പ്രസവത്തിനും മെഡിക്കൽ കോളജിലേക്ക് റഫർ; തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം പ്രതിസന്ധിയിൽ

മൂന്ന് ഡോക്ടർമാരിൽ ഒരാൾ അവധിയിൽ, മറ്റൊരാൾക്ക് സ്ഥലംമാറ്റം, മൂന്നാമത്തെയാൾ സ്വകാര്യ ആശുപത്രിയിലെന്ന് പരാതി

Tirurangadi Thaluk Hospital
Tirurangadi Thaluk Hospital
Edited by :Damodaran K
Last Updated :19 ഓഗസ്റ്റ് 2026, 3:25 pm IST

തിരൂരങ്ങാടി: മലപ്പുറം ജില്ലയിലെ പ്രധാന ആരോഗ്യകേന്ദ്രങ്ങളിലൊന്നായ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർമാരുടെ അഭാവത്തിൽ ഗുരുതര പ്രതിസന്ധിയിൽ. ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ ഗൈനക്കോളജി വിഭാഗത്തിന്റെ പ്രവർത്തനം താളം തെറ്റിയതോടെ ഗർഭിണികൾ ഉൾപ്പെടെയുള്ള രോഗികളാണ് ദുരിതത്തിലായത്. പ്രസവത്തിനായി ആശുപത്രിയിലെത്തുന്നവരെ പോലും മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുന്നതായാണ് പരാതി.

ഗൈനക്കോളജി വിഭാഗത്തിൽ രണ്ട് സീനിയർ കൺസൾട്ടന്റുമാരും ഒരു ജൂനിയർ കൺസൾട്ടന്റുമുൾപ്പെടെ മൂന്ന് ഡോക്ടർമാരാണ് ഉണ്ടായിരുന്നത്. ഇതിൽ ജൂനിയർ കൺസൾട്ടന്റ് വ്യക്തിപരമായ കാരണങ്ങളാൽ അവധിയിലാണ്. ഒരു സീനിയർ കൺസൾട്ടന്റ് ദീർഘകാല അവധിയെടുത്ത് സ്വകാര്യ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചതായും പരാതി ഉയർന്നിട്ടുണ്ട്. മറ്റൊരു സീനിയർ കൺസൾട്ടന്റിന് മെഡിക്കൽ കോളജിലേക്ക് സ്ഥലംമാറ്റം ലഭിച്ചെങ്കിലും പകരം ഡോക്ടറെ നിയമിച്ചിട്ടില്ല.

ഡോക്ടറുടെ അവധിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാകാത്തതാണ് പകരം നിയമനം വൈകുന്നതിന് കാരണമെന്നാണ് റിപ്പോർട്ട്. ഇതോടെ ഡോക്ടർമാരുടെ സേവനം ആവശ്യമായ ഗൈനക്കോളജി വിഭാഗം കടുത്ത ജീവനക്കാരുടെ ക്ഷാമത്തിലാണ്.

ചികിത്സയ്ക്കായി ആശുപത്രിയിലെത്തുന്ന ഗർഭിണികൾക്കും മറ്റ് രോഗികൾക്കും ആവശ്യമായ സേവനം ലഭിക്കാത്തത് വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നത്. സാധാരണക്കാരുടെ ആശ്രയമായ സർക്കാർ ആശുപത്രിയിൽ പോലും ചികിത്സ ലഭിക്കാത്ത സാഹചര്യം വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്ന് രോഗികൾ പറയുന്നു. പ്രസവത്തിനായി എത്തുന്നവരെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുന്നതും രോഗികളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

പകരം ഡോക്ടറെ നിയമിക്കാതെ നിലവിലുള്ള ഡോക്ടർക്ക് സ്ഥലംമാറ്റം അനുവദിച്ചതിലും പ്രതിഷേധമുണ്ട്. ജനങ്ങൾക്ക് സേവനം ഉറപ്പാക്കുന്നതിനായിരിക്കണം സ്ഥലംമാറ്റ നടപടികളെന്നും, പകരം സംവിധാനം ഒരുക്കാതെയുള്ള ഇത്തരം നടപടികൾ പൊതുജനങ്ങളെ ദുരിതത്തിലാക്കുകയാണെന്നും രോഗികളും നാട്ടുകാരും ആരോപിക്കുന്നു.

അതേസമയം, പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം കണ്ടെത്തിയതായി മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. എന്നാൽ ഗൈനക്കോളജി വിഭാഗത്തിലെ ഒ.പി. സേവനം ഇപ്പോഴും പൂർണതോതിൽ സാധാരണ നിലയിലായിട്ടില്ലെന്നാണ് പരാതി.

ഗൈനക്കോളജി വിഭാഗത്തിന് പിന്നാലെ ആശുപത്രിയിലെ മറ്റ് വിഭാഗങ്ങളിലും സമാനമായ പ്രതിസന്ധി ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. അടിയന്തരമായി ആവശ്യമായ ഡോക്ടർമാരെ നിയമിച്ച് ചികിത്സാ സേവനങ്ങൾ പൂർണതോതിൽ പുനഃസ്ഥാപിക്കണമെന്നാണ് രോഗികളുടെ ആവശ്യം

News Now

Summary

The Gynecology Department at the Tirurangadi Taluk Hospital in Malappuram district has plunged into a severe crisis due to an acute shortage of doctors, leaving pregnant women and other patients in distress.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates