ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: 80 വയസ്സുകാരനായ ഡോക്ടറുടെ 1.19 കോടി കവർന്ന പ്രതി പിടിയിൽ

മുംബൈ ക്രൈം ബ്രാഞ്ച് ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടി

Digital Arrest Fraud
Digital Arrest Fraud
Edited by :Damodaran K
Last Updated :21 സെപ്റ്റംബർ 2026, 3:35 pm IST

കാസർകോട്: ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ വ്യാജ ഭീഷണി മുഴക്കി എൺപതുകാരനായ ഡോക്ടറിൽനിന്ന് 1.19 കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ പ്രതിയെ കാസർകോട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്ത് ജോലി ചെയ്തിരുന്ന മലപ്പുറം മഞ്ചേരി സ്വദേശി ഷംഷാദ് ചുരക്കത്തിനെയാണ് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് എമിഗ്രേഷൻ വിഭാഗത്തിന്റെ സഹായത്തോടെ പൊലീസ് സംഘം പിടികൂടിയത്. വയോധികന്റെ പണം കൈമാറിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

2025 നവംബർ 24 മുതൽ ഡിസംബർ 17 വരെയുള്ള കാലയളവിലാണ് നീലേശ്വരം സ്വദേശിയായ ഡോക്ടറെ കബളിപ്പിച്ച് പണം തട്ടിയത്. മുംബൈ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തി ഫോണിലും വാട്സ്ആപ്പ് വിഡിയോ കോളിലുമാണ് തട്ടിപ്പുകാർ പരാതിക്കാരനെ ബന്ധപ്പെട്ടത്. ഡോക്ടറുടെ പേരിൽ വൻ തുകയുടെ അനധികൃത പണമിടപാടുകൾ നടന്നിട്ടുണ്ടെന്നും നിലവിൽ അദ്ദേഹത്തെ 'ഡിജിറ്റൽ അറസ്റ്റ്' ചെയ്തിരിക്കുകയാണെന്നും ഭീഷണിപ്പെടുത്തി വിശ്വസിപ്പിക്കുകയായിരുന്നു. അറസ്റ്റ് നടപടികളിൽനിന്ന് ഒഴിവാകാനും അക്കൗണ്ടുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേരിട്ടുള്ള പരിശോധനയ്ക്ക് വിധേയമാക്കാനും പണം ട്രാൻസ്ഫർ ചെയ്യണമെന്ന് സംഘം ആവശ്യപ്പെട്ടു.

തട്ടിപ്പുകാരുടെ ഭീഷണിയിൽ ഭയന്നുപോയ ഡോക്ടർ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 1,19,35,000 രൂപയാണ് വിവിധ ഘട്ടങ്ങളിലായി ഇവർ നിർദ്ദേശിച്ച അക്കൗണ്ടുകളിലേക്ക് അയച്ചുകൊടുത്തത്. പരാതിക്കാരന്റെ കനറാ ബാങ്ക് അക്കൗണ്ടിൽ നിന്ന് മാറ്റിയ 46.25 ലക്ഷം രൂപ നാഗാലാൻഡിലെ ആക്സിസ് ബാങ്ക് അക്കൗണ്ടിലേക്കാണ് ആദ്യം എത്തിയത്. ഇതിൽ നിന്ന് 9.60 ലക്ഷം രൂപ പ്രതിയായ ഷംഷാദിന്റെ മഞ്ചേരിയിലെ സെൻട്രൽ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയതായും, അതിൽ ഒൻപത് ലക്ഷം രൂപ ഇയാൾ ചെക്ക് മുഖേന പിൻവലിച്ച് സ്വന്തം ആവശ്യങ്ങൾക്കായി ചെലവഴിച്ചതായും സൈബർ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

തട്ടിപ്പിന് ശേഷം പ്രതി വിദേശത്തേക്ക് കടന്നതായി മനസ്സിലാക്കിയ പൊലീസ് ഇയാൾക്കെതിരെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. സെപ്റ്റംബർ 17-ന് ഹൈദരാബാദ് വിമാനത്താവളത്തിൽ വിമാനമിറങ്ങിയ ഇയാളെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ചു. തുടർന്ന് കാസർകോട് ജില്ലാ പൊലീസ് മേധാവി നിധിൻരാജ് പി. ഐപിഎസ്, സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രാജീവൻ കെ. എന്നിവരുടെ മേൽനോട്ടത്തിൽ എസ്.ഐ നൗഷാദ്, എ.എസ്.ഐമാരായ രഞ്ജിത്ത് കുമാർ, ദിലീഷ്, സി.പി.ഒ വിപിൻ എന്നിവരടങ്ങിയ അന്വേഷണ സംഘം ഹൈദരാബാദിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ മുന്നറിയിപ്പുമായി പൊലീസ്

പൊലീസ്, സി.ബി.ഐ, ആർ.ബി.ഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) തുടങ്ങിയ ഔദ്യോഗിക അന്വേഷണ ഏജൻസികളുടെ പേര് പറഞ്ഞ് വിഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തുന്ന 'ഡിജിറ്റൽ അറസ്റ്റ്' തികച്ചും വ്യാജമാണെന്ന് പൊലീസ് പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി. രാജ്യത്തെ ഒരു നിയമപ്രകാരവും അന്വേഷണ ഏജൻസികൾ വിഡിയോ കോളിലൂടെ അറസ്റ്റ് രേഖപ്പെടുത്തുകയോ പണം അക്കൗണ്ടിലേക്ക് ആവശ്യപ്പെടുകയോ ചെയ്യില്ല. ഇത്തരം കോളുകൾ ലഭിച്ചാൽ ഒട്ടും ഭയപ്പെടാതെ ഉടൻതന്നെ കോൾ വിച്ഛേദിക്കണം. സൈബർ തട്ടിപ്പിനിരയായാൽ ആദ്യ നിമിഷങ്ങളിൽത്തന്നെ 1930 എന്ന ദേശീയ ഹെൽപ്‌ലൈൻ നമ്പറിലോ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ cybercrime.gov.in വഴിയോ പരാതി രജിസ്റ്റർ ചെയ്യണമെന്നും പൊലീസ് വ്യക്തമാക്കി.

News Now

Summary

In a major breakthrough, the Kasaragod Cyber Police arrested a key operative involved in a transnational 'digital arrest' fraud that siphoned over Rs 1.19 crore from an 80-year-old doctor from Nileshwaram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates