
ഒരു വ്യാഴവട്ടക്കാലത്തിന്റെ നീല വസന്തം; ഇടുക്കി വീണ്ടും കുറിഞ്ഞി പൂക്കാലത്തിലേക്ക്
മൂന്നാറിലെ ചൊക്രമുടി ഉൾപ്പെടെയുള്ള മലനിരകൾ സെപ്റ്റംബറോടെ നീലപ്പട്ടുടുക്കും
ഇടുക്കി: പശ്ചിമഘട്ട മലനിരകൾ ഒരിയ്ക്കൽ കൂടി അപൂർവ്വമായ നീല വസന്തത്തിന് ഒരുങ്ങുന്നു. പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം പൂവിടുന്ന ‘സ്ട്രോബിലാന്തസ് കുന്തിയാന’ ഇനത്തിൽപെട്ട നീലക്കുറിഞ്ഞിപ്പൂക്കളാണ് വരും മാസങ്ങളിൽ മൂന്നാറിനെ നീലക്കടലാക്കി മാറ്റുക. വരുന്ന സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളോടെയാണ് മൂന്നാർ മലനിരകളിൽ കുറിഞ്ഞി വസന്തം പൂർണ്ണരൂപത്തിലാവുക. ഇത്തവണ ഇരവികുളം ദേശീയോദ്യാനത്തിന് പുറത്തുള്ള അഞ്ച് സ്വാഭാവിക പുൽമേടുകളിലാണ് പ്രധാനമായും കുറിഞ്ഞിപ്പൂക്കൾ വിരുന്നെത്തുന്നത്. ചൊക്രമുടി, മീശപ്പുലിമല, എടലിമേട്, സെവൻമല, ഗുണ്ടമല എന്നീ അഞ്ച് പ്രധാന കേന്ദ്രങ്ങളിൽ ഇതിനോടകം തന്നെ കുറിഞ്ഞിച്ചെടികൾ പലതും ചെറിയ രീതിയിൽ പൂവിട്ട് തുടങ്ങിയിട്ടുണ്ട്.
കയ്യേറ്റം ഒഴിഞ്ഞ ചൊക്രമുടിയിൽ പുണ്യനിമിഷം; മുതുവാൻ വിഭാഗത്തിനും ആഹ്ളാദം
ഈ കുറിഞ്ഞി സീസണിൽ ഏറ്റവും കൂടുതൽ ശ്രദ്ധാകേന്ദ്രമാകുന്നത് അതീവ പരിസ്ഥിതിലോല പ്രദേശമായ ചൊക്രമുടി മലനിരകളാണ്. മുൻ വർഷങ്ങളിൽ റിസോർട്ട് മാഫിയകൾ വ്യാപകമായി കൈയേറി തച്ചുടച്ച 13 ഏക്കറിലധികം ഭൂമിയുടെ പട്ടയം റദ്ദാക്കി സർക്കാർ അത് പൂർണ്ണമായി തിരിച്ചുപിടിച്ചിരുന്നു. മനുഷ്യന്റെ നിയമവിരുദ്ധമായ കടന്നുകയറ്റങ്ങൾ ഒഴിഞ്ഞതോടെ പ്രകൃതി അതിന്റെ സ്വാഭാവികത വീണ്ടെടുത്തതിന്റെ അടയാളമാണ് ചൊക്രമുടിയിൽ ഇപ്പോൾ ദൃശ്യമാകുന്ന കുറിഞ്ഞി ചെടികൾ. ചൊക്രമുടിക്ക് ചുറ്റും ജീവിക്കുന്ന മുതുവാൻ ആദിവാസി വിഭാഗത്തിന് തങ്ങളുടെ പവിത്രമായ മലനിരകൾ പഴയ പ്രതാപം വീണ്ടെടുക്കുന്നതിന്റെ ഒരു പുണ്യനിമിഷം കൂടിയാണിത്.
സഞ്ചാരികളെ വരവേൽക്കാൻ ഓൺലൈൻ ബുക്കിങ്; കെഎസ്ആർടിസി പ്രത്യേക സർവീസുകൾ
കുറിഞ്ഞി സീസൺ പ്രമാണിച്ച് വൻതോതിൽ എത്തുന്ന ആഭ്യന്തര-വിദേശ സഞ്ചാരികളെ വരവേൽക്കാൻ ജില്ലാ ഭരണകൂടം ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ദേവികുളം സബ് കളക്ടർ വി.എം. ആര്യയുടെ നേതൃത്വത്തിൽ വനംവകുപ്പ്, കെ.എഫ്.ഡി.സി , ഡി.ടി.പി.സി , വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ തുടങ്ങിയ വിവിധ വകുപ്പുകളുടെ അടിയന്തര യോഗം കഴിഞ്ഞ ദിവസം ചേർന്നു.
സന്ദർശകരുടെ കടുത്ത തിരക്ക് നിയന്ത്രിക്കുന്നതിനായി ഓൺലൈൻ സ്ലോട്ട് ബുക്കിങ് സംവിധാനം ഏർപ്പെടുത്താനാണ് പ്രധാന യോഗത്തിൽ തീരുമാനമായത്. കൂടാതെ, മേഖലയിലെ കനത്ത ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനം കൂടുതൽ ശക്തിപ്പെടുത്തും.
കുറിഞ്ഞികളുടെ തലസ്ഥാനമായി മൂന്നാർ
കർണ്ണാടക, തമിഴ്നാട്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ പശ്ചിമഘട്ട മലനിരകളിൽ പലയിടത്തും നീലകുറിഞ്ഞി പൂവിടാറുണ്ടെങ്കിലും മൂന്നാറിന്റെ മണ്ണിലാണ് ഇത് ഏറ്റവും വ്യാപകമായി കണ്ടുവരുന്നത്. ഒന്ന് മുതൽ 12 വർഷം വരെയുള്ള വിവിധ ഇടവേളകളിൽ പൂക്കുന്ന 64 ഇനം കുറിഞ്ഞികളാണ് ആകെ പശ്ചിമഘട്ടത്തിലുള്ളത്. ഇതിൽ 47 ഓളം ഇനങ്ങളും മൂന്നാറിന്റെ മണ്ണിൽ മാത്രമാണ് കാണപ്പെടുന്നത് എന്നത് ഇതിന്റെ സവിശേഷത വർദ്ധിപ്പിക്കുന്നു.
WHAT TO READ NEXT

കണ്ണൂരിലെ 5 സ്വകാര്യ ആശുപത്രികളിലെ നഴ്സ് സമരം ഒത്തുതീർന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി




