ളത്തിൽ  മുറിവ് കഴുകുക മാത്രമാണ് പോംവഴിയെന്നും ആർഎസ്പിസിഎ ആശുപത്രിയുടെ മാനേജരായ അലിസൺ ചാൾസ് പറയുന്നു. വളയം നീക്കം ചെയ്ത ശേഷമുള്ള നീർനായയുടെ ചിത്രങ്ങൾ ഫ്രണ്ട്സ് ഓഫ് ഹോഴ്സി സീൽസ് പുറത്തുവിട്ടിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now