'അങ്കിളേ എന്റെ കഥാപാത്രം ചെറുതാണല്ലേ. എനിക്ക് ഒന്നും ചെയ്യാനുമില്ലല്ലോ എന്ന് പറഞ്ഞു'

Kavya Madhavan, Kamal, Meera Jasmine
Kavya Madhavan, Kamal, Meera Jasmine
Last Updated :19 October 2026, 5:24 pm IST

News Now

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവന്‍. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും ഓര്‍ത്തിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങള്‍ കാവ്യ മാധവന്‍ അവതരിപ്പിച്ചിട്ടുണ്ട്. വാണിജ്യ വിജയങ്ങള്‍ നേടിയ ചിത്രങ്ങള്‍ പോലെ തന്നെ പുരസ്‌കാരങ്ങള്‍ നേടാനും കാവ്യയ്ക്ക് സാധിച്ചിട്ടുണ്ട്.

മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം രണ്ട് തവണയാണ് കാവ്യ മാധവനെ തേടിയെത്തിയത്. 2004 ല്‍ പെരുമഴക്കാലത്തിലൂടേയും 2011 ല്‍ ഗദ്ദാമയിലൂടേയുമാണ് കാവ്യയെ തേടി പുരസ്‌കാരമെത്തിയത്. കാവ്യയ്ക്ക് ആദ്യമായി മികച്ച നടിക്കുള്ള പുരസ്‌കാരം നേടിക്കൊടുത്ത പെരുമഴക്കാലം ഒരുക്കിയത് കമല്‍ ആയിരുന്നു.

മീര ജാസ്മിന്‍, ദിലീപ്, വിനീത്, ബിജു മേനോന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു പെരുമഴക്കാലം. എന്നാല്‍ തിരക്കഥ കേട്ടപ്പോള്‍ പെരുമഴക്കാലം ചെയ്യാന്‍ കാവ്യയ്ക്ക് സംശയമുണ്ടായിരുന്നുവെന്നും തന്നേക്കാള്‍ അഭിനയ സാധ്യതയുണ്ടായിരുന്നത് മീരയ്ക്കായിരുന്നുവെന്ന് കാവ്യ പരിഭവം പറഞ്ഞാതായുമാണ് കമല്‍ പറയുന്നത്. ദ ഷോസ്‌കേപ്പ് ജേണലിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ മനസ് തുറന്നത്.

''കാവ്യ പെരുമഴക്കാലത്തിലേക്ക് വരുന്ന സമയത്ത്, സ്‌ക്രിപ്റ്റ് പറഞ്ഞപ്പോള്‍ ചെറിയ സംശയമുണ്ടായിരുന്നു. എന്നോട് പറയുകയും ചെയ്തിരുന്നു കാവ്യ. അങ്കിളേ എന്റെ കഥാപാത്രം ചെറുതാണല്ലേ എന്ന് ചോദിച്ചിരുന്നു. എനിക്ക് ഒന്നും ചെയ്യാനുമില്ലല്ലോ എന്ന് പറഞ്ഞു. നീ എന്താണ് ഈ പറയുന്നത് നിനക്ക് ചെയ്യാനില്ലേ എന്ന് ഞാന്‍ ചോദിച്ചു. അല്ല, അത് മീര ജാസ്മിനല്ലേ എന്ന് ഒരു പരിഭവം ആയിട്ട് എന്നോട് പറഞ്ഞു'' കമല്‍ പറയുന്നു.

''ആ കഥാപാത്രം മീര ജാസ്മിന്‍ ചെയ്യണം. എന്നാലേ ശരിയാവുള്ളൂ. തിരിച്ച് ചെയ്താല്‍ എനിക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ കാവ്യയ്ക്ക് ആത്മവിശ്വാസം വരുന്നില്ലെന്ന് എനിക്ക് തോന്നി. ഈ കഥാപാത്രം ചെയ്താല്‍ പെര്‍ഫോം ചെയ്യാന്‍ പറ്റുമെന്ന വിശ്വാസമില്ലാത്തതു പോലെ. അപ്പോള്‍ ഞാന്‍ പറഞ്ഞു, കാവ്യേ നീ വെറുതെ നിന്ന് തന്നാല്‍ മതി. ആ ഇമോഷന്‍ നീ ഉള്ളിലേക്ക് എടുത്താല്‍ മതിയെന്ന്'' കമല്‍ പറയുന്നു.

''ഒന്ന് രണ്ട് സീന്‍ കഴിഞ്ഞപ്പോള്‍ ആ ഇമോഷന്‍ അവള്‍ക്ക് അറിയാതെ തന്നെ വന്നു. ഞാന്‍ അവളെ ആശ്വസിപ്പിക്കാന്‍ വേണ്ടി പറഞ്ഞതായിരുന്നു. ഈ സിനിമയെങ്ങാനും അവാര്‍ഡിന് വന്നാല്‍ അവാര്‍ഡ് കിട്ടാന്‍ പോകുന്നത് കാവ്യയ്ക്കായിരിക്കും മീരയ്ക്ക് ആയിരിക്കില്ല എന്ന്. ഞാന്‍ തമാശയ്ക്ക് പറഞ്ഞതാണ്, പക്ഷെ അത് തന്നെ സംഭവിച്ചു'' എന്നും അദ്ദേഹം പറയുന്നു.

Summary

Kavya Madhavan was skeptical about doing the movie that won her best actress award. Reveals director Kamal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates