'കാട് കാട് മാത്രമല്ലല്ലോ'- ഹരീഷ് ശക്തിധരന്‍ എഴുതിയ കവിത

കാടുകാണാന്‍പോയ കുട്ടികള്‍മടങ്ങിവന്ന ദിവസംകാടിനെക്കുറിച്ചെഴുതാന്‍മാഷ് പറഞ്ഞു

Last Updated :20 January 2024, 9:07 am IST
Edited by :migrator

കാടുകാണാന്‍പോയ കുട്ടികള്‍
മടങ്ങിവന്ന ദിവസം
കാടിനെക്കുറിച്ചെഴുതാന്‍
മാഷ് പറഞ്ഞു.

ചിലര്‍ കാടിനെ വരച്ചു.
കാട് കഥയും
കവിതയുമായി.
അനുഭവം പറച്ചിലായി.
ഒരു കാടില്‍ നിന്നങ്ങനെ
പല കാടുണ്ടായി.

എല്ലായ്‌പോഴുമെന്നപോലെ
സീനത്ത് മാത്രം
അലസം കുത്തിക്കുറിച്ചിരിക്കുന്നതു കണ്ട്
മാഷ് ചെന്നുനോക്കി.

കല്ലും മുള്ളും നിറഞ്ഞ
വഴി വരച്ച്
'മാനിനെ പിടിക്കാന്‍ കടുവയ്ക്ക്
വഴികാണിക്കൂ' എന്ന് സീനത്ത്
എഴുതിയിരിക്കുന്നതുകണ്ട്
മാഷ് ചിരിച്ചു.

'നീ ആരുടെ പക്ഷത്താ
കടുവയുടെയോ
മാനിന്റേയോ'
മാഷ് ചോദിച്ചതും
ക്ലാസ്സ് കൂട്ടച്ചിരിയായി.

'വിശപ്പിന്റെ'

എല്ലായ്‌പോഴുമെന്നപോലെ
വിളറിയ ശബ്ദത്തില്‍
സീനത്ത് പറഞ്ഞു.

2

'തോറ്റുപോകുന്ന പ്രാര്‍ത്ഥനകള്‍'

വാടകവീടിന്റെ
താക്കോലുവാങ്ങി
അകത്തുകയറിയതും
'വാ മാഷേ എന്റെ ഉള്ളിലൊന്നുമില്ലെ'ന്ന്
വീട്
സ്‌നേഹത്തോടെ വിളിച്ചു.

എന്നിട്ടും
അടുക്കള സ്ലാബിന്റെ
അടിയില്‍നിന്നൊരു
ബാലരമ തലനീട്ടി

അലസമായി
പേജുമറിക്കവേ
മായാവിയുടെ ചിത്രത്തില്‍
മഷിപ്പേനകൊണ്ടൊരു പ്രാര്‍ത്ഥന.

'ഓം ഹ്രീം' കുട്ടിച്ചാത്താ
നീനയാന്റീടെ വീട്ടില്‍
ടി.വി കാണാന്‍ പോകുമ്പോള്‍
ആന്റിയവിടില്ലെങ്കില്‍
നീ വന്നു കാവല്‍നില്‍ക്കണേ'

നടുങ്ങി നോക്കുമ്പോള്‍
വാടകക്കരാറുമായി
വീട്ടുടമസ്ഥന്‍.

'ശരിക്കും ചാത്തന്മാരുണ്ടാവില്ലേ'
വേവലാതിയോടെ ചോദിച്ചു.
അയാള് ചിരിച്ചതേയുള്ളൂ.

പെട്ടെന്നാണത് ശ്രദ്ധിച്ചത്
അയാളുടെ കയ്യിലിരുന്ന
വെള്ളക്കുപ്പിയില്‍
മായാവി പിടയ്ക്കുന്നു.

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now