ഇളനീരിൽ നിന്ന് വീര്യമേറിയ വൈൻ; പേറ്റന്റ് നേടിയിട്ടും വിൽക്കാനാവില്ല; 22 വർഷമായി സർക്കാർ കനിവ് കാത്ത് കർഷകൻ
'കൊക്കോ വിനോ' ബിവ്കോ വഴി വിപണിയിലെത്തിക്കാൻ കാത്തിരിപ്പ്. മന്ദാരി ബാധയിൽ തുടങ്ങിയ പരീക്ഷണം
കാസർകോട്: വീഞ്ഞിന് പഴക്കം കൂടുന്തോറും വീര്യവും രുചിയും കൂടും. എന്നാൽ സ്വന്തമായി കണ്ടെത്തിയ ഒരു ഉത്പന്നം നിയമപരമായി വിപണിയിലെത്തിക്കാൻ ഒരു കർഷകന് കാത്തിരിക്കേണ്ടി വന്നത് നീണ്ട 22 വർഷങ്ങളാണ്. താൻ വികസിപ്പിച്ചെടുത്ത അത്ഭുത വൈൻ സർക്കാർ നിയന്ത്രണത്തിലുള്ള ബിവറേജസ് കോർപ്പറേഷൻ (ബിവ്കോ) വഴി പൊതുവിപണിയിലെത്തിക്കാൻ അനുമതി കാത്ത് ഇപ്പോഴും പോരാടുകയാണ് കാസർകോട് ഭീമനടി പാലമറ്റം സ്വദേശിയായ എൺപത്തിമൂന്നുകാരൻ സെബാസ്റ്റ്യൻ പി. അഗസ്റ്റിൻ. 'കൊക്കോ വിനോ' ( എന്ന് പേരിട്ട ഈ ഇളനീർ വൈനിന് ഇന്ത്യൻ പേറ്റന്റും അന്താരാഷ്ട്ര പേറ്റന്റും സ്വന്തമായുണ്ടെങ്കിലും സംസ്ഥാനത്തെ സങ്കീർണ്ണമായ എക്സൈസ് ചട്ടങ്ങളും നയങ്ങളുടെ അഭാവവുമാണ് ഈ നൂതന ഉത്പന്നത്തിന്റെ വിപണനത്തിന് മുന്നിൽ വിലങ്ങുതടിയായി നിൽക്കുന്നത്.
റവന്യൂ ഉദ്യോഗസ്ഥനിൽ നിന്ന് കർഷകനിലേക്ക്
കോട്ടയത്തുനിന്ന് 1958-ലാണ് സെബാസ്റ്റ്യന്റെ കുടുംബം കാസർകോട്ടേക്ക് കുടിയേറിയത്. പഠനത്തിന് ശേഷം 1965-ൽ റവന്യൂ വകുപ്പിൽ ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം 1998-ൽ ഹോസ്ദുർഗ് താലൂക്കിൽ നിന്ന് ഡെപ്യൂട്ടി തഹസിൽദാരായാണ് വിരമിച്ചത്. സർവീസിൽ നിന്ന് വിരമിച്ച ശേഷം മുഴുവൻ സമയ കൃഷിയിലേക്ക് തിരിഞ്ഞ സെബാസ്റ്റ്യൻ കർഷക സംഘടനയായ ഇൻഫാമിന്റെ ജില്ലാ പ്രസിഡന്റായി ചുമതലയേറ്റു. സംഘടനയുടെ നേതൃത്വത്തിൽ നടന്ന വിവിധ ശിൽപശാലകളിലൂടെയാണ് പഴങ്ങളിൽ നിന്ന് സ്വാഭാവികമായി വൈൻ നിർമ്മിക്കുന്ന സാങ്കേതികവിദ്യ അദ്ദേഹം മനസ്സിലാക്കിയത്.
മണ്ടരി ബാധയിൽ നിന്നും പിറന്ന നൂതനാശയം
ഒരു തെങ്ങ് കർഷകൻ കൂടിയായ സെബാസ്റ്റ്യൻ കണ്ണൂരിലെ ചെറുപുഴ ഉൾപ്പെടെയുള്ള വിവിധ വിപണികളിലേക്ക് ഇളനീർ എത്തിച്ചു നൽകാറുണ്ടായിരുന്നു. എന്നാൽ 2003-ൽ കാസർകോട്ടെ തെങ്ങിൻതോപ്പുകളെ ഒന്നാകെ ബാധിച്ച 'മണ്ടരി' കീടബാധ സെബാസ്റ്റ്യന്റെ കൃഷിയിടത്തെയും തകർത്തു. കായ്ഫലം കുറഞ്ഞതിനൊപ്പം വിപണിയിൽ ആവശ്യക്കാരില്ലാതായതോടെ ഇളനീരുകൾ തോട്ടത്തിൽ കെട്ടിക്കിടന്നു നശിക്കുന്ന സ്ഥിതിയുണ്ടായി. ഈ പ്രതിസന്ധിക്കിടെയാണ് തെങ്ങിൽ നിന്ന് തന്നെ ഒരു മൂല്യവർദ്ധിത ഉത്പന്നം നിർമ്മിക്കാമെന്ന ആശയം സെബാസ്റ്റ്യന്റെ മനസ്സിലുദിക്കുന്നത്. നിരന്തരമായ പരീക്ഷണ-നിരീക്ഷണങ്ങൾക്കൊടുവിൽ അദ്ദേഹം ഒരു പ്രത്യേക ഫോർമുല കണ്ടെത്തി. ഇളനീർ വെള്ളം, ഇളനീരിന്റെ കാമ്പ് (പൾപ്പ്), പ്രത്യേക ഫ്രൂട്ട് എൻസൈമുകൾ (പെപ്റ്റൈഡുകൾ) എന്നിവ കൃത്യമായ അനുപാതത്തിൽ സമന്വയിപ്പിച്ചാണ് അദ്ദേഹം വൈൻ വേർതിരിച്ചെടുത്തത്.
20 കോടിയുടെ വാഗ്ദാനം; മുന്നിൽ തടസ്സമായി എക്സൈസ് നയം
2004-ൽ നടന്ന ഇന്ത്യൻ ഹോർട്ടികൾച്ചർ കോൺഗ്രസിൽ സെബാസ്റ്റ്യൻ തന്റെ കണ്ടുപിടുത്തം അവതരിപ്പിച്ചു. കർഷകർക്ക് വലിയ സാമ്പത്തിക ലാഭം നൽകുന്ന ഈ പദ്ധതി വ്യാവസായിക അടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കണമെന്ന് അന്ന് ശാസ്ത്രജ്ഞർ ശുപാർശ ചെയ്തു. ഇതേവർഷം ഒരു പരിപാടിക്കായി അമേരിക്കയിലേക്ക് പോയപ്പോൾ, ഈ പദ്ധതിയിൽ 20 കോടി രൂപ നിക്ഷേപിക്കാൻ പ്രവാസി മലയാളികൾ തയ്യാറായി രംഗത്തെത്തി.
എന്നാൽ ഇന്ത്യയിൽ തിരിച്ചെത്തിയപ്പോഴാണ് യഥാർത്ഥ പ്രതിസന്ധി തിരിച്ചറിഞ്ഞത്. ചെറുകിട ഫാം അധിഷ്ഠിത വൈനറികൾക്കോ ബ്രൂവറികൾക്കോ അനുമതി നൽകുന്ന ഒരു എക്സൈസ് നയം കേരളത്തിൽ നിലവിലുണ്ടായിരുന്നില്ല. 2007-ൽ തന്റെ ഇളനീർ വൈനിന് ഇന്ത്യൻ പേറ്റന്റും അന്താരാഷ്ട്ര പേറ്റന്റും നേടിയെടുക്കാൻ സെബാസ്റ്റ്യന് കഴിഞ്ഞെങ്കിലും വിപണി കണ്ടെത്താൻ സർക്കാരിന്റെ അനുമതി മാത്രം ലഭിച്ചില്ല.
തദ്ദേശീയമായ കാർഷിക ഉത്പന്നങ്ങളിൽ നിന്ന് വൈൻ നിർമ്മിച്ച് വിൽക്കാൻ കർഷകർക്ക് അനുമതി നൽകുമെന്ന സർക്കാർ പ്രഖ്യാപനങ്ങൾ കടലാസിൽ ഒതുങ്ങിയതോടെയാണ് ഈ വയോധികന്റെ പോരാട്ടം 22 വർഷമായി ഫയലുകളിൽ കുരുങ്ങിക്കിടക്കുന്നത്. എങ്കിലും തന്റെ ഇളനീർ വൈൻ ഒരുനാൾ മലയാളികളുടെ ഇടയിലേക്ക് എത്തുമെന്ന ശുഭ പ്രതീക്ഷയിലാണ് ഈ കർഷകൻ.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Farmer’s wait to sell tender coconut wine continues
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


