2018-ലെ പ്രളയത്തിന് മുൻപും സമാനമായ ശബ്ദമുണ്ടായതായി പ്രദേശവാസികൾ; ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് നൽകി

Maniyarankudi Mysterious Underground Water Flowing
Maniyarankudi Mysterious Underground Water Flowing
Last Updated :13 July 2026, 1:41 pm IST
Guest Author :Damodaran K

News Now

ഇടുക്കി: ഇടുക്കി മണിയാറൻകുടിയിൽ വീടിന് സമീപം ഭൂമിക്കടിയിൽ നിന്ന് അസാധാരണമായ രീതിയിൽ ജലം ഒഴുകുന്ന ശക്തമായ ശബ്ദം കേൾക്കുന്നത് പ്രദേശവാസികളിൽ കനത്ത ആശങ്കയ്ക്കിടയാക്കുന്നു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ മണിയാറൻകുടി പള്ളി സിറ്റിക്ക് സമീപം ആറ്റുപുറത്ത് സുനീറിന്റെ വീടിന് സമീപത്താണ് ഭൂമിക്കടിയിൽ നിന്ന് ജലം കുത്തിയൊഴുകുന്നതിന് സമാനമായ ശബ്ദം അനുഭവപ്പെടുന്നത്. തിങ്കളാഴ്ച പുലർച്ചെ സുനീറിന്റെ മാതാവ് പുറത്തിറങ്ങിയപ്പോഴാണ് ഈ അസാധാരണ ശബ്ദം ആദ്യമായി കേട്ടത്.

കഴിഞ്ഞ ഇരുപത് വർഷത്തിലധികമായി ഈ കുടുംബം ഇവിടെയാണ് താമസിച്ചു വരുന്നത്. വീടിന് സമീപത്തെ കൽക്കെട്ടിനടിയിൽ നിന്നാണ് നിലയ്ക്കാതെ വെള്ളം ഒഴുകുന്നതുപോലുള്ള ശബ്ദം പുറത്തുവരുന്നത്. വിവരം അറിഞ്ഞയുടൻ തന്നെ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റും മറ്റ് പൊതുപ്രവർത്തകരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പഞ്ചായത്ത് അധികൃതർ ഉടനടി തന്നെ വിഷയം ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

2018-ലെ പ്രളയകാല സ്മരണകൾ; 'സോയിൽ പൈപ്പിങ്' എന്ന് സംശയം

ഭൂമിക്കടിയിൽ നിന്നുള്ള ഈ അസാധാരണ പ്രതിഭാസം മണിയാറൻകുടി നിവാസികളിൽ വലിയ ഭീതിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കനത്ത നാശനഷ്ടം വിതച്ച 2018-ലെ മഹാപ്രളയത്തിന് തൊട്ടുമുൻപ് പ്രദേശത്ത് പലയിടങ്ങളിലും സമാനമായ രീതിയിൽ ഭൂമിക്കടിയിൽ നിന്ന് ജലം ഒഴുകുന്ന ശബ്ദം കേട്ടിരുന്നതായി പ്രദേശവാസികൾ ഓർമ്മിക്കുന്നു.

മേഖലയിൽ വ്യാപകമായി കണ്ടെത്തിയിട്ടുള്ള 'സോയിൽ പൈപ്പിങ്' എന്ന അപകടകരമായ ഭൗമപ്രതിഭാസമാണോ ഇതെന്ന് നാട്ടുകാർ സംശയിക്കുന്നു. കനത്ത മഴ പെയ്യുമ്പോൾ മണ്ണിലെ ലവണങ്ങൾ ഒലിച്ച് പോയി ഭൂമിക്കടിയിൽ വലിയ തുരങ്കങ്ങൾ രൂപപ്പെടുകയും അതിലൂടെ വെള്ളം ശക്തമായി ഒഴുകുകയും ചെയ്യുന്ന പ്രതിഭാസമാണിത്. ഇത് പിന്നീട് വലിയ ഭൂമി ഇടിഞ്ഞുതാഴലിനും ഉരുൾപൊട്ടലിനും കാരണമായേക്കാം.

വിദഗ്ദ്ധ പരിശോധനയ്ക്ക് നാട്ടുകാരുടെ ആവശ്യം

വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥരും ഭൗമശാസ്ത്രജ്ഞരും അടിയന്തിരമായി സ്ഥലത്തെത്തി ശാസ്ത്രീയമായ പരിശോധനകൾ നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മലയോര മേഖലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും നിർദ്ദേശം നൽകിയിട്ടുണ്ട്.

Summary

A mysterious sound of water flowing beneath the ground near a residential area in Maniyarankudi, Idukki, has triggered panic among local residents.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates