ചേവായൂരിൽ കാർ കത്തി വ്യാപാരി മരിച്ച സംഭവം: നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്; അപകടമല്ലെന്ന് സംശയം

ഇറക്കം ഇറങ്ങിവന്ന കാർ പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ ഫാക്ടറി ക്യാമറയിൽ

Car crashes into wall and catches fire; Elderly man dies tragically
Car crashes
Edited by :Damodaran K
Last Updated :2 സെപ്റ്റംബർ 2026, 5:46 pm IST

കോഴിക്കോട്: ചേവായൂർ മഠത്തിൽമുക്കിൽ കാർ കത്തിയമർന്ന് വ്യാപാരി മരിച്ച സംഭവത്തിൽ ദുരൂഹത വർധിപ്പിച്ച് നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. റോഡിലെ ഇറക്കമിറങ്ങി വളരെ കുറഞ്ഞ വേഗതയിൽ മുന്നോട്ട് നീങ്ങുന്ന കാർ പെട്ടെന്ന് വലിയ തീഗോളമായി പൊട്ടിത്തെറിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സമീപത്തെ ഒരു ഫാക്ടറിയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. ചേവായൂർ സ്വദേശിയും വാഹന-റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനുമായ സിപി സുധാകരൻ (58) ആണ് ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ കാറിനുള്ളിൽ വെന്തുമരിച്ചത്. പുതിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇതൊരു സാധാരണ വാഹനാപകടമല്ലെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം എത്തിച്ചേർന്നിരിക്കുകയാണ്.

റോഡരികിലെ മതിലിൽ ഇടിച്ചതിന്റെ ആഘാതത്തിലാണ് കാറിന് തീപിടിച്ചതെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, സംഭവസ്ഥലത്തിന് തൊട്ടടുത്തുനിന്ന് അഞ്ച് ലിറ്ററിന്റെ പെട്രോൾ കന്നാസ് കണ്ടെത്തിയതോടെയാണ് സംഭവത്തിൽ ആസൂത്രിത സ്വഭാവമുണ്ടെന്ന സംശയം ഉയർന്നത്. ഇപ്പോൾ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ കാർ മതിലിൽ ഇടിക്കുന്നതിന് മുൻപ് തന്നെ ഉള്ളിൽനിന്ന് വൻതോതിൽ തീ ആളിപ്പടരുന്നതായി വ്യക്തമാണ്. ഇതോടെ വാഹനാപകടം എന്ന സാധ്യത പൂർണ്ണമായും തള്ളിയ പോലീസ്, സംഭവം കൊലപാതകമാണോ അതോ ആത്മഹത്യയാണോ എന്ന ദിശയിലാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്.

പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. ബിസിനസ് ആവശ്യങ്ങൾക്കായി കൊയിലാണ്ടിയിലേക്ക് പോകുകയാണെന്ന് വീട്ടുകാരോട് പറഞ്ഞാണ് സുധാകരൻ കാറുമായി ഇറങ്ങിയത്. മഠത്തിൽമുക്കിൽ വെച്ച് കാറിന് തീപിടിച്ചതുകണ്ട് സമീപവാസികൾ ഓടിയെത്തുമ്പോഴേക്കും വാഹനം പൂർണ്ണമായും അഗ്നിക്കിരയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചെങ്കിലും സുധാകരൻ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു. മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മീഷണറുടെ (എസിപി) നേതൃത്വത്തിലാണ് കേസിന്റെ വിശദമായ അന്വേഷണം നടക്കുന്നത്. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്ത് വിപുലമായ ശാസ്ത്രീയ പരിശോധനകൾ നടത്തി. സുധാകരന് സാമ്പത്തിക ഇടപാടുകളോ മറ്റ് വ്യക്തിവൈരാഗ്യങ്ങളോ ഉണ്ടായിരുന്നോ എന്നും പോലീസ് സംഘം വിശദമായി പരിശോധിച്ച് വരികയാണ്.

News Now

Summary

Crucial CCTV visuals have surfaced in connection with the mysterious death of real estate and automobile dealer C.P. Sudhakaran, who was charred to death inside a burning car at Madathilmukku in Chevayur, Kozhikode

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates