സഹപ്രവർത്തകയുടെ വിയോഗം പോലെ വിങ്ങിപ്പൊട്ടി വളപട്ടണം പൊലീസ്

Pet Dog Raziya
Pet Dog Raziya
Last Updated :19 October 2026, 4:51 pm IST
Guest Author :Damodaran K

News Now

കണ്ണൂർ: ഉറക്കവും ഭക്ഷണവും സ്റ്റേഷൻ വളപ്പിൽ, ഒപ്പം ഡ്യൂട്ടിയിലുള്ള കാക്കിക്കാരെപ്പോലെ സദാ സമയവും കാവലും ജാഗ്രതയും. സ്നേഹവും നന്ദിയും കൊണ്ട് വളപട്ടണം പൊലീസുകാരുടെ പൊന്നോമനയായും നാടിന്റെ 'പൊലീസ് നായ'യായും മാറിയ 'റസിയ' ഓർമ്മയായി. വർഷങ്ങളോളം വളപട്ടണം പൊലീസ് സ്റ്റേഷന്റെ നിത്യസാന്നിധ്യമായിരുന്ന റസിയ ശനിയാഴ്ച വൈകിട്ടാണ് ലോറിയിടിച്ച് മരണമടഞ്ഞത്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന്റെ പ്രതീകമായി മാറിയ പ്രിയപ്പെട്ട ജീവിയുടെ വിയോഗം സ്വന്തം കുടുംബാംഗത്തിന്റെ വിയോഗം പോലെയാണ് വളപട്ടണം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ കണ്ണീരിലാഴ്ത്തിയത്.

വർഷങ്ങൾക്ക് മുൻപാണ് ഒരു ആൺപട്ടിക്കൊപ്പം റസിയ സ്റ്റേഷൻ പരിസരത്ത് എത്തുന്നത്. മറ്റ് തെരുവുനായ്ക്കളെപ്പോലെ അക്രമസ്വഭാവം കാണിക്കുകയോ, ഭക്ഷണം തട്ടിയെടുക്കാൻ വഴക്കിട്ട് ശല്യമുണ്ടാക്കുകയോ ചെയ്യാതെ ഇരുവരും സ്റ്റേഷൻ പരിസരത്തുതന്നെ ഒതുങ്ങിക്കൂടി. സദാസമയവും കാവൽക്കാരെപ്പോലെ നിന്ന നായ്ക്കൾക്ക് പൊലീസുകാർ സ്നേഹത്തോടെ അഭയം നൽകുകയായിരുന്നു. ചായക്കടയിൽ പോകുമ്പോൾ ലഭിക്കുന്ന ഭക്ഷണത്തിന്റെ പങ്ക് നൽകി പൊലീസുകാർ അവയെ പരിപാലിച്ചു. ഉദ്യോഗസ്ഥർ ആൺപട്ടിക്ക് 'ബച്ചൻ' എന്നും പെൺപട്ടിക്ക് 'റസിയ' എന്നും സ്നേഹത്തോടെ പേരിട്ടു. പേര് വിളിച്ചാൽ ഇരുവരും ഉദ്യോഗസ്ഥരുടെ അടുത്തേക്ക് ഓടിയെത്തുമായിരുന്നു.

പൊലീസ് ജീപ്പുകൾ പട്രോളിംഗിനായി പുറപ്പെടുമ്പോൾ റോഡ് വരെ ഓടിയെത്തി അകമ്പടി പോകാനും, മടങ്ങിവരുമ്പോൾ വാലാട്ടി സ്വീകരിക്കാനും ഇരുവരും മുൻപന്തിയിലുണ്ടായിരുന്നു. പരാതിയുമായി പൊതുജനങ്ങൾ സ്റ്റേഷനിലെത്തുമ്പോൾ നിരീക്ഷിക്കുമെങ്കിലും ആരെയും കുരച്ചു ഭയപ്പെടുത്താൻ നിൽക്കാറില്ലായിരുന്നു. വർഷങ്ങൾക്ക് മുൻപ് 'ബച്ചൻ' മരണമടഞ്ഞതോടെ റസിയ തനിച്ചായെങ്കിലും സ്റ്റേഷൻ പരിസരം വിട്ടുപോകാൻ തയ്യാറായില്ല. ഉദ്യോഗസ്ഥർ നൽകുന്ന ഭക്ഷണവും സമീപത്തെ കോഴിക്കടക്കാരൻ എ.ടി. ഷമിൽ നൽകുന്ന ഇറച്ചി അവശിഷ്ടങ്ങളും കഴിച്ച് അവൾ സ്റ്റേഷൻ പരിസരത്ത് തന്നെ കഴിഞ്ഞുകൂടി.

മുൻപ് വളപട്ടണത്ത് സേവനമനുഷ്ഠിച്ചിരുന്ന ഷൈൻ കെ.പി, വിപിൻ ടി.എം, ടി.പി. സുമേഷ്, കാർത്തിക് ബാലകുമാർ, ഇ.പി. ഷിജു, പി. വികാസ്, പി. ജിതേഷ്, അഭിഷേക് തുടങ്ങിയ പൊലീസ് ഓഫീസർമാരും റസിയയോട് വലിയ സ്നേഹവും കരുതലും കാണിച്ചിരുന്നു. അപ്രതീക്ഷിതമായി ലോറിയിടിച്ച് റസിയ വിടവാങ്ങിയ വിവരമറിഞ്ഞ് വനിതാ പൊലീസുകാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ വിങ്ങിപ്പൊട്ടി. ഒരു കുടുംബാംഗത്തെപ്പോലെ സ്നേഹിച്ച തങ്ങളുടെ പ്രിയപ്പെട്ട റസിയക്ക് ഉദ്യോഗസ്ഥർ വിട നൽകിയ ശേഷം പൊലീസ് സ്റ്റേഷൻ വളപ്പിൽത്തന്നെ സംസ്കരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates