യാത്രക്കാരെ വലച്ച് താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗതക്കുരുക്ക്: ഹെയർപിൻ വളവിലെ കുഴിയിൽ വീണ് ലോറിയുടെ ടയർ പൊട്ടി

വികസന മുദ്രാവാക്യങ്ങൾക്കിടയിലും ചുരത്തിലെ വൻകുഴികൾ അടയ്ക്കാൻ നടപടിയില്ല

Wayanad Churam Traffic Block
Wayanad Churam Traffic Block
Edited by :Damodaran K
Last Updated :28 സെപ്റ്റംബർ 2026, 11:25 am IST

കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ റോഡിലെ വൻകുഴിയിൽ വീണ് ചരക്കുലോറിയുടെ ടയർ പൊട്ടിയതിനെത്തുടർന്ന് വീണ്ടും മണിക്കൂറുകളോളം നീണ്ട രൂക്ഷമായ ഗതാഗതക്കുരുക്ക്. തിങ്കളാഴ്ച രാവിലെ ചുരത്തിലെ ഹെയർപിൻ വളവുകളിലൊന്നിലെ വലിയ കുഴിയിൽ അകപ്പെട്ടാണ് ലോറിയുടെ ടയർ പൊട്ടി വാഹനം റോഡിന് കുറുകെ നിന്നത്. ഇതോടെ ചുരത്തിലൂടെ ഇരുവശങ്ങളിലേക്കുമുള്ള വാഹനഗതാഗതം സ്തംഭിക്കുകയും മലമുകളിലും താഴെ അടിവാരത്തുമായി കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുകയും ചെയ്തു.

രാവിലെ കോഴിക്കോട്ടെ വിവിധ ആശുപത്രികളിലേക്ക് ചികിത്സയ്ക്കായി പുറപ്പെട്ട രോഗികളും വിവിധ ഓഫീസുകളിലേക്കും പരീക്ഷാ കേന്ദ്രങ്ങളിലേക്കും പോയ ഉദ്യോഗസ്ഥരും വിദ്യാർഥികളും ഉൾപ്പെടെയുള്ള നൂറുകണക്കിന് ആളുകളാണ് മണിക്കൂറുകളോളം പെരുവഴിയിൽ കുടുങ്ങിയത്. ചുരത്തിലെ കുടുങ്ങൽ പതിവുസംഭവമായി മാറുമ്പോഴും റോഡിലെ അപകടകരമായ കുഴികൾ നികത്താനോ ശാശ്വതമായി ഗതാഗതം നിയന്ത്രിക്കാനോ അധികൃതർ തയ്യാറാകുന്നില്ലെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. സർക്കാരുകൾ മാറിമാറി വരികയും വയനാടിന്റെ വികസനത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും ചെയ്യുമ്പോഴും ചുരത്തിലെ ഇത്തരം വലിയ കുഴികളെങ്കിലും മൂടാൻ സംവിധാനമില്ലാത്തത് അനാസ്ഥയാണെന്നാണ് ഉയരുന്ന വിമർശനം.

വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനുകളിലേക്കും കൃത്യസമയത്ത് എത്തേണ്ട ദീർഘദൂര യാത്രക്കാരാണ് ചുരത്തിലെ ഈ അപ്രതീക്ഷിത ഗതാഗതക്കുരുക്കിൽപ്പെട്ട് ഏറ്റവും കൂടുതൽ വലയുന്നത്. ചുരത്തിലെ പ്രതിസന്ധിക്ക് അടുത്തകാലത്തൊന്നും ശാശ്വത പരിഹാരമുണ്ടാകില്ലെന്നിരിക്കെ, അടിയന്തര കാര്യങ്ങൾക്ക് യാത്ര തിരിക്കുന്നവർ ഇരുചക്രവാഹനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് നിലവിലുള്ളത്. വയനാട്ടിൽനിന്ന് ഗൾഫിലേക്കും മറ്റും പോകാൻ യാത്രതിരിക്കുന്ന പ്രവാസികൾ പോലും ചുരം കയറിക്കിട്ടാതെ വിമാനം നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളതെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. ചുരത്തിലെ വലിയ കുഴികൾ അടിയന്തരമായി അടയ്ക്കാനും വാഹനങ്ങൾ കേടായാൽ ഉടനടി മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനും സ്ഥിരം സംവിധാനം ഏർപ്പെടുത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.

News Now

Summary

Commuters and patients travelling between Wayanad and Kozhikode endured severe hardship on Monday morning following another massive traffic paralysis along the Thamarassery ghat road (Wayanad Churam)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates